സാഹസിക സഞ്ചാരികള്‍ക്കായി വയനാട്ടില്‍ പുതിയ പറുദീസ; പ്രിയദര്‍ശിനി ഹൈക്ക്‌സ്

കോടമഞ്ഞ് മലനിരകളില്‍ നിന്നും താഴ്‌വാരങ്ങളെ മൂടി പടരുകയാണ്. വയല്‍ വരമ്പുകളിലെ പുല്‍ക്കൊടിയുടെ നെറുകയിലും മഞ്ഞുകണങ്ങള്‍ ചൂടിയ പുലര്‍കാലം. പിന്നെയുമൊരു ശരത്കാലത്തിന്റെ തണുപ്പില്‍ വയനാട് കുളിര് കോരിയിടുമ്പോള്‍ സഞ്ചാരികളും ചുരം കയറുകയാണ്. അനുദിനം വളരുന്ന വയനാടന്‍ വിനോദ സഞ്ചാരഭൂപടത്തിലേക്ക് ഒരു കേന്ദ്രം കൂടി തുറന്നിടുകയാണ്. പ്രിയദര്‍ശിനി ഹൈക്ക്‌സ്. വശ്യമനോഹരമായ തേയിലക്കുന്നുകള്‍ക്കിടയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ വിനോദ സഞ്ചാര സര്‍ക്യൂട്ടിനാണ് വയനാട്ടില്‍ തുടക്കമിടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറിലധികം അടി ഉയരത്തിലുള്ള ചായത്തോട്ടം. തൊട്ടരികിലായി കുഞ്ഞോം മലനിരകള്‍. മാനംമുട്ടെ വളര്‍ന്ന തൊണ്ടാര്‍മുടിയുടെ കാഴ്ചകള്‍ക്കിടയിലാണ് പ്രീയദര്‍ശിനി ഹൈക്ക്‌സ്. വയനാട്ടില്‍ പുതിയതായി രൂപപ്പെടുകയാണ് എന്‍ ഊരു പോലുള്ള മറ്റൊരു വിനോദ കേന്ദ്രം.
കുറ്റ്യാടി ചുരം കയറിയെത്തുമ്പോള്‍ തൊണ്ടര്‍നാട്ടിലെ നിരവില്‍പ്പുഴയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പ്രിയദര്‍ശിനി ഹൈക്ക്‌സിലെത്താം. നൂറ്റിയമ്പതോളം ഏക്കര്‍ വിസ്തൃതിയിലുള്ള ചായത്തോട്ടമാണിത്. സദാ കോടമഞ്ഞ് പുതയുന്ന മലനിരകള്‍ക്കുള്ളില്‍ കുന്നുകളെ ചുറ്റികയറി പോകുന്ന വീതി കുറഞ്ഞ പാമ്പന്‍ പാതകള്‍. വളഞ്ഞു പുളഞ്ഞും ചായത്തോട്ടങ്ങളെ വലം വെച്ച് മുകളിലെത്തുമ്പോഴാണ് മറ്റൊരു ലോകം മിഴിതുറക്കുക. പച്ചപ്പട്ടുടുത്ത കുന്നിന്‍ നെറുകയിലായാണ് തേയില പച്ചപ്പുകള്‍ക്ക് നടുവിലായി വ്യു പോയിന്റ്. ഇവിടെ നിന്നും നാലുദിക്കിലേക്കും കാഴ്ചകളുണ്ട്. തേയിലത്തോട്ടം പശ്ചാത്തലമാക്കിയുള്ള വയനാട്ടില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള രണ്ടാമത്തെ വിനോദ കേന്ദ്രമാണിത്. മനോഹരമായ ഹട്ടുകളും നടപ്പാതകളും കുട്ടികളുടെ ഉദ്യാനങ്ങളെല്ലാമായി വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതരെല്ലാം.
