ഒറ്റക്ലിക്കില്‍ വിസ, രണ്ടര മണിക്കൂര്‍ യാത്ര; മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ രാജ്യം ഇതാണ്

Photo: Canva
Photo: Canva

കൊച്ചിയില്‍ നിന്നും വെറും രണ്ടര മണിക്കൂര്‍ പറന്നാല്‍ എത്തുന്ന അതിമനോഹരമായ രാജ്യമാണ് ഒമാന്‍. മലയാളിക്ക് പരിചിതമാണെങ്കിലും ഏതൊരു സഞ്ചാരിയെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ ഒമാനില്‍ കാത്തിരിപ്പുണ്ടെന്നുള്ള കാര്യം പലര്‍ക്കുമറിയില്ല. അതിമനോഹരമായ ബീച്ചുകള്‍, മലനിരകള്‍, മണല്‍തീരങ്ങള്‍, മരുപ്പച്ചകള്‍ തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത്. സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഈ അറബ് രാജ്യത്തുണ്ട്. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഒമാനിലേക്കു നേരിട്ട് ഫ്‌ലൈറ്റുകള്‍ ലഭിക്കും. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇ-വിസയില്‍ പ്രവേശിക്കാവുന്ന രാജ്യമാണ് ഒമാന്‍. ഇപ്പോഴാകട്ടെ ഇ.വിസ പ്രോസസ് ഒമാന്‍ ഏറെ ലളിതമാക്കിയിട്ടുണ്ട്. വിസ അപേക്ഷകള്‍ പൂര്‍ണമാണെങ്കില്‍ അപേക്ഷിച്ച ഉടന്‍തന്നെ വിസ ലഭിക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റോയല്‍ ഒമാന്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ പത്ത് ദിവസത്തേക്കാണ് ഇ-വിസ ലഭിക്കുക. 

വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍

രാജ്യത്തിന്റെ വലിയൊരു വിഭാഗവും മരുഭൂമിയാണെങ്കിലും പച്ചപ്പ് നിറഞ്ഞ മലനിരകളും മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ മനോഹരമാക്കുന്നു. മണല്‍തീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികളില്‍ സൃഷ്ടിക്കുക. ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ള സാഹസികതകള്‍ക്ക് മികച്ച ഇടമാണ്. അപൂര്‍വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും  നിറഞ്ഞ ഒമാന്‍തീരത്തെ സ്‌കൂബക്കാഴ്ചകള്‍ മായികമാണ്.

മരുഭൂമി ക്യാമ്പിങ്ങുകള്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളിലെ വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകള്‍ കാണാനാണ്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ കീഴിലിരുന്ന ഭക്ഷണം കഴിക്കാനും അറബ് നൃത്തങ്ങളാസ്വദിക്കാനും നിരവധി സഞ്ചാരികളാണെത്തുന്നത്. സാന്‍ഡ് ബോര്‍ഡിങ്, ഡ്യൂണ്‍ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമല്‍ സഫാരി തുടങ്ങി മരുഭൂമികള്‍ ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ഒമാന്‍. അല്‍ ആലം പാലസ്, ജബ്റീന്‍ കോട്ട തുടങ്ങിയവ നിര്‍ബന്ധമായും കണ്ടിരിക്കണം. 

ഒമാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് കപ്പല്‍യാത്രകള്‍. മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒമാന്‍ കടലിലൂടെ കപ്പലില്‍ കറങ്ങാം. ട്രക്കിങ്, ഹക്കൈിങ്, മൗണ്ടന്‍ ബൈക്കിങ് തുടങ്ങി സാഹസിക സാധ്യകള്‍ക്ക് അവസാനമില്ല.

സലാല- അറബ് മണ്ണിലെ കൊച്ചുകേരളം

ഒമാനിലെ രണ്ടാമത്തെ വലിയ നഗരമാണ് പരമ്പരാഗതസംസ്‌കാരമുള്ള സലാല എന്ന പച്ചപ്പാര്‍ന്ന പ്രദേശം. സൗദി അറേബ്യ, യു.എ.ഇ., യെമെന്‍ എന്നീ രാജ്യങ്ങളെ തൊട്ടുനില്‍ക്കുന്ന അറബിക്കടലിന്റെ സ്പര്‍ശമേറ്റ പ്രദേശം. സിന്ധ്, സാന്‍സിബാര്‍, ബലൂചിസ്താന്‍, ഇറാന്‍, യെമെന്‍ എന്നിവയുമായി തൊട്ടുനില്‍ക്കുന്ന ഇന്ത്യന്‍മഹാസമുദ്രം സംഗമിക്കുന്ന ഒമാന്റെ പ്രധാനയിടം. ഭൂതകാലത്തിന്റെ മഹാപൈതൃകം രേഖപ്പെടുത്തിയ നാട്. 

