ജലംകൊണ്ടുമൂടിയ അതേ കടൽ തന്നെ പതിറ്റാണ്ടുകൾക്ക് ശേഷം തിരികെവെച്ചു; ധനുഷ്‌കോടിയെന്ന പ്രേത നഗരം

രാമേശ്വരത്തെക്കുറിച്ചും ധനുഷ്‌കോടിയെക്കുറിച്ചുമെല്ലാം കേട്ടുതുടങ്ങുന്നത് ഹൈസ്‌കൂൾ പഠന കാലത്താണ്. അന്ന് ജീവിതത്തിൽ ട്രെയിൻ യാത്രപോലും നടത്തിയിരുന്നില്ല. ആദ്യമായി ട്രെയിനിൽ കയറിപ്പോകുന്നത് കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്കായിരുന്നു. അതിനും പതിനെട്ടു വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു. അന്നുവരെ ജീവിത പരിസരങ്ങളിലൂടെ കുതിച്ചോടുന്നതും കോഴിക്കോട് സ്‌റ്റേഷനിൽ നിർത്തിയിട്ടതുമായ ട്രെയിനുകൾ കണ്ടിരുന്നെന്നല്ലാതെ അവയിലൊന്നു തൊട്ടുനോക്കാൻപോലും സാധിച്ചിരുന്നില്ല.
യാത്രകളെന്നാൽ കുട്ടിക്കാലത്ത് ഉമ്മയുടെ വീടായ മൂഴിക്കലിനടുത്ത ചെറുവറ്റയിലേക്കോ (കോഴിക്കോട്ടുനിന്നു പത്തു കിലോമീറ്റർ), എളാമ്മയുടെ വീടായ പൂളപ്പൊയിലേക്കോ (മുക്കത്തിനടുത്ത നിലേശ്വരം ഭാഗം) മാത്രം പരിമിതപ്പെട്ട ഒരുകാലം. ആ ദിനങ്ങളിൽ മലയാളത്തിന്റെ അതിരുവിട്ടൊരു പ്രയാണം ചിന്തിക്കാനാവുമായിരുന്നില്ല.
ഉത്തരേന്ത്യൻ യാത്രകൾക്കും ഒരുപാട് വർഷങ്ങൾക്കു ശേഷമായിരുന്നു കോഴിക്കോട്ടുനിന്ന് രാമേശ്വരത്തേക്കു പുറപ്പെട്ടത്. 12 മണിക്ക് പുറപ്പെട്ട് നല്ല ചുട്ടുപൊള്ളുന്ന പാലക്കാടൻ ചൂടിലേക്ക് വൈകിയിട്ട് നാലോടെ എത്തി. അതിനിടയിൽ ട്രെയിൻ അലറിക്കരഞ്ഞു കിതപ്പാറ്റിയ എത്രയെത്ര സ്റ്റേഷനുകൾ. തോടുകൾ, പുഴകൾ...
ട്രെയിൻ ഇറങ്ങിയ ശേഷം ബസ്സിലായിരുന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. പാലക്കാട്ടുനിന്നു കോയമ്പത്തൂരിലേക്ക് റോഡ് മാർഗം 53 കിലോമീറ്ററാണ് ദൂരം. കെ.എസ്.ആർ.ടി.സിയുടെ ബസ്സിലായിരുന്നു യാത്ര. ഈ റൂട്ടിൽ അടിക്കടി ഇന്റർ സ്റ്റേറ്റ് ബസുകൾ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ ഓടുന്നതിനാൽ യാത്ര പരമസുഖം. ഒന്നേകാൽ മണിക്കൂറിനകം തമിഴ്‌നാടിന്റെ അതിർത്തി നഗരമായ കോയമ്പത്തൂരിലേക്കെത്താം. ട്രെയിൻ മാർഗ്ഗം പോയാൽ നാലു കിലോമീറ്റർ ചുരുങ്ങുകയും യാത്രാ സമയം ഒരു മണിക്കൂറാവുകയും ചെയ്യുമെങ്കിലും ട്രെയിൻ കയറാനുള്ള ടിക്കറ്റുൾപ്പെടെയുള്ള ഫോർമാലിറ്റികളിലൂടെ കടന്നുപോകുന്നതിനെക്കാളും എളുപ്പം റോഡ് മാർഗം തന്നെ.
