കന്നഡ ഗ്രാമങ്ങളിലൂടെ ഹംപിയെ തേടിയുള്ള യാത്ര; പറയില്‍ അളന്ന് രത്‌നങ്ങള്‍ വ്യാപാരം ചെയ്തിരുന്ന ഇടം

പാഠ പുസ്തകങ്ങളിലെ കേട്ടറിഞ്ഞ ഹംപിയിലേക്ക് ദൂരം ഏറെയുണ്ടായിരുന്നു. യുഗങ്ങളായി മഴയും വെയിലും മഞ്ഞുമെല്ലാം ആര്‍ത്തലച്ചും ചുട്ടുപൊളിച്ചും തലോടിയും പോയ താഴ്‌വാരങ്ങള്‍. അതിനിടയിലും പൊരുതി നില്‍ക്കുന്ന കല്ലമ്പലങ്ങളും സ്തൂപങ്ങളും അവയെ പൊതിഞ്ഞു നില്‍ക്കുന്ന ഒരായിരം ഓര്‍മ്മകളും. വിജയ നഗരത്തിന്റെ ആരവങ്ങള്‍ക്ക് മീതെ വന്നുമൂടിയ മഴക്കാറുകള്‍ക്ക് താഴെ ഹംപി ഒരു സാമ്രാജ്യത്തിന്റെ കിരീടമഴിച്ച് ഉറഞ്ഞുനില്‍ക്കുന്നു. മനസ്സില്‍ വരച്ചിട്ട ഹംപിയുടെ കാഴ്ചകളുമായി കന്നഡ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര.
നഗരങ്ങള്‍ ഇന്നും അന്യമായ തനിനാടന്‍ ഗ്രാമജീവിതത്തില്‍ കന്നുകാലികള്‍ക്കൊപ്പം വരച്ചു ചേര്‍ത്ത ചെറിയ ചെറിയ സങ്കേതങ്ങള്‍. കത്തുന്ന വെയിലിന്റെ കാഠിന്യത്തിലും ജീവിതം ശീലിച്ച ഗ്രാമവാസികള്‍ക്ക് വിശ്രമമില്ലാതെ നട്ടുച്ചയും കടന്നുപോകുന്നു. വിദുരമായുള്ള ഉഴതുമുറിച്ച മണ്ണില്‍ ഇനി ഒരു കൃഷിക്കാലത്തിന് തുടക്കമാവുന്നത് കാണാം. അതിനു നടുവിലൂടെ ചെറിയ വ്യാപാര കേന്ദ്രങ്ങളെയും ആരാധനാലായങ്ങളെയും പിന്നിലാക്കി ഹംപി എന്ന ലക്ഷ്യത്തിലേക്കാണ് പാച്ചില്‍.
ഹംപിയിലേക്ക് എളുപ്പം തിരഞ്ഞെടുക്കാവുന്ന റൂട്ടല്ലാത്തതിനാല്‍ ഒട്ടേറെ ഗ്രാമങ്ങളാണ് മുന്നിലുള്ളത്. കൂര്‍ഗില്‍ നിന്നും തുടങ്ങി ഉത്തര കന്നഡയിലേക്ക് നീളുന്ന പാതകള്‍. സാധാരണയായി മൈസൂരില്‍ നിന്ന് ഹൂബ്ലി ട്രെയിന്‍മാര്‍ഗ്ഗമോ ബങ്കളൂരില്‍ നിന്ന് ചിത്രദുര്‍ഗ്ഗ വഴിയോ ഹംപിയിലേക്ക് യാത്ര തെരഞ്ഞെടുക്കുന്നവരാണ് അധികവുമുള്ളത്. എന്നാല്‍ വയനാട്ടില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയില്‍ നിന്നും 580 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ ഹംപിയിലെത്താം. ഇതുവഴിയാണെങ്കില്‍ നിരവധി ഗ്രാമങ്ങളെയും അടുത്തറിയാം. ഒരു പകല്‍ മുഴുവന്‍ പിന്നിട്ട് നേരം ഇരുട്ടി തുടങ്ങുമ്പോഴും ഹംപി ഒരു രാത്രിയുടെ അകലത്ത് തന്നെയാണ്.
