മഹാപ്രളയത്തില്‍ കുന്നുകള്‍ക്കിടയില്‍ രൂപപ്പെട്ട ജലാശയം; ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ആമ്പല്‍തടാകം

ആകാശം മുഖം നോക്കുന്ന ആമ്പല്‍ പൊയ്കയില്‍ സഞ്ചാരികള്‍ക്ക് ഇത് ഉത്സവകാലമാണ്. ഏറെ നാളുകള്‍ക്ക് ശേഷം മുഖംമിനുക്കിയ കര്‍ളാട് തടാകം സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ തീരങ്ങള്‍ ചേര്‍ന്നുള്ള മണ്ഡപങ്ങളും തടാകത്തിന് മീതെയുള്ള നടപ്പാതകളും വയനാടിന്റെ വിനോദ സഞ്ചാരത്തില്‍ പുതിയ അനുഭവങ്ങളാണ്. ഉല്ലാസ ബോട്ടുയാത്രയും സിപ്പ് ലൈനും കയാക്കിങ്ങുമെല്ലാം ഒരുപോലെ അണിനിരത്തിയ കര്‍ളാട് തടാകം കാണാന്‍ ആഭ്യന്തര സഞ്ചാരികളുടെയും തിരക്കാണ്. മഴയായാലും വേനലായാലും ഏതു കാലാവസ്ഥയിലും സഞ്ചാരികളെ സ്വീകരിക്കന്‍ കഴിയുന്ന ജില്ലയിലെ അപൂര്‍വ്വം വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. വീണ്ടും വയനാട്ടില്‍ വിനോദ സഞ്ചാര സീസണിന് തുടക്കമാകുമ്പോള്‍ കര്‍ളാട് തടാകവും പുതിയ പ്രതീക്ഷകളുമായി വാതില്‍ തുറന്നിടുകയാണ്.
മഹാപ്രളയത്തിന്റെ തടാകം
ഒരു മഹാപ്രളയം നാടിനെ കടന്നുപോയപ്പോള്‍ കാലം ശേഷിപ്പിച്ച ഓര്‍മ്മക്കുറിപ്പാണ് ഈ തടാകം. 1924 ലെ പ്രളയകാലത്ത് കുന്നുകള്‍ക്കിടയില്‍ രൂപപ്പെട്ട ജലാശയമാണ് ഇന്ന് കാണുന്ന കര്‍ളാട് തടാകമായി മാറിയത്. നാലു കുന്നുകള്‍ക്കിടയില്‍ പത്തേക്കര്‍ വിസ്തൃതിയില്‍ ഹൃദയാകൃതിയിലാണ് ഈ കളിപ്പൊയ്കയുള്ളത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ നികന്നുപോയ പാടശേഖരമാണ് തടാകമായി മാറിയതെന്നാണ് തരിയോടിന്റെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഏത് വേനലിലും കുളിരുപകര്‍ന്ന് തുളുമ്പി നില്‍ക്കുന്ന തടാകം ഏറെക്കാലം പുറമെ നിന്നുളളവരുടെ ശ്രദ്ധനേടാതെ ഒളിച്ചിരുന്നു. പക്ഷികളുടെയും ചെറുമത്സ്യങ്ങളുടെയും ജീവജാലങ്ങളുടയും ആവാസലോകമായി മാറിയ തടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ തിരിച്ചറിഞ്ഞതും ഏറെ വൈകിയാണ്. വൈത്തിരിയിലെ പൂക്കോട് തടാകം വിനോദ സഞ്ചാരകേന്ദ്രമായി മാറ്റിയ കാലം മുതല്‍ കര്‍ളാട് തടാകവും അതിന്റെ സാധ്യതകളെ പുറംലോകവുമായി പങ്കുവെച്ചെങ്കിലും ഈ താടകക്കരയില്‍ സഞ്ചാരികളെത്താന്‍ പിന്നെയും വൈകി. പിന്നീട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയ്യെടുത്ത് കര്‍ളാട് തടാകത്തെയും വയനാട്ടിലെ ആര്‍ഷണീയമായ വിനോദ കേന്ദ്രമായി അണിയിച്ചൊരുക്കുകയായിരുന്നു.
