ഒരു വര്‍ഷം മിസോറമിലെത്തിയത് രണ്ടുലക്ഷത്തോളം സഞ്ചാരികള്‍; പര്‍വതങ്ങളുടെ നാട്ടില്‍ പോവാം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. മലകളും വനങ്ങളും മുളങ്കൂട്ടങ്ങളും വന്യജീവിതവും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും നാടന്‍ കലാരൂപങ്ങളും ഗ്രാമാന്തരീക്ഷവുമെല്ലാം സഞ്ചാരികളെ മിസോറമിലേക്ക് ആകര്‍ഷിക്കുന്നു. 2023 ല്‍ മാത്രം 1,96,000ത്തോളം സഞ്ചാരികളാണ മിസോറാമിലെത്തിയത്. ഇതില്‍ 1,93,445 പേര്‍ ആഭ്യന്തര സഞ്ചാരികളും 3,435 പേര്‍ വിദേശികളുമാണ്.
വിദേശികളില്‍ അമേരിക്കന്‍ സ്വദേശികളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി എത്തിയത്. ഇവര്‍ക്ക് പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇസ്രയേല്‍, കാനഡ, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരും മിസോറാമിലെത്തി. 2022 ല്‍ 2.22 ലക്ഷം സഞ്ചാരികള്‍ മിസോറാമിലെത്തിയിരുന്നു.
പര്‍വതങ്ങളുടെ നാട്, നഗരവത്കരണമില്ല
പര്‍വതങ്ങളുടെ സംസ്ഥാനമാണ് മിസോറം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മിസോറമിന്റെ തലസ്ഥാനം ഐസോളാണ്. മിസോ എന്ന ഗോത്രവര്‍ഗക്കാരുടെ നാടാണിത്. ബംഗ്ലാദേശുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന മിസോറമിലേക്ക് ഇപ്പോഴും നഗരവത്കരണം കാര്യമായി എത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേക്കുള്ള വണ്ടിയില്‍ ധൈര്യമായി കയറാം. ഒന്‍പതുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മിസോറമിലേക്ക് ഏതു കാലാവസ്ഥയിലും യാത്ര നടത്താം.
അഡ്വഞ്ചര്‍ ടൂറിസത്തില്‍ താത്പര്യമുള്ളവര്‍ക്കും പറ്റിയ ഇടമാണിത്. ട്രെക്കിങ്ങിന് അനുയോജ്യമായ ഒട്ടേറെ സ്ഥലങ്ങളും മിസോറമിലുണ്ട്. ക്രിസ്തുമതത്തില്‍പ്പെട്ടവരാണ് കൂടുതലായും ഇവിടെ വസിക്കുന്നത്. സാക്ഷരതയിലും മിസോറാം മുന്നിലാണ്. ആകെ എട്ടു ജില്ലകളാണ് മിസോറമിലുള്ളത്. മിസോ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് പ്രധാന ഭാഷകള്‍. ചെറാവു (മുള നൃത്തം), ഖുവാല്‍ ലാം (അതിഥികള്‍ക്കായുള്ള പ്രത്യേക നൃത്തം), ചെയ് ലാം (ആനന്ദ നൃത്തം) എന്നിവയാണ് മിസോറമിലെ പ്രധാന നൃത്തങ്ങള്‍.
കൃഷിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഇഞ്ചി, അരി, ചോളം, കടുക്, കരിമ്പ്, എള്ള്, ഉരുളക്കിഴങ്ങ്, മുന്തിരി തുടങ്ങിയ കൃഷികളാണ് കൂടുതലായി കാണാനാകുക. മിസോറമില്‍ എല്ലാ വര്‍ഷവും നടക്കുന്ന വിന്റര്‍ ഫെസ്റ്റിവല്‍ ലോകപ്രശസ്തമാണ്.
ചൈനീസ് രുചികളുടെ ആധിപത്യം കാണുന്ന ഇടമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണം. ഉത്തരേന്ത്യനും ചൈനീസ് രുചിയും ചേര്‍ന്നതാണ് മിസോറമിലെ ഭക്ഷണം. വാഴയിലയിലാണ് മിക്കവാറും ഭക്ഷണം വിളമ്പുക. മുളയും ഭക്ഷണമുണ്ടാക്കാനായി ഉപയോഗിക്കും.
കാണേണ്ട കാഴ്ചകള്‍
1. ഡാംപ ടൈഗര്‍ റിസര്‍വ്
മിസോറമിലെ ഏറ്റവും വലിയ വന്യജീവിസങ്കേതമാണ് ഡാംപ ടൈഗര്‍ റിസര്‍വ്. നിരവധി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണിത്. ബംഗാള്‍ കടുവകളെക്കൂടാതെ ലെപ്പേര്‍ഡ്, ബാര്‍ക്കിങ് ഡീര്‍ തുടങ്ങിയ മൃഗങ്ങളും ഇവിടെ വസിക്കുന്നു. 500 ചതുരശ്രകിലോ മീറ്ററില്‍ നീണ്ടുകിടക്കുന്ന ഡാംപ 1994-ലാണ് ടൈഗര്‍ റിസര്‍വ് ആക്കുന്നത്. ഇന്ത്യയിലേറ്റവുമധികം ലെപ്പേര്‍ഡുകള്‍ കാണപ്പെടുന്ന വനങ്ങളിലൊന്നാണിത്. ഐസോളില്‍ നിന്ന് 127 കിലോമീറ്ററാണ് ഡാംപയിലേക്കുള്ള ദൂരം.