വീതികൂടിയ പാതകള്‍ മുന്നിലേക്ക് നീണ്ടുപോകാന്‍ തുടങ്ങിയതോടെ ഇതുവരെയും കിതച്ചും തളര്‍ന്നും വന്ന വാഹനം കുതിച്ചു തുടങ്ങി. കരുതിയ ഭക്ഷണം വഴിയരികില്‍ നിന്നും കഴിച്ച് ഒരു മയക്കത്തിനായി സഹയാത്രക്കാരെല്ലാം ചാഞ്ഞുകിടന്നു. ദീര്‍ഘദൂര യാത്രയുടെ ക്ഷീണം കൂട്ടുനിന്നതോടെ രാത്രി പോയതറിഞ്ഞില്ല. ചെറിയ തണുപ്പ് ഇരച്ചുവന്നതോടെ കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ഏതോ ഗ്രാമം പുലര്‍കാലത്തിലേക്ക് വാതില്‍ തുറന്നിരിക്കുന്നു.
സ്ഥലമേതന്നറിയാന്‍ ചെറിയ കടകളുടെ ബോര്‍ഡിലേക്ക് കണ്ണുപായിച്ചെങ്കിലും എങ്ങും കന്നഡ ലിപി മാത്രം. കുറച്ചുകൂടി മുന്നിലെത്തിയപ്പോള്‍ ടൂറിസ്റ്റുകള്‍ക്കായി സ്ഥാപിച്ച ഒരു ബോര്‍ഡ് തെളിഞ്ഞുവന്നു. ഹോസ്‌പേട്ട്. ഹംപിയുടെ പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള ചെറുപട്ടണം.1987 മുതല്‍ ലോകപൈതൃക പട്ടികയില്‍ ഹംപി ഇടം പിടിച്ചതോടെ ഈ നഗരം വളര്‍ന്നു തുടങ്ങിയിരിക്കുന്നു. വിദേശ സഞ്ചാരികളും ചരിത്രാന്വേഷകര്‍ക്കുമെല്ലാം ആതിഥ്യമരുളുന്നതിനായി സ്റ്റാര്‍ഹോട്ടലുകള്‍ വരെയും ഇവിടെ ഉയര്‍ന്നിരിക്കുന്നു.
ഇതിനെ ചുറ്റി ചെറിയ പട്ടണം കൈകള്‍ നീട്ടി. സഞ്ചാരികള്‍ കൂടുതലായി എത്തിതുടങ്ങിയതോടെ ഹംപിയിലേക്ക് ഓട്ടോ ടാക്‌സിക്കാരും ഒരു വഴികാട്ടിയെ പോലെ ട്രിപ്പിനായി ക്ഷണിക്കും.ഹംപിയുടെ ഭൂപടത്തെ നിവര്‍ത്തിക്കാട്ടി പ്രൊഫഷണല്‍ ഗൈഡുകളും സേവന സന്നദ്ധരായി പിറകെ കൂടുന്നു. ഹംപി അങ്ങിനെയാണ് എളുപ്പത്തില്‍ ആര്‍ക്കും വഴങ്ങുന്നതല്ല. കേവലമായ കാഴ്ചകള്‍ക്കപ്പുറം പകരമില്ലാത്ത വലിയ പോരാട്ടങ്ങളുടെയും ധ്യാനശില്‍പ്പങ്ങളുടെയും ചരിത്രമാണത്. വിജയനഗര സാമ്രാജ്യത്തിന്റെ നാല് ചക്രവര്‍ത്തി പരമ്പരകളുടെ സ്വപ്നങ്ങളുറങ്ങുന്ന ശിലാസ്മാരകങ്ങള്‍. പറയില്‍ അളന്ന് രത്‌നങ്ങള്‍ വ്യാപാരം ചെയ്തിരുന്ന ഇടം.
ഹേമകുടയിലെ സൂര്യോദയം
ആദ്യകവാടം കടന്ന് ഹംപിയിലേക്ക് കടക്കുന്നത് വലിയ പാറമുകളിലേക്കാണ്. താഴെ നിന്നും ശൃംഗത്തിലുള്ള ഒരു കല്‍മണ്ഡപം കാണാം. കാലമേറെ കഴിഞ്ഞിട്ടും കുലുക്കമില്ലാത്ത തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിലാഫലകങ്ങള്‍. ഹംപിയുടെ ഏറ്റവും ഉയരമുള്ള ഇടമാണിത്.ഇവിടെ അടയാളപ്പെടുത്തിയ വ്യുപോയിന്റില്‍ നിന്നാണ് ഹംപിയുടെ എത്രയോ ചിത്രങ്ങള്‍ സൂര്യോദയത്തിലും അസ്തമയത്തിലും ആരുടെയൊക്കയോ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഭീമന്‍ ഗണപതിയുടെ വിഗ്രഹമുള്ള ഹേമകുട. താഴ്‌വാരത്തുള്ള പുരാതനവും പ്രൗഢവുമായ വിരൂപാക്ഷ ക്ഷേത്ര ദര്‍ശനമുള്ള പാറ ചെരിവുകള്‍ ഹംപിയുടെ എണ്ണിയാലൊടുങ്ങാത്ത നിര്‍മിതികളിലേക്ക് വാതില്‍ തുറക്കുന്നു.
