ട്രെയിനില്‍ ജംഗിള്‍ സഫാരി പോകാം; എലിഫന്റ് എക്‌സ്പ്രസ്, കൊടും കാട്ടിലെ തീവണ്ടിയാത്ര

ജംഗിള്‍ സഫാരികള്‍ പലവിധമുണ്ട്. നടന്നും ജിപ്‌സിയിലും ബസിലും കയറിയും ആനപ്പുറത്തേറിയും ഒക്കെയുള്ളത്. എന്നാല്‍ ട്രെയിനില്‍ ജംഗിള്‍ സഫാരി പോകുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാനാകുമോ. അത്തരമൊരു സഫാരി നിലവിലുണ്ട്. ആഫ്രിക്കന്‍ വനങ്ങളുടെ സൗന്ദര്യത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന എലിഫന്റ് എക്‌സ്പ്രസ് എന്ന ട്രെയിനില്‍ കയറാനായി പോകേണ്ടത് സിംബാവേയിലാണ്.
സിംബാവേയിലെ ഹ്വാങേ നാഷണല്‍ പാര്‍ക്കിലൂടെയാണ് എലിഫന്റ് എക്‌സ്പ്രസ് സഞ്ചരിക്കുക. 2014 ലാണ് ഈ സഫാരി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ വൈല്‍ഡ് ലൈഫ് പ്രേമികളായ നിരവധി സഞ്ചാരികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തി ഈ സഫാരിയില്‍ പങ്കെടുക്കാറുണ്ട്. കൊടുംകാട്ടിലുടെ പാലങ്ങളിലേറിയും കുന്നുകള്‍ക്കരികിലൂടെയുമുള്ള തീവണ്ടി യാത്ര ഓരോ സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവമായിരിക്കും.
കോച്ചുകളില്‍ 22 വീതം യാത്രക്കാര്‍ക്കുള്ള സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകള്‍ വെക്കാനുള്ള ഇടവും ടോയിലറ്റ് സൗകര്യങ്ങളും ട്രെയിനിലുണ്ട്. കാട്ടിലൂടെയുള്ള യാത്രക്കിടയില്‍ ആനകളും, മാനുകളും, കാട്ടുപോത്തുകളും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ കാണാനാകും. 70 കിലോമീറ്ററാണ് ഈ റെയിലിന്റെ നീളം.
രാവിലെ 11 മണിക്ക് ങാമോ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 1 മണിയോടെ ഡേറ്റേ എന്ന സ്ഥലത്ത് അവസാനിക്കും. അവിടെ നിന്ന് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 4 മണിയോടെ തിരിച്ചെത്തും. യാത്രക്കാര്‍ക്ക് ഭക്ഷണവും മദ്യവും നേരത്തെ ബുക്ക് ചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. എലഫന്റ് എക്‌സ്പ്രസ് യാത്രയ്ക്ക് പുറമെ സഞ്ചാരികള്‍ക്കായി മറ്റനേകം പാക്കേജുകളും ഹ്വാങേ നാഷണല്‍ പാര്‍ക്കിലുണ്ട്.
Content Highlights: Elephant Express: This safari train takes you inside the jungles