വെയിൽ കിതച്ചുതുടങ്ങിയതിനാൽ ചൂടിന് നല്ല ശമനമായിരിക്കുന്നു. പാലക്കാടൻ കാറ്റിനെ വകഞ്ഞുമാറ്റി ബസ് കുതിച്ചോടുന്നു. കോയമ്പത്തൂരിലേക്കുള്ള ആ യാത്രയിൽ പാലക്കാടൻ ഗ്രാമക്കാഴ്ചകൾ അകമ്പടിയായി. കരിമ്പനയും പാടശേഖരങ്ങളും കുറ്റിക്കാടുകളുമെല്ലാം വാതിൽപ്പുറക്കാഴ്ചകളിൽ മാറിമാറി വന്നു. വാളയാറിലെ ചെക്ക്പോസ്റ്റിനോട് അടുക്കവേയായിരുന്നു സഹ്യന്റെ സാന്നിധ്യം അനുഭവിച്ചത്. ദൂരെയായി നിലകൊള്ളുന്ന പർവതം പലപ്പോഴും അടുത്തേക്ക് ഇറങ്ങിവരുന്നതായി തോന്നി.
കോയമ്പത്തൂരിലെ സന്ധ്യ
കേരള- തമിഴ്‌നാട് ചെക്ക്പോസ്റ്റായ വാളയാർ കടന്നതോടെ ഭാഷയും ദേശവും മാറി. കുന്നും മലയുമില്ലാതെ വിശാലമായി കിടക്കുന്ന താഴ് വര പ്രദേശം. തമിഴ്നാടിന്റെ ഈ ഭാഗങ്ങളിലെ പ്രധാന കാഴ്ച മുൾനിറഞ്ഞതെന്ന് തോന്നിക്കുന്ന പാഴ്‌ച്ചെടികളും കുറ്റിമരങ്ങളും നിറഞ്ഞ കാട്ടുപ്രദേശങ്ങളുമാണ്. ദൂരക്കാഴ്ചയിൽ പുളിമരത്തിന്റെ ഇലയോടാണ് അവയ്ക്ക് സാമ്യം. വാളയാർ വഴി തമിഴ്നാട്ടിലൂടെയുള്ള യാത്രയിൽ ആ ചെടി എന്നും എന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതേ മരങ്ങൾതന്നെ നമുക്ക് മരുഭൂമിയായ കച്ച് മേഖലയിലും കാണാനാവും. മണൽനിറഞ്ഞ പ്രദേശത്ത് കുറ്റിക്കാടുകൾ. മിക്കയിടത്തും മുകളിൽ വിവരിച്ച ചെടിയെ കാണാനുള്ളൂ.
കോയമ്പത്തൂരിലെത്തിയപ്പോൾ ഇരുൾ മൂടിയിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചതിനാൽ അത്തരം വേവലാതികൾ അവസാനിച്ചത് ആശ്വാസം നൽകി. അടുത്ത ലക്ഷ്യം രാമേശ്വരമാണ്. അതുവഴി ഒന്ന് സഞ്ചരിക്കാൻ ആഗ്രഹം പെരുത്തിട്ട് നാലഞ്ചു വർഷത്തോളമായി. ഒരു രാവിന്റെ യാത്രയുണ്ട് രാമേശ്വരത്തേക്കെന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് അറിയുന്നത്. അത് നന്നായി, രാവ് പുലരുമ്പോഴേക്കും അവിടേക്കെത്താം. രാത്രി തങ്ങാൻ മുറിയെടുക്കുകയെന്ന കെട്ടുപാടും ഒഴിവാക്കാം.