ഹംപിയുടെ കേട്ടറിവുള്ളതും പറഞ്ഞ് പരന്നതും എഴുതപ്പെട്ടതുമായ ചരിത്രം മനപാഠമാക്കിയ ഗൈഡ് ചടുലവേഗത്തില്‍ വെയിലുകളില്‍ നിന്ന് ഒളിക്കാന്‍ ചരിത്രം പറഞ്ഞ് പറഞ്ഞ് ഓടിപോകുന്നു. വിസ്മയകരമായ കാഴ്ചകളെ കണ്ണില്‍ നിന്നും ഉപേക്ഷിക്കാന്‍ മനസ്സില്ലാതെ യഥേഷ്ടം ഹംപിയെ അടുത്തറിഞ്ഞ് തല്‍ക്കാലം ഗൈഡിനെ ഒഴിവാക്കിയായിരുന്നു യാത്ര. പുല്‍ക്കൊടി പോലും മുളയ്ക്കാന്‍ ഒരു തരി മണ്ണില്ലാത്ത ആ പാറചെരിവുകള്‍ ചേര്‍ന്ന് ഒട്ടേറെ മണ്ഡപങ്ങളുണ്ട് പലതും ഭാഗികമായി അടര്‍ന്നിരിക്കുന്നു. ഈ കാഴ്ചകളുടെ തണല്‍പറ്റി ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടത്തോടെ അലോസരങ്ങളില്ലാത കഴിയുന്നു. ഇത് പുരാണത്തിലെ കിഷ്‌കിന്ധയാണ്. ശ്രീരാമന്റെ സഹായത്തോടെ സുഗ്രീവന്‍ ബാലിയെ കീഴ്‌പ്പെടുത്തിയത് ഇവിടെയാണ് എന്നാണ് ഐതീഹ്യം. മരക്കൂട്ടങ്ങള്‍ പോലുമില്ലാതെ അവരുടെ തലമുറകള്‍ ഹേമകുടയിലെ ശിലാക്ഷേത്രങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. ഏതു കാലത്തും വാനരക്കൂട്ടങ്ങള്‍ ഇവിടം വിട്ടുപോകുന്നേയില്ല. ഇവയെ ഇവിടെ നിന്നകറ്റാന്‍ ആരും തുനിഞ്ഞിട്ടുമില്ല. ക്ഷേത്രത്തില്‍ എത്തുന്നവര്‍ നല്‍കുന്ന പഴങ്ങളും അവിലും മലരുമെല്ലാമാണ് ഇവരുടെ ഭക്ഷണം. കല്‍പ്രതമികളെ പോലെ തന്നെ ഒറ്റയിരിപ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്ന പ്രായമേറിയ വാനരന്‍മാരും ഇവിടെ കാണാം. വെയിലിന് കട്ടികൂടിയതോടെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മകുടങ്ങളില്‍ നിന്നും താഴേക്ക് കണ്ണഞ്ചിപ്പിക്കുന്ന സൂര്യരശ്മികള്‍ ആഴ്ന്നിറങ്ങുന്നു. പൗരാണികമായ കൊത്തുപണികള്‍ക്കിടയിലെ അനേകം രൂപകങ്ങളില്‍ നിഴലും വെളിച്ചവും ചേര്‍ത്ത് വിവിധ കോണുകളില്‍ നിന്നും അത്ഭുതകരമായ നൂറുക്കണക്കിന് ഫോട്ടോ ഫ്രെയിമുകള്‍.