ടൂറിസം ഒപ്പം തേയിലയും നുള്ളാം
ചായത്തോട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും അതോടൊപ്പം തൊഴിലാളികള്‍ക്ക് കൂടി വരുമാനദായകമായി വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ കൂടി തേടുകയാണ് പ്രിയദര്‍ശിനി തേയിലത്തോട്ടം. അനുകൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ സവിശേഷതകളുമാണ് കുഞ്ഞോം പ്രിയദര്‍ശിനിയെ ആകര്‍ഷകമാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഇടനാഴികള്‍ പോലെ തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളിയും തേയിലത്തോട്ടത്തെ അടുത്തറിഞ്ഞും പ്രിയദര്‍ശനി ഹൈക്ക്‌സിലൂടെ യാത്ര ചെയ്യാം. വയനാടിന്റെ തനത് വിനോദ സഞ്ചാരി കേന്ദ്രമായി ഈ കേന്ദ്രത്തെയും വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ആദിവാസികളെ അടിമവേലയില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒരു ചായത്തോട്ടം. അങ്ങിനെ മാത്രമായിരുന്നു തൊണ്ടര്‍നാട്ടിലെ ഉള്‍ഗ്രാമത്തിലെ പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാലങ്ങളായുള്ള വിലാസം. പുറം ലോകത്ത് നിന്നും ഏറെ ശ്രദ്ധിക്കപ്പെടാതെ എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടുപോയ ഈ തേയിലക്കുന്നുകള്‍ക്കിടയില്‍ ഇപ്പോള്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിര്‍ക്കുന്നത്. തേയില ഉത്പാദനത്തില്‍ നിന്നും മാത്രം വരുമാനം കാത്തിരുന്ന ഈ സംരംഭത്തിനും ഇന്ന് പുതിയ പ്രതീക്ഷയാണ്.
വളര്‍ച്ചയുടെ പുതുനാമ്പുകള്‍
1984 ലാണ് മാനന്തവാടിക്കടുത്ത പഞ്ചാരക്കൊല്ലിയിലെ ഈ മൊട്ടക്കുന്നുകളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധപതിയുന്നത്. ജീവിതമാര്‍ഗ്ഗത്തിന് ഒരു വഴിയുമില്ലാതെ കഷ്ടപ്പാടുകളില്‍ അലയുന്ന, അടിമവേലയെടുത്ത് കഴിഞ്ഞവരുടെ പിന്‍തലമുറകള്‍ക്ക് ഒരു ജീവിത മാര്‍ഗ്ഗം തുറക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു തേയിലത്തോട്ടമായി മാറാന്‍ അധിക കാലമെടുത്തില്ല. ടീ ഫാക്ടറിയും ഇവിടെ ഉയര്‍ന്നു. പ്രിയദര്‍ശിനി എന്ന പേരില്‍ സ്വന്തം പേരിലുള്ള ചായപ്പൊടിയുമായി വിപണിയിലെത്താനും വൈകിയില്ല. ഈ കാലത്താണ് തൊണ്ടര്‍നാട്ടിലും പ്രിയദര്‍ശിനി ഡിവിഷന്‍ തുറക്കുന്നത്. എന്നാല്‍ പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും നഷ്ടക്കണക്കുകളുടെ പട്ടികയില്‍ പ്രതീക്ഷകള്‍ മുരടിച്ചു. തൊഴിലാളികള്‍ക്കും കഷ്ടപ്പാടുകളായി. ഇതില്‍ നിന്നും ഒരു മോചനത്തിനായി സബ്കളക്ടര്‍മാര്‍ തുടക്കമിട്ട പദ്ധതിയാണ് ടീ എന്‍വിറോണ്‍സ്. തോട്ടം നടത്തിപ്പിനൊപ്പം വരുമാനം സ്വരൂപിക്കാന്‍ വിനോദ സഞ്ചാരത്തെയും കൂട്ടുപിടിച്ചു. പഴയ ഗസ്റ്റ് ഹൗസുകളെ സഞ്ചാരികള്‍ക്കായി മോടിപിടിപ്പിച്ചു. തേയിലക്കുന്നുകള്‍ക്കിടയില്‍ ഹട്ടുകളും മറ്റും നിര്‍മ്മിച്ച് സഞ്ചാരികളെ ആകര്‍ഷിക്കും വിധം തോട്ടത്തെ ബാധിക്കാതെയുള്ള ടൂറിസത്തിനും അങ്ങിനെ തുടക്കമായി. ട്രീ ഹട്ട് , ട്രക്കിങ്ങ് എന്നിവയെല്ലാം ചേര്‍ത്ത് ടീ എന്‍വിറോണ്‍സ് ടൂറിസത്തിന് തുടക്കമിടുകയായിരുന്നു. താമസിയാതെ രാജ്യാന്തര മൗണ്ടൈന്‍ ബൈക്കിങ്ങ് മത്സരത്തിനുള്ള വേദിയായും പ്രിയദര്‍ശിനി മാറി. ഇതിനിടെയിലാണ് പ്രിയദര്‍ശിനിയുടെ കുഞ്ഞോം ഡിവിഷനിലും പ്രിയദര്‍ശിനി ഹൈക്ക്‌സ് എന്ന പേരില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് തുടക്കമിടുന്നത്.
