തമിഴ്‌നാട്ടിലെ ഏത് പട്ടണങ്ങളെയും വെല്ലുന്ന നഗരമായിരുന്നു; ആ കൊടുങ്കാറ്റ്, ഇന്നതൊരു പ്രേത നഗരമാണ്

ധനുഷ്‌കോടി | Photo: PTI
ധനുഷ്‌കോടി | Photo: PTI

രാമേശ്വരത്തു നിന്ന് 22 കിലോമീറ്റര്‍ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്. 'വില്ലിന്റെ വളഞ്ഞ അഗ്രം' പോലെ ആകൃതിയുള്ള മുനമ്പ് ആയതിനാലാവാം 'ധനുഷകോടി' എന്ന പേരു ലഭിച്ചതെന്ന് കരുതുന്നു (രാമന്റെ വില്ല് കുത്തിവെച്ച സ്ഥലമെന്നും പറയുന്നു). കുറച്ചു ദൂരം താണ്ടിയാല്‍ ഇരുവശവും സമുദ്രതീരമുള്ള റോഡ്. തെക്കുകിഴക്കെ വശത്ത് ശാന്തമായ ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറെ വശത്ത് ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രവും. 

അവസാനത്തെ തീവണ്ടിയാത്ര

1964 ഡിസംബര്‍ 22 വരെ റെയില്‍ ഗതാഗതമുണ്ടായിരുന്നു ഇവിടെ. 1913-ലാണ് ദക്ഷിണേന്ത്യന്‍ റെയില്‍വേ ഈ പദ്ധതിക്ക് തുടക്കമിട്ടത്. 1914-ല്‍ രമേശ്വരത്തേക്ക് 'പാമ്പന്‍ പാലം' പണിത് രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. 1964 ഡിസംബര്‍ 22 രാത്രി പത്തുമണിക്ക് മദ്രാസ് എഗ്മൂറില്‍ നിന്ന് മധുര-രാമേശ്വരം വഴിയുള്ള 'ബോട്ട് മെയില്‍' എന്ന ട്രെയിന്‍ അവസാന സ്റ്റേഷനായ ധനുഷ്‌കോടിയിലേക്ക് എത്തുകയാണ്... കനത്ത മഴ, കൊടുംങ്കാറ്റ്... അവസാനത്തെ സിഗ്‌നല്‍ കാത്ത് ട്രെയിന്‍ കുറേനേരം നിര്‍ത്തിയിട്ടു. അര മണിക്കൂര്‍ കാത്തിട്ടും സിഗ്‌നല്‍ കിട്ടിയില്ല. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തും വരട്ടെ എന്ന ധൈര്യത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു... എതിരേ വേറെ ട്രെയിനൊന്നും വരാനില്ലല്ലോ. 

Photo: PTI

അതൊരവിവേകമായിരുന്നു... ട്രെയിന്‍ എത്തുമ്പോഴേക്കും കൂറ്റന്‍ തിരമാലകളും കൊടുങ്കാറ്റും ധനുഷ്‌കോടിയെ നിത്യനാശത്തിന്റെ കടല്‍ത്തിരകളിലേക്ക് വലിച്ചെറിഞ്ഞുകഴിഞ്ഞിരുന്നു. റെയില്‍പ്പാത പോലും പൊക്കിയെടുത്ത ഭീകര തിരമാലകള്‍ ട്രെയിനിനെയും നൂറോളം യാത്രക്കാരെയും ജീവനക്കാരെയും കടലിന്റെ അഗാധതയിലേക്കു കൊണ്ടുപോയി. അധികമാരും അറിഞ്ഞില്ല, ആ ദുരന്തം. മാധ്യമങ്ങള്‍ അധികമില്ലാതിരുന്ന കാലമായിരുന്നു അത്. കേരളത്തിലെ ഏതു റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒറ്റ ടിക്കറ്റില്‍ കൊളംബോ വരെ പോകാമായിരുന്നു. ധനുഷ്‌കോടിയില്‍ നിന്ന് ശ്രീലങ്കയിലെ 'തലൈ മന്നാറി'ലേക്ക് 31 കിലോമീറ്റര്‍ മാത്രം ദൂരം. ആവിക്കപ്പലില്‍ എത്തി കണക്ഷന്‍ ട്രെയിനില്‍ കൊളംബോ വരെ. 