തുംഗഭദ്രയുടെ വരദാനം
ഉത്തര കന്നഡയിലെ വരണ്ടഭൂമിയുടെ അരഞ്ഞാണമാണ് തുംഗഭദ്ര നദി. മഴക്കാലത്ത് കൊട്ടത്തോണികള്‍ നിറയുന്ന തുംഗഭദ്ര വേനലില്‍ കണ്ണികളായി മുറിഞ്ഞ് അനേകം ജലാശയമാകും. വെള്ളക്കെട്ടുകളില്‍ വഴിപാടുപോലെ സ്‌നാനം നടത്തി വിരൂപാക്ഷ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരുടെ തിരക്കുണ്ട്. ചരിത്രാന്വേഷകര്‍ ഒരു പാഠ പുസ്തകം പോലെ വായിച്ചെടുക്കുന്ന കരിങ്കല്‍ ഗോപുരങ്ങള്‍ക്കിടയില്‍ ജാതിമതഭേദമന്യേയുള്ളവര്‍ ഭക്തി ആദരപൂര്‍വ്വം ദര്‍ശനം നടത്തി മടങ്ങുന്നു. വിരൂപാക്ഷ ക്ഷേത്രത്തില്‍ തുടങ്ങി വിരൂപാക്ഷ ക്ഷേത്രത്തില്‍ തന്നെ അവസാനിക്കുന്നതാണ് ഹംപിയുടെ ചരിത്രങ്ങളെല്ലാം. മറ്റെല്ലാം മുറിവേറ്റ് തകര്‍ന്നപ്പോഴും വിരൂപാക്ഷ ക്ഷേത്രം ശിഥില സംസ്‌കൃതിയെ ഓര്‍മ്മകളില്‍ ആവാഹിക്കുന്നു. വിജയ നഗര സമ്രാജ്യത്തിനും മുമ്പേ എ.ഡി.ഏഴാം നൂറ്റാണ്ടില്‍ രാഷ്ട്രകൂടരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചെതെന്ന് ചരിത്രം നിരീക്ഷിക്കുന്നു. എന്നാല്‍ രണ്ടാം വിജയനഗര രാജാവാണ് ക്ഷേത്രം മോടികൂട്ടിയതെന്നും പ്രചരിക്കുന്നു. പിന്നീട് വിജയനഗര സാമൃാജ്യത്തിന്റെ പ്രബലനായ രാജാവ് കൃഷ്ണദേരായര്‍ വിരൂപാക്ഷ ക്ഷേത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
പതിനാറാം നൂറ്റാണ്ടില്‍ നടന്ന അധിനിവേശങ്ങള്‍ ഈക്ഷേത്രത്തെയും ഭാഗികമായി നശിപ്പിച്ചു.വിജയ നഗര സാമ്രാജ്യത്തിനേറ്റ കനത്ത പ്രഹരത്തിന്റെ ബാക്കി പത്രമാണ് ഇന്ന് ഈ ക്ഷേത്രം. കാലത്തിന്റെ വിസ്മയമാണ് ഈ ലോകം. ഏതോ യുഗങ്ങള്‍ പിറകിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന പഴക്കമേറിയ ഗോപുരം തന്നെ ഹംപിയുടെ വിസ്മയമാണ്. പമ്പ ക്ഷേത്രം എന്നാണ് ഈക്ഷേത്രം പൗരാണികമായി അറിയപ്പെട്ടിരുന്നത്. ഈ ശിവക്ഷേത്രം പങ്കുവെക്കുന്നതും കാലമേറിയ പഴക്കവും ആരാധനയുമാണ്.കല്‍മണ്ഡപവും ആനയൂട്ടും രഥോത്സവവുമായി വിരൂപാക്ഷ ക്ഷേത്രം ഇന്നും പ്രാദേശികമായ ജനതയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ക്ഷേത്ര ഗോപുരം തലകീഴായി കാണുന്ന വാസ്തു വിദ്യയുടെ പിന്‍ഹോള്‍ ക്യാമറ ഇഫക്ട് ഇവിടെ കാണാം. ഇതിന്റെ കിഴക്കേ വാതിലിലൂടെ ഇറങ്ങിയാല്‍ ചത്വരത്തിന് നടുവിലെ ചിറയും പടിക്കെട്ടുകളും കാണാം. കത്തുന്ന വേനലിലും ഈ ചിറ നിറഞ്ഞു നില്‍ക്കുന്നു. ഇവിടെ നിന്നും ഹംപിയുടെ മറ്റു പടവുകളിലേക്കുള്ള യാത്രയ്ക്ക് ആമുഖമായി മനസ്സില്‍ ഒരു രൂപം വരച്ചിടാന്‍ വിരൂപാക്ഷ ക്ഷേത്രത്തിനു കഴിയും.