വെല്‍ക്കം ടു 'ടീ ടൂര്‍'
ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പച്ചപ്പട്ടു പുതച്ച കുന്നുകളും താഴ്‌വാരങ്ങളും വരച്ചിടുന്ന കാഴ്ചകള്‍ക്കിടയില്‍ സുന്ദരമാണ് കുഞ്ഞോം. വയനാടിന്റെ തനി ഗ്രാമീണതയില്‍ അലിഞ്ഞു ചേരാന്‍ അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇഷ്ടം കൂടും. നഗരത്തിരക്കുകളില്‍ നിന്നും അവധി പറഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് സ്വസ്ഥമായൊരിടമാണിത്. ആദിവാസി വിഭാഗക്കാരായ നൂറോളം തൊഴിലാളികളാണ് പ്രിയദര്‍ശിനി കുഞ്ഞോം ഡിവഷനിലുള്ളത്. അധികവും പണിയവിഭാഗത്തിലുള്ളവരാണ്. ഇവരുടെ ഏക വരുമാനമാര്‍ഗം എസ്റ്റേറ്റിലെ തൊഴിലിനെ ആശ്രയിച്ചാണ്. നിലവില്‍ തേയിലയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വിപണനമാണ് പ്രിയദര്‍ശിനിയിലെ വരുമാനം. എന്നാല്‍ തേയിലയുടെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ തോട്ടം തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കാതിരിക്കാന്‍ മറ്റ് വരുമാനപദ്ധതികളും അനിവാര്യമാണ്. ഈ സാധ്യതകളെയാണ് പ്രിയദര്‍ശിനി ഹൈക്ക്‌സിലൂടെ ലക്ഷ്യമിടുന്നത്. വ്യുപോയിന്റില്‍ നിന്നും കാഴ്ചകള്‍ ആസ്വദിക്കാനും ട്രക്കിങ്ങ് നടത്താനും ഇവിടെ സൗകര്യമുണ്ട്.
സൈക്കിളില്‍ ചുറ്റിയടിക്കാം
പ്രീയദര്‍ശിനി ഹൈക്ക്‌സ് റണ്‍വേയിലൂടെ ടൂറിസ്റ്റുകള്‍ക്കും ചുറ്റിയടിക്കാം. നൂറേക്കര്‍, തേയിലത്തോട്ടത്തിന് നടുവിലൂടെയുളള കുത്തനെയുള്ള കയറ്റങ്ങള്‍ കയറിയും ഇറക്കം ഇറങ്ങിയുമുള്ള സൈക്കിള്‍ സവാരി ഒരേ പോലെ സാഹസികയും ആകാംക്ഷയും നിറഞ്ഞതായിരിക്കും. ട്രക്കിങ്ങ്, സൈക്ലിങ്ങ്, ഹൈക്കിങ്ങ്, സിപ്പ് ലൈന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉദ്യാനം എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഇവിടെ ഒരുങ്ങുക. ഇതോടെ ഇവിടെക്ക് സഞ്ചാരികള്‍ കൂടുതലായെത്തും. മൂന്നരകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മണ്‍പാതയും തേയിലചെടികളെ തഴുകുന്ന വാക്ക് വേയും ആകര്‍ഷകമാകും. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായാണ് പ്രീയദര്‍ശിനി ഹൈക്ക്‌സ് വികസിപ്പിക്കുക. സബ്കളക്ടര്‍ ചെയര്‍പേഴ്‌സണായിട്ടുള്ള തോട്ടത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങളും ഇതേ രീതിയില്‍ തന്നെയാണ് നടക്കുക. പട്ടിവര്‍ഗ്ഗ വികസന വകുപ്പുമായി കൈകോര്‍ത്ത് കേന്ദ്രം വികസിപ്പിക്കാനാണ് പദ്ധതി. എന്‍ ഊരു മാതൃകയില്‍ ഗോത്ര പൈതൃക ചാരുതകള്‍ ഇതള്‍ വിരിയുന്ന ഗോത്ര ഗ്രാമങ്ങളെയും ഇവിടെ പുനസൃഷ്ടിച്ചെടുക്കാന്‍ കഴിയും. സഞ്ചാരികള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് ഈടാക്കുന്നത്. തേയിലത്തോട്ടത്തിലെ മണ്‍ പാതയിലൂടെയുള്ള സൈക്കിള്‍ സവാരിക്ക് മണിക്കൂറിന് നൂറ് രൂപയും ഈടാക്കുന്നു. കുങ്കിച്ചിറ വയനാട് ജൈവ പൈതൃക മ്യൂസിയത്തിന് തൊട്ടടുത്താണ് പ്രിയദര്‍ശിനി ഹൈക്ക്‌സും വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരകള്‍ക്കും തേയില പച്ചപ്പുകള്‍ക്കിടയില്‍ ഉല്ലാസ യാത്ര നടത്താം.
തൊണ്ടര്‍നാടിനും പ്രതീക്ഷയുടെ നാമ്പുകള്‍
മലനിരകളും കാട്ടരുവികളും ചോലവനങ്ങളും ധാരാളമുള്ള തൊണ്ടര്‍നാടിനും പ്രിയദര്‍ശിനി ഹൈക്ക്‌സ് പ്രതീക്ഷയാവുകയാണ്. കുങ്കിച്ചിറ പൈതൃക മ്യൂസിയം, മീന്‍മുട്ടി വെള്ളച്ചാട്ടം തുടങ്ങിയ വിനോദ വിജ്ഞാന കേന്ദ്രങ്ങളുള്ള തൊണ്ടര്‍നാട് സഞ്ചാരികള്‍കളുടെ പ്രിയകേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. വനവുമായി ബന്ധപ്പെട്ട വിനോദ കേന്ദ്രങ്ങളുടെ വികാസങ്ങളും ഈ നാട് ലക്ഷ്യമിടുന്നുണ്ട്. പ്രകൃതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ കൂടിയാണ് തൊണ്ടര്‍നാട് പങ്കുവെക്കുന്നത്.
എത്തിച്ചേരാനുള്ള വഴികള്‍
മാനന്തവാടി 48 കി.മീ
കല്‍പ്പറ്റ 70 കി.മീ
കുറ്റ്യാടി 30 കി.മീ
പ്രവേശന സമയം രാവിലെ 7 മുതല്‍ വൈകീട്ട് 5.30 വരെ
ടിക്കറ്റ് നിരക്ക്
മുതിര്‍ന്നവര്‍ 50 രൂപ
കുട്ടികള്‍ 30 രൂപ
സൈക്കിള്‍ സവാരി 100 രൂപ (1 മണിക്കൂര്‍)
ഫോണ്‍ 9947650132
Content Highlights: priyadarshini hikes New adventure tourism site opened in Wayanad