1964 ഡിസംബര്‍ 22-ന് രാത്രി പത്തുമണിയോടെ അതു ചരിത്രമായി... അന്നത്തെ കൊടുങ്കാറ്റിലും സുനാമിയിലും രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചുവെന്നാണ് വിവരം. ഇന്നത്തെ ഏതു തമിഴ് പട്ടണങ്ങളെയും വെല്ലുന്ന പട്ടണമായിരുന്നു ധനുഷ്‌കോടി... ആ സുനാമി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് തലയുയര്‍ത്താന്‍ ധനുഷ്‌കോടി എന്ന ആധുനിക നഗരം നിലനിന്നേനെ. ഇന്നു പ്രേതനഗരത്തെപ്പോലെ, പോയകാലത്തിന്റെ അവശിഷ്ടപഞ്ജരങ്ങള്‍ ബാക്കിവെച്ചത്, പൊള്ളുന്ന വെയിലിലും നമ്മെ ഒരു ഗതകാലസ്മരണകളിലേക്ക് കൂട്ടികൊണ്ടുപോകാന്‍ ഇതൊക്കെ മതിയാകുമെന്ന നിലയിലാണ്.

Photo: AFP

ഒരു ജനതയുടെ അതിജീവനം

ചരിത്രം അറിയാന്‍ ശ്രമിക്കുന്ന സഞ്ചാരികളുടെ മനസ്സിലെ നോവാണ് ധനുഷ്‌കോടി. ഈ ദുരന്തത്തിനു ശേഷം അവിടത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനു കണക്കില്ല. വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണമില്ല... ആയിരങ്ങള്‍ പലായനം ചെയ്തു. എങ്കിലും എന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുമെന്ന ഒറ്റ വിശ്വാസത്തില്‍ ഇന്നും നൂറില്‍പ്പരം കുടുംബങ്ങള്‍ കനത്ത ചൂടും ബുദ്ധിമുട്ടുകളും സഹിച്ച്  ഓലപ്പുരകളില്‍ കഴിയുന്നു. 

ഫോട്ടോ: മധുരാജ്‌

ദുരന്തബാധിത പ്രദേശമെന്ന നിലയില്‍  ഈ നഗരത്തിന്റെ പുനര്‍നിര്‍മാണത്തിന് താത്പര്യം കാണിക്കാതെ തമിഴ്നാട് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ ചെറുത്തുനില്‍പ്പില്‍ സര്‍ക്കാര്‍ പിന്‍വാങ്ങി. വെളിച്ചത്തിനായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകൊടുത്തു ഒരോ കുടിലിനും. കുടിവെള്ളം, ആഹാരം തേടല്‍... ഇന്നും അവര്‍ക്കൊരു ബാലികേറാമല പോലെയാണ്.  ഇന്ന് ടൂറിസം അവര്‍ക്കൊരു വരുമാനമാര്‍ഗമാണ്. മീന്‍പിടിത്തവുമുണ്ട്. പക്ഷേ, സീസണ്‍ കഴിഞ്ഞാല്‍ വീണ്ടും ദുരിതത്തിലേക്ക്... എങ്കിലും തലമുറകളുടെ ഓര്‍മകള്‍ അടക്കംചെയ്ത, പിറന്നമണ്ണിനെ വിടില്ല എന്ന ഉറച്ച തീരുമാനത്തില്‍ കുറേ മനുഷ്യജന്മങ്ങള്‍.

ഒരുകുപ്പി വെള്ളം അവരുടെ പക്കല്‍നിന്ന് വാങ്ങുമ്പോള്‍ ഇരട്ടി വിലയാണ് ഈടാക്കുന്നത്. എങ്കിലും ആരും ചോദിക്കില്ല... അവരുടെ ദുരിതമറിയാം. ദാഹജലത്തിന്റെ വിലയറിയുന്ന നേരവുമാണത്.  ഗതകാലത്തില്‍ പ്രൗഢമായിരുന്ന പള്ളിയും പോലീസ് സ്റ്റേഷനും സ്‌കൂളും നേവിയുടെ കെട്ടിടങ്ങളും റെയില്‍ അനുബന്ധ കെട്ടിടങ്ങളും അസ്ഥിപഞ്ജരങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു.

Content Highlights: dhanushkodi travel history rameshwaram tamilnadu