കടലക്കല്‍ ഗണപതിയുടെ ക്ഷേത്രമാണ് അടുത്ത ലക്ഷ്യം. ഗണപതിയുടെ പതിനഞ്ചടിയോളം വലുപ്പമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഭീമാകാരമായ കുടവയറുമായുള്ള ഗണപതി വിഗ്രഹം ഇന്ത്യയിലുള്ളതില്‍ ഏറ്റവും വലുതാണ്. ശാശിവേ കല്ലുകൊണ്ട് നിര്‍മ്മിച്ച ഗണപതിയുടെ മറ്റൊരു കല്ല് പ്രതിമയും അതിനടുത്തായുണ്ട്.ഭക്ഷണ പ്രേമിയായ ഗണപതി മോദകം തിന്ന് വീര്‍ത്ത കുടവയറ് പൊട്ടാതിരിക്കാന്‍ അടുത്തുകൂടി ഇഴഞ്ഞുപോയ പാമ്പിനെയെടുത്ത് വയറില്‍ ചുറ്റിയ നിലയിലുള്ള പ്രതിമയാണിത്.ഇങ്ങനെ നൂറ് നൂറ് കഥകള്‍ മെനയുന്ന എത്രയോ ശില്‍പ്പങ്ങളും കൊത്തുപണികളും ചേര്‍ന്നതാണ് ഹംപിയെന്ന പുരാതന നഗരം. ഹംപി ബസാറിനും സമ്പന്നമായ ഒരു കഥ പറയാനുണ്ട്. ഒരു കാലത്ത് ലോക സഞ്ചാരികള്‍ക്കിടയില്‍ പോലും ഇവിടെയുള്ള രത്‌നങ്ങളെക്കുറിച്ച് സംസാരമുണ്ടായിരുന്നു. ഒടുവില്‍ അളവറ്റ ഈ രത്‌നശേഖരം തന്നെ വിജയനഗര സാമ്രാജ്യത്തിന് വിനയായി. എല്ലാം കൊള്ളയടിക്കപ്പെട്ടു.
1515 ല്‍ കൃഷ്ണദേവരായര്‍ ഉത്തരദിക്കിലെ പടയോട്ടം പൂര്‍ത്തിയാക്കിതിന്റെ ഓര്‍മ്മയ്ക്കായാണ് ബാലകൃഷ്ണ ക്ഷേത്രം സ്ഥാപിച്ചതെന്ന് നിഗമനമുണ്ട്. ആന്ധ്രയിലെ ഉദയഗിരി കോട്ടയ്ക്ക് സമാനമായാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതി.കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു.അനേകം ചിത്രങ്ങള്‍ കല്ലില്‍ കൊത്തിയതായി ഇവിടെ കാണാം. ഇതില്‍ പ്രധാനപ്പെട്ടതാണ് സൂര്യനെ രാഹു വിഴുങ്ങുന്ന ഗ്രഹണ ചിത്രം. നരസിംഹമൂര്‍ത്തിയുടെ ഉഗ്രരൂപമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലുള്ളത്. ഈ ക്ഷേത്രത്തിലെ വിഗ്രഹം ലക്ഷ്മി ദേവിയെ മടയില്‍ കിടത്തിയ നിലയിലായിരുന്നുവെന്നാണ് പറയുന്നത്.പതിനാല് അടിയോളം ഉയരമുള്ള ഈ പ്രതിമയും ഭാഗികമായി നശിപ്പിക്കപ്പെട്ട നിലയിലാണ്. തളിക്കോട്ട യുദ്ധസമയത്ത് ഡക്കാന്‍ സുല്‍ത്താന്‍മാരുടെ ആക്രമണത്തിന് വിധേയമായ ഈ ക്ഷേത്രത്തിന്റെ ശേഷിപ്പുകളും ഹംപിയുടെ ചരിത്രത്തോടൊപ്പം ചേരുന്നു.