2. ഐസോള്‍
മിസോറമിന്റെ തലസ്ഥാന നഗരിയായ ഐസോളില്‍ കാണാനേറെയുണ്ട്. കുന്നുകളില്‍ തട്ടുതട്ടായി പണിതുയര്‍ത്തിയ കെട്ടിടങ്ങളുടെ ആകാശക്കാഴ്ച ഐസോളിന്റെ പ്രധാന സവിശേഷതയാണ്. ഡര്‍ട്ട്ലങ് ഹില്‍സ്, ബാരാ ബസാര്‍, മിസോറം സ്റ്റേറ്റ് മ്യൂസിയം, സോളമന്‍ ക്ഷേത്രം എന്നിവയെല്ലാമാണ് ഐസോളിലെ കാഴ്ചകള്‍.
3. ലുങ്ക്ലെയ്
മിസോറമിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ലുങ്ക്ലെയ്. പ്രകൃതിസ്നേഹികള്‍ക്ക് അനുയോജ്യമായ ഇടമാണിത്. ലുങ്ക്ലെയിലെ പ്രധാന കാഴ്ച അവിടത്തെ സ്റ്റോണ്‍ ബ്രിഡ്ജാണ്. ആ ബ്രിഡ്ജില്‍ നിന്നാണ് ഈ നഗരത്തിന് ഈ പേര് കൈവന്നത്. ഖൗംഗ്ലണ്ട് വന്യജീവിസങ്കേതം, സായ്ക്കുടി ഹാള്‍ എന്നിവയാണ് ലുങ്ക്ലെയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍.
4. തെന്‍സ്വാള്‍
മിസോറമിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പട്ടണമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വന്‍തവാങ് ഇ വിടെയാണ് സ്ഥിതിചെയ്യുന്നത്. എങ്ങും പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന നഗരമാണിത്.
5. ഷാംഫായ്
നിരപ്പായ പ്രദേശമാണ് ഷാംഫായ്. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. റിഹ് ദില്‍ തടാകവും ഇവിടെ സ്ഥിതിചെയ്യുന്നു.
6. പാലക് ദില്‍
ഐസോളില്‍നിന്ന് 400 കി ലോമീറ്റര്‍ അകലെ ഫുറ ഗ്രാമ ത്തില്‍ സ്ഥിതിചെയ്യുന്ന കാടാണ് പാലക് ദില്‍. വിവിധയിനം സസ്യ ജന്തുജാലങ്ങളുടെ ഈറ്റില്ലമാണ് ഇവിടം. വളരെ അപൂര്‍വമായ പിന്‍ടെയ്ല്‍ താറാവുകളെ ഇവിടെ കാണാനാകും.
7. മ്യൂയിഫാങ് ത്ലാങ്
1524 മീറ്റര്‍ ഉയരത്തിലുള്ള മലനിരയാണിത്. മൗണ്ടന്‍ ബൈക്കിങ്ങിന് പറ്റിയ ഇടമാണിവിടം. അഡ്വഞ്ചര്‍ ടൂറിസം താത്പര്യമുള്ളവര്‍ക്ക് ഈ മലനിരകളിലേക്ക് ട്രെക്കിങ് നടത്താം.
8. ഫോങ്പുയ്
മ്യാന്‍മാറിനോട് ചേര്‍ന്നുകിടക്കുന്ന മലനിരയാണ് ഫോങ്പുയ്. ദൈവങ്ങളുടെ വീട് എന്നാണ് ഈ മലനിരകള്‍ അറിയപ്പെടുന്നത്. അപൂര്‍വയിനം സസ്യങ്ങളുടെ കലവറകൂടിയാണിവിടം. മിസോറമിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഫോങ്പുയ്.
9. മിസോ ഹ്ലാകുങ്പുയ് മ്യൂവല്‍
ഇതൊരു സ്മാരകമാണ്. മരിച്ചുപോയ മിസോ കവികളുടെ ഓര്‍മയ്ക്കായി 1986-ല്‍ സ്ഥാപിച്ചതാണ് മിസോ ഹ്ലാകുങ്പുയ് മ്യൂവല്‍. ഇംഗ്ലണ്ടിലെ വെസ്റ്റിന്‍സ്റ്റര്‍ ആബെയിലെ പോയറ്റ് കോര്‍ണറില്‍നിന്ന് ആശയമുള്‍ക്കൊണ്ടാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Over 1.96 lakh tourists visited Mizoram in 2023