മുന്നേറിയ നാള്‍വഴികള്‍
കാലങ്ങളോളം ആരും തിരിഞ്ഞു നോക്കാത്ത നിലയിലായിരുന്നു ഇവിടം. പിന്നീട് കര്‍ളാട് ഗോത്ര പൈതൃക ഗ്രാമമാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ആദിവാസി ജീവിത ചാരുതകളെ അടയാളപ്പെടുത്തുന്ന പരമ്പരാഗത മണ്‍കുടിലുകളും മെഡിറ്റേഷന്‍ ഹാളുമെല്ലാം ഇതിന്റെ ഭാഗമായി പണികഴിപ്പിച്ചു. ഇതെല്ലാം ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി മുന്നോട്ടു പോയില്ല. ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച കുടിലുകളും ഹാളുമെല്ലാം നാശത്തിന്റെ വക്കിലായി. മഴക്കാലത്ത് ചോര്‍ന്നൊലിച്ച് വീഴുമെന്ന നിലയിലായതോടെ ഗോത്ര പൈതൃക ഗ്രാമം എന്ന സ്വപ്നങ്ങള്‍ക്കും വിരാമമായി. സാഹസിക വിനോദ സഞ്ചാരികള്‍ക്ക് ക്യാമ്പ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മറ്റൊരു പ്രൊജക്ടും വിഭാവനം ചെയ്‌തെങ്കിലും ഇതും ലക്ഷ്യം കണ്ടില്ല. ബോട്ടുയാത്ര സൗകര്യങ്ങള്‍ മാത്രം ഉള്ളപ്പോഴും കര്‍ണ്ണാടകയില്‍ നിന്നുമൊക്കെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടായിരുന്നു. കര്‍ളാടിന്റെ തീരങ്ങള്‍ സൗന്ദര്യവത്കരണം നടത്തി കൂടുതല്‍ കാര്യക്ഷമമാക്കിയാല്‍ ആഭ്യന്തര വിനോദ സഞ്ചാരികളെയും കൂടുതലായി ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ഒടുവില്‍ വഴിത്തിരിവായി മാറിയത്. ഇപ്പോള്‍ കര്‍ളാട് തടാകം ജില്ലയില്‍ സാഹസിക വിനോദ സഞ്ചാരത്തിന്റെ ആസ്ഥാനം കൂടിയായി മാറി. സിപ്പ് ലൈന്‍, കയാക്കിങ്ങ്, ബോട്ടിങ്ങ്, ബാംബൂ റാഫ്ടിങ്ങ്, കുട്ടികളുടെ ഉദ്യാനം, ജോഗിങ്ങ് ഏരിയ, പാന്റൂണ്‍ വാക്ക് വേ, പൂന്തോട്ടം എന്നിവയെല്ലാമുളള വശ്യമനോഹര തീരമായി മാറിയിരിക്കുകയാണ് ഇന്ന് ഈ കേന്ദ്രം. എട്ടടിയോളം ഉയരത്തില്‍ കറങ്ങുന്ന ജലധാരയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രാത്രി എട്ടുവരെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ കര്‍ളാട് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകും.
പ്രതീക്ഷകളുടെ തടാകം
ജില്ലയിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ ബാണാസുരസാഗറിന് വിളിപ്പാടകലെയാണ് കര്‍ളാട് തടാകമുളളത്. വൈത്തിരിയിലെ പൂക്കോടും ബാണാസുരസാഗറും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ളാടും എത്താന്‍ കഴിയും. വൈത്തിരിയെയും പടിഞ്ഞാറത്തറയെയും ബന്ധിപ്പിക്കുന്ന പാതയും ഉന്നതനിലവാരത്തില്‍ നവീകരണത്തിലാണ്. ഇതോടെ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് മാപ്പിങ്ങ് റൂട്ടായി ഇതുമാറും. സഞ്ചാരികള്‍ക്ക് വന്നുപോകാന്‍ നിലവാരമുളള റോഡുകളുമായതോടെ കര്‍ളാടും തൊട്ടരികിലാകും. സഞ്ചാരികള്‍ക്കായി പാര്‍ക്കിങ്ങ് ഏരിയകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അഭ്യന്തര സഞ്ചാരികള്‍ക്കുള്‍പ്പെടെ വിശ്രമിക്കാനും ഇവിടെ വിശാലമായ ഉദ്യാനമുണ്ട്. മുളങ്കാടുകള്‍ തണല്‍ വിരിക്കുന്ന ഉദ്യാനത്തില്‍ തടാകത്തിലേക്കുള്ള കാഴ്ചകളുമായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വൈകീട്ട് ആറ് കഴിയുന്നതോടെ ജില്ലയിലെ മിക്ക വിനോദ കേന്ദ്രങ്ങളും അടയുകയാണ്. സഞ്ചാരികളെല്ലാം ഇതിന് ശേഷം ചുരമിറങ്ങേണ്ട സാഹചര്യമാണുള്ളത്. റിസോര്‍ട്ട്, ഹോം സ്റ്റേ തുടങ്ങിയ നിരവധി അതിഥിമന്ദിരങ്ങളില്‍ ഒതുങ്ങേണ്ട അവസ്ഥയും സഞ്ചാരികള്‍ക്കുണ്ട്. ഇതില്‍ നിന്നെല്ലാം മാറ്റമായി കര്‍ളാട് തടാകത്തില്‍ രാത്രി എട്ടുവരെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇതിനായുളള ക്രമീകരണങ്ങള്‍, ലൈററുകള്‍ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചുണ്ടെങ്കിലും തീരുമാനങ്ങള്‍ വൈകുകയാണ്.
കര്‍ളാട് തടാകം പ്രവേശന നിരക്ക്
മുതിര്‍ന്നവര്‍ -40 രൂപ
കുട്ടികള്‍ -30 രൂപ
ബോട്ടിങ്ങ് പെഡല്‍ രണ്ട് സീറ്റ് -300
ബോട്ടിങ്ങ് പെഡല്‍ നാല് സീറ്റ് -450 രൂപ
കയാക്കിങ്ങ രണ്ട് പേര്‍ക്ക് -300 രൂപ
ബാംബു റാഫ്ടിങ്ങ് പത്ത് പേര്‍ക്ക് -1000 രൂപ
ഫോണ്‍ 04936 296211
Content Highlights: karlad lake wayanad travel destination adventure tourism