ചരിത്രം ചിതറിയ മണ്ഡപം
ഒരു ദിനം പിന്നിട്ട ഹംപിയുടെ യാത്രാവഴികള്‍ എവിടെയുമെത്തിയില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഹംപി അങ്ങിനെ കൂട്ടിക്കൊണ്ടുപോവുകയാണ്. അസ്തമയ ചുവപ്പു ചിതറിയ കല്‍ത്തൂണുകള്‍ക്കിടയിലൂടെ ഇരുട്ട് പരന്നൊഴികയതോടെ ഹോസ്‌പേട്ടിലേ സങ്കേതത്തിലേക്ക് തിരിച്ചെത്തി.പിറ്റേന്ന് അതിരാവിലെ തന്നെ ഹംപിയിലെ പ്രശസ്തമായ മഹാനവമി മണ്ഡപത്തിലേക്കായിരുന്നു യാത്ര. ഹംപിയെ ചരിത്രകാരന്‍മാര്‍ പൊതുവായി രണ്ടായി തരിച്ചിരിക്കുന്നു. ഒന്ന് ക്ഷേത്രസമുച്ചയങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള സേക്രഡ് സെന്റര്‍. രണ്ടാമതായി കൊട്ടാരങ്ങളെയും കോട്ടകളെയും പരാമര്‍ശിക്കുന്ന ദ റോയല്‍ സെന്റര്‍. ഇതില്‍ പ്രധാനപെട്ടതാണ് മഹാനവമി ഡബ്ബയും ലോട്ടസ് മഹലും. ഏക്കര്‍കണക്കിന് വിശാലതയിലേക്ക് ഒരു മരത്തണല്‍ പോലുമില്ലാതെ ഇന്ന് പരന്നുകിടക്കുകയാണ് നവമി മണ്ഡപം. ചരിത്ര പ്രസിദ്ധമായ ദസറ മഹോത്സവം നടന്ന സ്ഥലം.വിജയ നഗര സാമൃാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം. മന്ത്രിമാര്‍, അനുചരന്‍മാര്‍, നാട്ടുപ്രമാണിമാര്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ക്കെല്ലാം വിഭജിച്ചു നല്‍കിയ ഇരിപ്പിടങ്ങള്‍. ഇതിനെല്ലാം അതിരിടുന്ന കൂറ്റന്‍ മതിലുകള്‍.
കാവല്‍പ്പുരകള്‍, കമാനങ്ങള്‍, ശിലാനിര്‍മ്മിത വാതിലുകള്‍, ഗോപുരങ്ങള്‍ എല്ലാം ചിതറി തെറിച്ച നിലയിലാണ് ഇന്നുള്ളത്. ഏറ്റുവും കൂടുതല്‍ ആക്രമണത്തിനും കൊള്ളയ്ക്കും വിധേയമായ സ്ഥലം. ഇളകിയ അടിത്തറകള്‍ മാത്രമാണ് ഇവിടെ ഇന്ന് ശേഷിച്ചിരിക്കുന്നത്.നവമി മണ്ഡപത്തിലെ ഓരോ പടവുകളിലും കൊത്തുപണികളാല്‍ അലംകൃതമാണ്.തലയ്ക്കുമുകളില്‍ കത്തുന്ന സൂര്യന്‍. താപനില 41 ഡി.ഗ്രി സെല്‍ഷ്യസ് മാര്‍ച്ച് മാസത്തില്‍ ഹംപിയിലെ നവമി മണ്ഡപം വൈകുന്നേരം മാത്രമാണ് സന്ദര്‍ശിക്കുന്നത് ഉചിതം.അത്രയധികം വേനല്‍ചൂടിലും ഈ മണ്ഡപത്തില്‍ നിന്നും കണ്ടും കേട്ടുംതീരാത്തവിധം ശേഷിപ്പുകള്‍ നിരന്നുകിടക്കുകയാണ്. ഇനി മറ്റൊരവസരത്തില്‍ ഒരിക്കല്‍ കൂടി എത്താമെന്ന ആഗ്രഹത്തോടെയാണ് ഇവിടെ നിന്നും പുറത്തേക്ക് കടന്നത്.
