രാജസ്ഥാനില്‍ സഫാരി, ക്ഷേത്രസന്ദര്‍ശനം; മഞ്ഞ കുര്‍ത്ത ധരിച്ച പോപ്പ് താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് ഗായികയാണ് ഡൂവ ലീപ. കുറഞ്ഞ കാലം കൊണ്ട് പോപ് ഇന്‍ഡസ്ട്രിയിലെ മിന്നും താരമായി മാറിയ ഡൂവ ഇത്തവണത്തെ പുതുവത്സരം ആഘോഷിച്ചത് ഇന്ത്യയിലാണ്. ഡൂവയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ഇന്ത്യന്‍ ആരാധകര്‍ ആവേശഭരിതരായി. 2023 ന്റെ അവസാന ദിനങ്ങള്‍ ഇന്ത്യയില്‍ ചിലവഴിക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവതിയാണെന്ന് മൂന്ന് ഗ്രാമി പുരസ്‌കാര ജേതാവ് കൂടിയായ ഡൂവ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇന്ത്യന്‍ യാത്രയില്‍ നിന്നുള്ള ഒരുപാട് ചിത്രങ്ങള്‍ താരം ആരാകരുമായി പങ്കുവെച്ചു. രാജസ്ഥാനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഡൂവ കൂടുതലും പോസ്റ്റ് ചെയ്തത്. ചില ചിത്രങ്ങളില്‍ കുര്‍ത്തി പോലുള്ള ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരമുള്ളത്. കുടുംബത്തോടൊപ്പമായിരുന്നു ഡൂവ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയത്. ഡല്‍ഹി, ജോധ്പുര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെയെല്ലാം ഇവര്‍ യാത്ര ചെയ്തു. ഡല്‍ഹിയിലെ തെരുവുകളിലൂടെ ഓട്ടോറിക്ഷയിലായിരുന്നു പോപ്പ് താരത്തിന്റെ സഞ്ചാരം
രാജസ്ഥാനിലെ സഫാരിക്കാണ് മഞ്ഞ കുര്‍ത്ത ധരിച്ച് ഡൂവ എത്തിയത്. സഫാരിയുടെയും ക്യാമ്പില്‍ നിന്ന് ചായ കുടിക്കുന്നതിന്റെയും പരമ്പരാഗത രാജസ്ഥാനി നൃത്തം ആസ്വദിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഫാരിക്കിടെ കണ്ട കടുവയുടെയും ആനയുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. രാജസ്ഥാന്‍ യാത്രയ്ക്കിടെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും ഡുവ സമയം കണ്ടെത്തി.
രാജസ്ഥാനിലെ അത്യാഡംബര ഹോട്ടലായ ഉമൈദ് ഭവന്‍ പാലസിലായിരുന്നു ഡൂവയും കുടുംബവും താമസിച്ചത്. ഇവിടെ വച്ച് തന്നെയായിരുന്നു പുതുവത്സര ആഘോഷവും. ഡല്‍ഹിയിലെ സന്ദര്‍ശനത്തിടെ ഹുമയൂണിന്റെ ശവകുടീരത്തിലും ബംഗ്ലസാഹബ് ഗുരുദ്വാരയിലും ഇവര്‍ സന്ദര്‍ശനം നടത്തി.
അതീവ ഹൃദ്യമായ ഒരു കുറിപ്പോടുകൂടിയാണ് ഡൂവ ലീപ ഇന്ത്യന്‍ പോസ്റ്റുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. "ഇന്ത്യയില്‍ ഈ വര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഞങ്ങളോട് ഇത്രയും സ്‌നേഹവും ദയയും ആതിഥ്യമര്യാദയും കാണിച്ച ഇന്ത്യയിലെ വിസ്മയിപ്പിക്കുന്ന മനുഷ്യര്‍ക്ക് നന്ദി. ഏറെ അര്‍ഥവത്തായ ഒരു യാത്രയായിരുന്നു ഇത്. എന്റെ കുടുംബത്തോടൊപ്പം ഈ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു"- ഡൂവ ലീപ കുറിച്ചു. ചിത്രങ്ങള്‍ക്കെല്ലാം ആവേശകരമായ പ്രതികരണമാണ് ആരാധകര്‍ നല്‍കിയത്.
Content Highlights: Dua Lipa's India vacation afari rides and temple visits