മഴ, കെ.എസ്.ആര്‍.ടി.സി, മാമലക്കണ്ടം; കാടിന് നടുവിലൂടെ ഒരു വൈബ് യാത്ര പോകാം

മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിന്‍പുറങ്ങളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഗ്രാമമാണ് മാമലക്കണ്ടം. കുട്ടമ്പുഴയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള കിടിലനൊരു ടൂറിസ്റ്റ് സ്‌പോട്ടാണിത്. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലക്കണ്ടം ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമാണ്.
എറണാകുളത്ത് നിന്നും ഏകദേശം 80 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. മോഹന്‍ലാല്‍ നായകനായ 'പുലിമുരുകന്‍' സിനിമയിലെ നിരവധി ഭാഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. കോതമംഗലത്തുനിന്നും തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി വഴി മാമലക്കണ്ടത്തെത്താം. കൊടുംകാടിന് നടുവിലുള്ള ഗ്രാമമായതിനാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. മുനിയറ, കോയിനിപ്പറ ഹില്‍സ്, കല്ലടി വെള്ളച്ചാട്ടം, ഞണ്ടുകുളം ഹില്‍സ്, ആവാറുകുട്ടി എന്നിവയും ഇതിനടുത്ത് സന്ദര്‍ശിക്കാം.
സ്വന്തമായി വെള്ളച്ചാട്ടമുള്ള, നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഒരു സ്‌കൂള്‍
സര്‍ക്കാര്‍ സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സെലിബ്രറ്റിയായാലോ. അതാണ് മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂള്‍. പ്രകൃതി ഭംഗികൊണ്ട് പ്രസിദ്ധമാണ് ഈ സ്‌കൂള്‍ അന്തരീക്ഷം. സ്‌കൂളിന് നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. എല്ലായിടത്തും പച്ചപ്പുള്ള വിദൂരക്കാഴ്ചകള്‍. എത്രസമയം നോക്കിനിന്നാലും മടുക്കാത്ത പ്രകൃതിഭംഗി. ഒരു മണിക്കൂറെങ്കിലും മഴ പെയ്താല്‍ പാറയില്‍നിന്നും ചുറ്റിനും വലിയ നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നത് ആരേയും ആസ്വദിപ്പിക്കുന്ന കാഴ്ചയാണ്.
സിനിമകളിലെ നിറസാന്നിധ്യം
സിനിമാ- സീരിയല്‍ ഷൂട്ടിങ്ങുകള്‍ കൊണ്ട് എപ്പോഴും തിരക്കോട് തിരക്കാണ് സ്‌കൂളില്‍. ഇരുപതോളം സീരിയലുകളിലും നിരവധി തമിഴ്, തെലുങ്ക് സിനിമകളിലും ഈ സ്‌കൂള്‍ പശ്ചാത്തലമായിട്ടുണ്ട്. പുലിമുരുകന്‍ സിനിമയുടെ ഒരു രംഗം ഇവിടെ ചിത്രീകരിക്കുവാനുള്ള എല്ലാ പ്രവര്‍ത്തനവും നടത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവസാനനിമിഷം അത് മാറ്റി. സ്‌കൂളിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എപ്പോഴും സഞ്ചാരികളുടെ തിരക്കാണ്. അവധി ദിവസങ്ങളിലാണ് സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്.
സെല്‍ഫി എടുക്കലും സ്‌കൂളിന്റെ വിശേഷങ്ങള്‍ ചോദിക്കലുമായി ഗേറ്റിന് മുന്‍പില്‍ എപ്പോഴും തിരക്കാണ്. സന്ദര്‍ശകളുടെ തിരക്കായതോടെ റോഡരികില്‍ സന്ദര്‍ശകര്‍ക്കായി ശീതളപാനീയങ്ങളും ലഘുഭക്ഷണസാധനങ്ങളും വില്‍ക്കുന്നവരുടെ തിരക്കും കൂടി വന്നതോടെ ഈ സരസ്വതീനിലയം ശരിക്കൊരു ഹീറോ ആയി മാറിയിരിക്കുകയാണ്.
ബജറ്റ് യാത്രയുമായി കെ.എസ്.ആര്‍.ടി.സി.
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ജനപ്രിയ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാമലക്കണ്ടം. സുരക്ഷിതമായും ചെലവ് കുറഞ്ഞും മാമലക്കണ്ടത്ത് പോകാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് കെ.എസ്.ആര്‍.ടി.സി. പാക്കേജ്. എറണാകുളം, ആലപ്പുഴ, കോട്ടയം ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ നിന്ന് മാമലക്കണ്ടം പാക്കേജുകള്‍ ലഭ്യമാണ്.
Content Highlights: mamalakandam travel ernakulam ksrtc budget tourism