ഇന്‍ഡോ ഇസ്ലാമിക് വാസ്തുശില്‍പ്പകലയുടെ സാക്ഷ്യമാണ് ലോട്ടസ് മഹല്‍. രാജ്ഞിമാരുടെ അന്തപുരമാണിത്. രാജാക്കന്‍മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ പാര്‍ക്കുന്നയിടം. ആയുധധാരികളായ സ്ത്രി പടയാളികളടക്കം കാവല്‍ നിന്നിരുന്ന അതീവ സുരക്ഷിതയിടം.അമ്പതടിയോളം ഉയരത്തിലുള്ള മതില്‍ക്കെട്ടിനുള്ളിലാണ് ലോട്ടസ് മഹലുള്ളത്. താഴെ ഭാഗം മണ്ഢപമായും അതിനുമുകളിലായി താമസസൗകര്യവുമുള്ള വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. കല്ലുകള്‍ക്ക് പകരം ഇഷ്ടികയും ചാന്തും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. തൊട്ടരികില്‍ തന്നെയാണ് വിജയനഗരത്തിന്റെ ആനപന്തിയുമുള്ളത്. ഒരേ സമയം രണ്ടാനകളെ തളയ്ക്കാന്‍ കഴിയുന്ന പതിനൊന്ന് അറകളുള്ള മന്ദിരം. പുരാവസ്തു വകുപ്പ് ഇവയെല്ലാം ഇപ്പോഴും വളരെ കരുതലോടെ സംരക്ഷിക്കുന്നു.ക്വീന്‍സ് ബാത്ത്. പേര് സൂചിപ്പിക്കുന്നതുപോലെ രാജ്ഞിമാര്‍ക്കുള്ള വലിയ കുളവും കുളപ്പുരയുമാണിത്. പുറമെ നിന്നും ഇവര്‍ക്കെ#ാപ്പം തോഴിമാര്‍ക്ക് മാത്രമായിരുന്നു ഇതിനുള്ളിലേക്കുള്ള പ്രവേശനം.ഇന്‍ഡോ ഇസ്ലാമിക് ശൈലിയില്‍ തന്നെയാണ് ഇതിന്റെയും നിര്‍മ്മിതികള്‍.
വിറ്റാലയിലെ സുവര്‍ണ്ണരഥം
കര്‍ണ്ണാടക വിനോദസഞ്ചാരവകുപ്പിന്റെ ഐക്കണാണ് ഹംപി വിറ്റാല ക്ഷേത്രത്തിന് മുന്നിലെ കല്ലില്‍ കൊത്തിയ സുവര്‍ണ്ണരഥം. ഹംപിയില്‍ ആദ്യമെത്തുന്ന ആരും ഈ രഥത്തെയാണ് ആദ്യം തിരയുക.നാല് മണ്ഡപവും ഗോപുരവുമുള്ള വിറ്റാല ക്ഷേത്രമാണ് ഹംപിയുടെയും കേന്ദ്ര ബിന്ദു എന്നു പറയാം.അതുകൊണ്ട് തന്നെ തുംഗഭദ്രാ ക്ഷേത്രമെന്നും വിറ്റാലയ്ക്ക് വിളിപ്പേരുണ്ട്.വിജയ നഗര സാമൃാജ്യത്തിന്റെ വാസ്തുശില്‍പ്പകലയുടെ അവസാനവാക്കാണിത്.1422 മുതല്‍ വിജയനഗരം ഭരിച്ചിരുന്ന ദേവരായര്‍ രണ്ടാമന്റെ കാലത്താണ് ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. ദേവരായ രാജവംശം ഒറീസ്സ പിടിച്ചടക്കിയതിന്റെ സ്മരണയ്ക്കായി ഈ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കൊണാര്‍ക്കിലെ സൂര്യക്ഷേത്ര മാതൃകയില്‍ ഒരു കല്‍രഥം പണികഴിപ്പിക്കുകയായിരുന്നു.ഒറ്റനോട്ടത്തില്‍ ഒരു കല്ലില്‍ പണിതതാണെന്നാണ് ഇതിന്റെ നിര്‍മ്മിതി തോന്നിപ്പിക്കുക. വിഷ്ണുവിന്റെ രൂപമാണ് വിറ്റാല. തെലുങ്ക്, കന്നഡ ഗ്രാമങ്ങളിലെ ദൈവമായി വിറ്റാല കണക്കാക്കപ്പെടുന്നു.അരയ്ക്ക് കൈകൊടുത്ത് നില്‍ക്കുന്ന വിഷ്ണവിന്റെ ബാലവിഗ്രഹമായിരുന്നു ഇവിടെ പ്രതിഷ്ഠിച്ചിരുന്നത്. ഈ വിഗ്രഹവും നശിപ്പിക്കപ്പെട്ടനിലയിലാണ്.വിറ്റാല ദേവന്റെ വാഹനമായ ഗരുഡന്റെ ചെറിയ അമ്പലമാണ് രഥത്തിന്റെ മാതൃകയില്‍ കൊത്തിയുണ്ടാക്കിയത്.ഇതിന്റെ തൊട്ടരികിലായാണ് സംഗീതം പൊഴിക്കുന്ന തൂണുകളുള്ള പ്രസിദ്ധമായ മഹാമണ്ഡപമുള്ളത്. പാട്ടും കാമവും കലയും സംഗമിക്കുന്ന വിജയനഗര സാമൃാജ്യം ബാക്കിയാക്കിയ അനേകം അത്ഭുതങ്ങളില്‍ ഒന്നാണിത്.