തമിഴ്നാട്ടിലെ ചെന്നൈ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തുണിമില്ലുകൾ ധാരാളമായുള്ള, തമിഴിൽ കോവൈ എന്ന് അറിയപ്പെടുന്ന കോയമ്പത്തൂർ. തമിഴരുടെ വ്യവസായ നഗരം. വിവിധ യന്ത്രങ്ങൾ നിർമിക്കപ്പെടുന്ന തെക്കേ ഇന്ത്യയിലെ മുഖ്യ കേന്ദ്രവുമാണ് കോവൈ. ഉന്നത നിലവാരം പുലർത്തുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. നഗര മധ്യത്തിൽനിന്ന് 10 കിലോമീറ്റർ മാത്രമേയുള്ളു വിമാനത്താവളത്തിലേക്ക്. കോയമ്പത്തൂർ ജങ്ഷൻ, പോത്തന്നൂർ ജങ്ഷൻ, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നിവയാണ് റെയിൽവേ സ്റ്റേഷനുകൾ. മലയാളികൾ ആശ്രയിക്കുന്ന പ്രധാന എജ്യുക്കേഷൻ ഹബ്ബുകൂടിയാണ് ഇവിടം. അതിവേഗം എത്തിച്ചേരാനാവുമെന്നതു തന്നെ പ്രധാന ആകർഷണം. നഗരവാസികൾക്കെല്ലാം മലയാളം മനസ്സിലാവുമെന്നതും പ്ലസ് പോയന്റ് തന്നെ.
രാവണ്ടിയിൽ രാമേശ്വരത്തേക്ക്
ചൊവ്വാഴ്ചകളിൽ രാത്രി 7.45ന് പുറപ്പെടുന്ന 16618-ാം നമ്പർ രാമേശ്വരം എക്സ്പ്രസ് രാവിലെ 6.30 മണിക്ക് രാമേശ്വരത്ത് എത്തും. ഏറെ സൗകര്യപ്രദമാണെങ്കിലും ആഴ്ചയിൽ ഒരു സർവീസേയുള്ളൂ. 11 മണിക്കൂറാണ് യാത്രാ ദൈർഘ്യം. തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, തിരുച്ചിറപ്പള്ളി, ശിവഗംഗ, രാമനാഥപുരം, മണ്ഡപം വഴിയാണ് കടന്നുപോകുന്നത്. രാമേശ്വരം- മധുരൈ പാസഞ്ചറാണ് ഈ റൂട്ടിലെ ചെലവ് കുറഞ്ഞ ട്രെയിൻ. ആഴ്ചയിൽ ഏഴു ദിവസം സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകൾക്ക് പുറമേ 12 ട്രെയിനുകൾ കൂടിയുണ്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി രാമേശ്വരത്തെ ബന്ധിപ്പിക്കാൻ. എന്നാൽ ദിനേനയുള്ളവ കുറവാണ്. പ്രധാന ട്രെയിനുകളിൽ ഒന്ന് രാമേശ്വരം എക്സ്പ്രസാണ്. 11 മണിക്കൂറാണ് യാത്രാ ദൈർഘ്യം. 296 രൂപയാണ് ടിക്കറ്റ് നിരക്ക്.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ്സിലായിരുന്നു രാമേശ്വരത്തേക്ക് പുറപ്പെട്ടത്. ഇന്ത്യയുടെ തെക്കേയറ്റത്തെ ഒരു മുനമ്പാണ് രാമേശ്വരം. വൻകരയിൽനിന്ന് വേറിട്ട് സ്ഥിതിചെയ്യുന്ന ഈ പാമ്പൻ ദ്വീപിലേക്ക് നിർമിച്ച പാലം നമുക്കെല്ലാം പരസ്യങ്ങളിലൂടെ ഏറെ സുപരിചിതമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു പ്രത്യേക ബ്രാന്റ് സിമന്റിന്റെ പരസ്യം നാം അടിക്കടി കേട്ടിരുന്നു പാമ്പൻ പാലത്തിന് കരുത്തേകുന്ന പിൻബലമെന്നായിരുന്നു ആ പരസ്യ വാചകം. ടെലിവിഷൻ പ്രേക്ഷകരെയെല്ലാം ഏറെ അത്ഭുതപ്പെടുത്തിയതയിരുന്നു ആ പരസ്യത്തിലെ പാമ്പൻ പാലം.
