'കട്ടിലും തൂക്കിയാണോ ഹംപിക്ക് പോയത്'; പ്രണവിന്റെ 'ക്രാഷ്' ബാഗിനെ ട്രോളി സോഷ്യല്‍ മീഡിയ

പ്രണവ് മോഹന്‍ലാലിന്റെ ഇന്ത്യാ യാത്രകള്‍ തുടരുകയാണ്. ഇത്തവണ ലോക പൈതൃക നഗരമായ ഹംപിയിലാണ് പ്രണവുള്ളത്. ഹംപിയിലെ ഒരു പാറക്കെട്ടിന് മുകളില്‍ ഒരു ബാക്ക്പാക്കും തൂക്കി നില്‍ക്കുന്ന ചിത്രം പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാഗിന്റെ വലിപ്പം കാരണം രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. വീട്ടിലെ കട്ടിലും തൂക്കിയാണ് പ്രണവ് ഹംപിക്ക് പോയതെന്നാണ് തോന്നുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്
റോക്ക് ക്ലൈമ്പിങ് ഒരു പാഷനായി കൊണ്ടുനടക്കുന്നയാളാണ് പ്രണവ്. ക്ലൈമ്പിങ് സമയത്ത് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ക്രാഷ് ബാഗാണ് ചിത്രത്തില്‍ പ്രണവിന്റെ കൂടെയുള്ളത്. റോക്ക് ക്ലൈമ്പിങ് സമയത്ത് താഴെ വീഴുമ്പോള്‍ പരിക്ക് പറ്റാതിരിക്കാനുള്ള ക്രാഷ് പാഡുകളാണ് ഈ ബാഗിലുണ്ടാവുക. ഇത് താഴെ വിരിച്ച ശേഷമാണ് ക്ലൈമ്പിങ് ആരംഭിക്കുക.
അറിയപ്പെടുന്ന യാത്രികനായ പ്രണവ് മോഹന്‍ലാല്‍ സിനിമയില്ലാത്ത സമയങ്ങളെല്ലാം യാത്രകള്‍ക്കായാണ് മാറ്റിവെക്കുന്നത്. അവസാനം പുറത്തിറങ്ങിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമ റിലീസ് ആയതിന് ശേഷം നോര്‍ത്ത്ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെയായിരുന്നു പ്രണവിന്റെ യാത്ര. കഴിഞ്ഞ ദിവസമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒ.ടി.ടിയില്‍ റിലീസായത്.
ഹംപി
മധ്യകാലഘട്ടത്തില്‍ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി അവസാനമില്ലാത്ത കാഴ്ചകളുടെ പറുദീസമായണ്. 1336ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തില്‍ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകള്‍ ഉപയോഗിച്ചാണ് കല്ലുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോര്‍ട്ടുഗീസ് സഞ്ചാരി ഗോമിങ്ങോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരന്ന മേല്‍ക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങള്‍ കോട്ടക്കുള്ളില്‍ കെട്ടിയിരുന്നു.
കൊട്ടാരസമുച്ചയത്തില്‍ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളില്‍ താങ്ങി നിര്‍ത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു. അതിന്റെ പ്രതാപകാലങ്ങളില്‍ ഹംപി വ്യാപാര സാംസ്‌കാരികപ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായിരുന്നു. ചെട്ടികള്‍, മൂറുകള്‍ എന്ന മുസ്ലീം കച്ചവടക്കാര്‍, പോര്‍ച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യന്‍ കച്ചവടപ്രതിനിധികള്‍ തുടങ്ങിയവര്‍ ഹംപിയിലെ ചന്തകളില്‍ വ്യാപാരം നടത്തിയിരുന്നു. സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങള്‍. ദേവദാസികള്‍ വീരൂപക്ഷ ക്ഷേത്രത്തിലെ മണ്ഡപങ്ങളില്‍ രാജാക്കന്മാര്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ നൃത്തങ്ങള്‍ നടത്തി.
ഹംപിയില്‍ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉല്‍സവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരില്‍ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമത്സരങ്ങളും വീക്ഷിച്ചിരുന്നത്. 1565-ല്‍ ഗോള്‍കൊണ്ട, ബീജാപൂര്‍, അഹ്‌മദനഗര്‍, ബെരാര്‍, ബിദാര്‍ എന്നിവരുടെ ഭരണകര്‍ത്താക്കളായിരുന്ന ഡെക്കാന്‍ സുല്‍ത്താന്‍മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു.
കാണാനുള്ള സ്ഥലങ്ങള്‍:
വിരൂപാക്ഷ ക്ഷേത്രം, മന്മഥ തീര്‍ത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണ ക്ഷേത്രം, ഉഗ്രനരസിംഹമൂര്‍ത്തി, ബാദവ ലിംഗം,ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗര്‍ഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, പാന്‍ സുപാരി ബസാര്‍, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹല്‍, ആനപന്തി,വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയിരുന്ന ത്രാസ്.
Content Highlights: pranav mohanlal hampi travel cash bag rock climbing