മസ്‌കറ്റില്‍നിന്ന് 1000 കിലോമീറ്റര്‍ ദൂരെയാണ് സലാല എന്ന കൊച്ചുകേരളം. യു.എ.ഇ.യില്‍നിന്നാണെങ്കില്‍ 1500 കിലോമീറ്റര്‍ ദൂരം. വിമാനത്തില്‍ ഒന്നരമണിക്കൂര്‍ സമയമാണെങ്കില്‍ റോഡ് മാര്‍ഗം 12 മുതല്‍ 18 മണിക്കൂര്‍വരെ വേണ്ടിവരും. പ്രകൃതിസൗന്ദര്യം കനിഞ്ഞ സലാല ഒരു കൊച്ചു സ്വിറ്റ്‌സര്‍ലന്‍ഡ് എന്നും പറയാറുണ്ട്. മഞ്ഞും മഴയും ഇളവെയിലും കുന്നും പുഴയും കാടും മരങ്ങളുമെല്ലാം ഇവിടെയുണ്ട്. മാവും പ്ലാവും തെങ്ങും കവുങ്ങും പച്ചക്കറികളുമെല്ലാം സുലഭം. ഈന്തപ്പനപോലെ തെങ്ങുകളുമുണ്ട്.

കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമ്പോള്‍ത്തന്നെ സലാലയില്‍ തുള്ളിമുറിയാതെ മഴപെയ്യും. കേരളത്തിലെ ഹരിതാഭമായ അന്തരീക്ഷമുള്ള സലാലയില്‍ നാട്ടില്‍ കാണുന്ന വന്‍മരങ്ങളും സമൃദ്ധമായുണ്ട്. മലയാളിയുടെ ശരാശരി ഗൃഹാതുരതയും പൊടിതട്ടി പുറത്തെടുക്കാവുന്ന ഭൂമികയാണിവിടം. സഞ്ചാരികള്‍മാത്രമല്ല ഉപജീവനം നടത്തുന്ന മലയാളികളുമേറെയാണ് സലാലയില്‍. കൃഷിയാണ് സലാലയിലെ പ്രധാന ഉപജീവനമാര്‍ഗം. മലമുകളില്‍നിന്നുള്ള ഉറവജാലമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. തദ്ദേശീയരായ ഒമാനികളും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ജോലിക്കാരും ഇവിടെയുണ്ട്. അറബികളാണെങ്കിലും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നവരും ഒട്ടേറെ.

സലാലയില്‍ കേരളത്തിലേതുപോലെ ഒട്ടേറെ ഊടുവഴികളുമുണ്ട്. അവയ്ക്ക് ഇരുപുറവും സമൃദ്ധമായ വാഴക്കൂട്ടം. 'കദളിയും പൂവനും നേന്ത്രനും' കുലച്ചുനില്‍ക്കുന്നു. കരിമ്പിന്‍കൂട്ടങ്ങളും ചേമ്പും വെറ്റിലയുമെല്ലാം സലാലയിലുണ്ട്. ഇസ്ലാം മതത്തിന്റെയും സംസ്‌കാരത്തിന്റെയും ചെപ്പേടുകള്‍ സൂക്ഷിക്കുന്ന അല്‍ ബലിദ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സലാലയിലെ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണ്. ഒരു നാടിന്റെ ജൈവസൗന്ദര്യം ഒട്ടും കൃത്രിമത്വമില്ലാതെ സലാലയില്‍ കാണാം. തലയെടുപ്പുള്ള കുന്നുകള്‍, ജലാശയങ്ങള്‍, മണല്‍ത്തിട്ടകള്‍, മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്‍, കാടും ആകാശവിസ്താരവും എല്ലാം ചേര്‍ന്ന മഹാശ്ചര്യമാണ് സലാല. 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബൈത്ത് സബിഖ് പര്‍വതപ്രദേശം. അവിടെയാണ് അയൂബ് നബിയുടെ ഖബറിടം. അവിടത്തെ സ്ഥായിയായ കുളിര്‍മ, ഇളംകാറ്റ്. സഞ്ചാരികളുടെ പ്രിയപ്പെട്ട തീര്‍ഥാടനകേന്ദ്രം. ബൈത്ത് സബിഖ് പര്‍വതങ്ങളുടെ താഴ്വരയിലെ ജലാശയം നബി തിരുമേനി ഉപയോഗിച്ച കുളമാണെന്നും വിശ്വാസികള്‍ കരുതുന്നു.

Content Highlights: oman travel guide muscat salalah tourism