ആയിരം കാല്‍ മണ്ഢപവും കുതിര വില്‍പ്പന കേന്ദ്രവുമെല്ലാം ചേര്‍ന്ന് വിറ്റാല കല്ലുകളാല്‍ വരച്ചിട്ടത് ഒരിക്കലും ഏത് ശക്തികള്‍ക്കും മായ്ക്കാന്‍ കഴിയാത്ത ഒരു സംസ്‌കൃതിയെ കൂടിയാണ്.
ലോകപൈതൃക പട്ടികയിലെ സ്മാരകമായതിനാല്‍ ഹംപിയില്‍ ധാരാളം വിദേശ സഞ്ചാരികളും എത്തുന്നു. വിസ്മയങ്ങളാണ് ഇവരെയും കാത്തിരിക്കുന്നത്. വിറ്റാല ക്ഷേത്രത്തിന്റെ ഒരു കിലോ മീറ്റര്‍ അകലെ വരെ മാത്രമാണ് യാത്രാവാഹനങ്ങള്‍ക്ക് പ്രവേശനമുള്ളത്. ഇവിടെ നിന്നും കാല്‍നടയായോ ഇലക്ട്രിക് കാറിലോ മാത്രം ഇവിടേക്ക് എത്താം. സ്ത്രീകള്‍ നിയന്ത്രണം ഏറ്റെടുത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഇവിടെ ഇടതടവില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. മലനീകരണത്തില്‍ നിന്നും ഹംപിയെ മോചിപ്പിക്കാന്‍ സാധാരണ വാഹനങ്ങള്‍ പരിസരങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് യുനസ്‌കോയാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശത്തെ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. സുവര്‍ണ്ണരഥത്തില്‍ ഇരുട്ട് വീണതോടെ സഞ്ചാരികള്‍ ഇവിടെ നിന്നും ഇറങ്ങാന്‍ തുടങ്ങി. പടിവാതില്‍ കടന്ന അന്നത്തെ അവസാനയാത്ര സംഘമായ ഞങ്ങളും ഇലക്ട്രിക് വാഹനത്തിന് ഊഴം കാത്തുനിന്നു. ഒരു കാലത്ത് ആരവങ്ങളടങ്ങാത്ത ശിലാനിര്‍മ്മിത മണ്ഡപം നിശബ്ദമായിരിക്കുന്നു. കനത്ത ഇരുട്ട് വാചാലമാകുന്നു. രാത്രിയായാല്‍ മലയിറങ്ങി വരുന്ന പുലികള്‍ മാത്രമാണ് ഇവിടെയുണ്ടാവുകയെന്ന് ഗൈഡ് പറഞ്ഞു. അങ്ങകലെ നിന്നും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കുമ്പോള്‍ ആകാശത്തിന് താഴെ കറുത്ത് മകുടങ്ങളും മണ്ഡപങ്ങളും വരച്ച് ഹംപി ഒരു നിഴല്‍ ചിത്രമെഴുതുന്നുണ്ടായിരുന്നു.പട്ടാഭിരാമ ക്ഷേത്രവും പുന്ദരദാസ് മണ്ഡപവും പിന്നിട്ട് മൂന്ന് ദിവസത്തെ ഹംപി യാത്രയില്‍ നിന്നും മടങ്ങുമ്പോള്‍ കാണുവാനും അറിയാനും ഇനിയും ഏറെ ബാക്കി. പ്രാചീന ഇന്ത്യന്‍ സാമൃാജ്യത്തിന്റെ ഏറ്റവും വലിയ വിജയനഗര പോരാട്ടങ്ങള്‍, പ്രതിരോധങ്ങള്‍, അസ്തമയങ്ങള്‍ എല്ലാം ശിലയിലെന്ന പോലെ മനസ്സില്‍ അപ്പോഴേക്കും എഴുതപ്പെട്ടുകഴിഞ്ഞിരുന്നു.
Content Highlights: hampi travel-Journey through Kannada villages