ദൂധ് സാഗര്‍ തുറന്നു; വനത്തിലൂടെ ജീപ്പ് സഫാരി നടത്താം, നടന്നുകയറാം

ഫോട്ടോ- ഹഫീല്‍ കെ.പി
ഫോട്ടോ- ഹഫീല്‍ കെ.പി

ഇന്ത്യയിലെ സാഹസിക വിനോദസഞ്ചാരികളുടെ സ്വപ്‌നമാണ് ദൂധ് സാഗര്‍ ട്രക്കിങ്. ബെംഗളൂരുവില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്ന് പ്രവേശനാനുമതി നിര്‍ത്തിവെച്ചിരുന്ന ദൂധ്‌ സാഗര്‍ ഏറെ നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ്.

ദൂധ് സാഗറിലേക്കുള്ള ജീപ്പ് സഫാരികളും പുനരാരംഭിച്ചതായി ഗോവ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. സഞ്ചാരികള്‍ക്ക് ജീപ്പ് സഫാരി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ദൂധ് സാഗര്‍ ട്രക്കിങിനായുള്ള ബുക്കിങും ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാം. വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഒരു സ്വകാര്യ ഏജന്‍സിയുമായി ടൂറിസം കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാവര്‍ഷവും ഒക്ടോബര്‍ ആദ്യവാരമാണ് ജീപ്പ് സഫാരി ആരംഭിക്കാറുള്ളത്. വനംവകുപ്പിന്റെ പ്രത്യേക അനുമതിയുള്ള ജീപ്പുകള്‍ക്ക് മാത്രമേ വനത്തിലൂടെ സഫാരി നടത്താന്‍ സാധിക്കുകയുള്ളു. പ്രവൃത്തിദിവസങ്ങളില്‍ ഏതാണ്ട് 170 ജീപ്പുകളും വാരാന്ത്യത്തില്‍ 225 ജീപ്പുകളുമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ആകെ 14 കിലോമീറ്റര്‍ ദൂരമാണ് ജീപ്പ് സഫാരി. ഒരു ജീപ്പീല്‍ 7 പേരെയാണ് കൊണ്ടുപോകുക. ഒരാള്‍ക്ക് 500 രൂപയാണ് സഫാരിക്കായി ഈടാക്കുന്നത്. മൊല്ലം എന്ന സ്ഥലത്ത് നിന്നാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. ഒരു മണിക്കൂറോളം സമയം ദൂധ് സാഗറില്‍ ചെലവഴിക്കാം. 

ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നള്ള വെള്ളച്ചാട്ടങ്ങളില്‍ ഒന്നുകൂടിയാണിത്. മാഡ്ഗാവ്-ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ദൂധ് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.

ദൂധ് സാഗര്‍ റെയില്‍വേ സ്റ്റേഷന്‍

ഇടതൂര്‍ന്ന കാടിന് സമീപത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇത് കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കുന്നു. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂധ് സാഗറിന് സമീപത്ത് കൂടെ ട്രെയിന്‍ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്. പല ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഈ ദൃശ്യം പകര്‍ത്താന്‍ വേണ്ടി മണ്‍സൂണ്‍ കാലത്ത് ദൂധ് സാഗറിലെത്താറുണ്ട്.

വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ ഇവിടേയ്ക്ക് ട്രക്കിങ് നടത്താറുമുണ്ട്. വനത്തിലൂടെയുള്ള ട്രക്കിങും മറക്കാനാകാത്ത അനുഭവമായിരിക്കും. ദൂധ് സാഗറിലേക്ക് ഒന്നിലധികം ട്രക്കിങ് ട്രെയിലുകള്‍ ഉണ്ട്. കാട്ടിലെ ശുദ്ധജലത്തിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള മനോഹരമായ യാത്രയാണിത്. പ്രധാനമായും രണ്ട് വഴികളിലൂടെ വെള്ളച്ചാട്ടത്തില്‍ എത്താന്‍ കഴിയും.

കാസില്‍ റോക്ക് റൂട്ട്- റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള 14 കിലോമീറ്റര്‍ ട്രെക്ക്. 6 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിരവധി ടണലുകളിലൂടെയും കടന്നുപോകാന്‍ സാധിക്കും. കുല്ലേം റൂട്ട്- കുല്ലേം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടമുള്ളത്. കാസില്‍ റോക്ക് വെച്ചുനോക്കുമ്പോള്‍ കുറവ് സഞ്ചാരികള്‍ മാത്രമാണ് ഈ പാത തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ദൂധ് സാഗറിന് സമീപത്തൂടെ തീവണ്ടി കടുന്നുപോകുന്ന ചിത്രം എടുക്കാന്‍ ഈ റൂട്ടിലൂടെ പോകണം. അഞ്ച് മണിക്കൂറാണ് ഈ ട്രെക്കിന്റെ ദൈര്‍ഘ്യം. 

Content Highlights: Goa Dudhsagar Fall reopens for tourists