ബസ് സ്റ്റാന്റിൽ രാത്രിയായിട്ടും നല്ല തിരക്കുതന്നെ. രാമേശ്വരം ബസ് പുറപ്പെട്ടപ്പോഴേക്കും എട്ടുമണി കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽനിന്ന് 444 കിലോമീറ്ററാണ് റോഡുമാർഗം രാമേശ്വരത്തേക്കുള്ളത്. ദേശീയപാത 81 വഴിയുള്ള ദൂരമാണിത്. എൻ.എച്ച് 87 വഴിയാണെങ്കിൽ 378 കിലോമീറ്റർ ദൂരമേയുള്ളൂ. എട്ടു മുതൽ ഒൻപത് മണിക്കൂർവരെ വേണം ഈ ദൂരം താണ്ടാൻ. റെയിൽമാർഗം 506 കിലോമീറ്ററാണ് ദൂരം. എന്നാൽ സർവീസ് വളരെ കുറഞ്ഞതിനാൽ മിക്കവരും റോഡിനെയാണ് ആശ്രയിക്കാറ്.
നിറയെ യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. സൈഡ് സീറ്റ് ലഭിച്ചത് അനുഗ്രഹമായി. മുൻവശത്തെ വാതിലിന് സമീപത്തായിരുന്നു ഇരിപ്പിടം. ബസ്സിന് നല്ല വേഗം. ആളൊഴിഞ്ഞ വഴിയിലൂടെ രാവിനെ ശബ്ദമുഖരിതമാക്കി ലക്ഷ്യത്തിലേക്ക് കുതിച്ചോടുകയാണ്. കേരളത്തെ അപേക്ഷിച്ച് വിജനമായ പ്രദേശങ്ങളാണ് തമിഴ്നാടിന്റെ പ്രത്യക്ഷത്തിൽ ആരെയും ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യേകത. പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം നീണ്ട മണിക്കൂറുകൾ ഇടവിട്ടേ കാഴ്ചയിലേക്ക് എത്തൂ. പലയിടത്തും നഗരങ്ങളോട് ചേർന്നാണ് അധികം വിദൂരമല്ലാതെ ഗ്രാമങ്ങൾ പ്രത്യക്ഷപ്പെടുക. ദേശീയപാതകൾ ചെന്നെത്താത്ത പ്രദേശങ്ങളിൽ ഗ്രാമങ്ങൾ അതിവിദൂരതയിൽ സ്ഥിതിചെയ്യുന്നുണ്ടാവും തീർച്ച. ചീവിടിന്റെ ചിലപ്പുപോലുമില്ലാത്ത മൂകമായ രാത്രി. ബസിന്റെ ഇരമ്പം മാത്രം കേൾക്കാം.
അർധരാത്രിയോടെ ഞങ്ങൾ ഒരു ബസ് സ്റ്റാന്റിൽ എത്തി. ഹൈവേയോട് ചേർന്നായിരുന്നു ആ ബസ് സ്റ്റേഷൻ. നൂറുകണക്കിന് ബസ്സുകൾക്ക് നിർത്തിയിടാൻ പാകത്തിലാണ് തമിഴ്നാട് സർക്കാർ അത് പണിതിരിക്കുന്നത്. പക്ഷേ പട്ടിക്കാടുപോലുള്ള ഒരിടത്താണ് ആ സ്റ്റാന്റ് നിലകൊള്ളുന്നത്. പട്ടണത്തിന്റേതായ കെട്ടിടങ്ങളുടെ ധാരാളിത്തമൊന്നും കാഴ്ചയിൽ പതിഞ്ഞില്ല. യാത്രക്കാരുമായി പുറപ്പെടാൻ ഒരുങ്ങുന്ന കുറേ ബസ്സുകൾ അവിടെ തലങ്ങും വിലങ്ങും നിർത്തിയിട്ടിരുന്നു. ബസ് സ്റ്റേഷൻ കെട്ടിടത്തിൽ ചായയും ശീതളപാനീയങ്ങളും വിൽപ്പന നടത്തുന്ന കടകളിൽ വമ്പൻ തിരക്ക്. ഇനിയൊരു ഹാൾട്ടിങ് സ്ഥലം യാത്രയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്ന് ഉറപ്പായതിനാൽ പുറത്തേക്കിറങ്ങി. ഈ റൂട്ടിലെ പ്രധാന സ്റ്റേഷനാണ് അതെന്ന് കാഴ്ചകൾ ബോധ്യപ്പെടുത്തി. മറ്റു യാത്രക്കാർക്കൊപ്പം പുറത്തേക്കിറങ്ങി. പേപ്പർ ഗ്ലാസിലാണ് കാപ്പി നൽകുന്നത്. വീണ്ടും കുടിക്കാൻ പ്രേരിപ്പിക്കുന്ന രുചിയുള്ള കാപ്പി. മലയാളിക്ക് തീരെ വഴങ്ങാത്ത ജോലിയാണ് കാപ്പികൂട്ടുന്നതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ന്യൂജൻ കഫേകളും വൻകിട ഹോട്ടലുകളും ഒഴിവാക്കിയാൽ കേരളത്തിൽ മിക്കയിടത്തും കിട്ടുക രുചികെട്ട കാപ്പിയാണ്. തമിഴ്നാട്ടിൽ എവിടെ ചെന്നാലും ലഭിക്കുന്ന കാപ്പി മേന്മയുള്ളതാവുമെന്ന് പലപ്പോഴും നടത്തിയ ഹ്രസ്വമായ യാത്രകളിൽ അനുഭവിച്ചറിഞ്ഞതാണ്. രണ്ടു ഗ്ലാസ് കാപ്പി കുടിച്ചു. രുചിയാണ് പ്രേരണയായത്. അര മണിക്കൂറോളം കഴിഞ്ഞായിരുന്നു ബസ് യാത്ര പുനരാരംഭിച്ചത്. മിക്കവരും തട്ടുകടയിൽനിന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ടു. മൂത്രമൊഴിക്കാനായി സ്റ്റേഷന്റെ അതിരിലെ വിജനമായ തുറസിലേക്ക് നടന്നു. സ്റ്റേഷന് ചുറ്റും കണ്ണോടിക്കാൻ ആ അവസരം ഉപയോഗപ്പെടുത്തി. ബസ് സ്റ്റാന്റിലെ മങ്ങിയ വെളിച്ചം ഒഴിച്ചുനിർത്തിയാൽ ഏതോ കാട്ടുപ്രദേശത്ത് എത്തിയ പ്രതീതിയായിരുന്നു. ആ ഇരുട്ടാവണം ബസ് സ്റ്റേഷനിലെ വിളക്കുകൾക്ക് നിറംപോരെന്ന് തോന്നിപ്പിച്ചത്. പൂഴി നിറഞ്ഞ പ്രദേശം. ഡ്രൈവർ ഹോൺ അടിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ചാടി ബസ്സിൽ കയറിയത്.
രാവിൻ സുഷുപ്തിയിൽ അമർന്ന സർവജീവജാലങ്ങളെയും വിളിച്ചുണർത്താൻ ഒരുമ്പെട്ടന്നപോലെയാണ് ബസ്സ് ചീറിപ്പായുന്നത്. ബസ് സ്റ്റേഷൻ പിന്നിട്ടതോടെ വീണ്ടും പാതക്കിരുപുറവും ഇരുളിന്റെ കരിമ്പടക്കെട്ടുകൾ മാത്രമായി. നേരിയ തണുപ്പൻകാറ്റ് ദേഹത്തെ മുട്ടിയുരുമ്മി പിന്നിലേക്ക് ഓടിപ്പോകുന്നത് ആവർത്തിച്ചുകൊണ്ടിരുന്നു. ബേഗിൽ കരുതിയ ഷാൾ എടുത്ത് തലവഴി ദേഹം മൂടി. സഹയാത്രികരിൽ ബഹുഭൂരിപക്ഷവും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അത്ഭുതം തോന്നി. ബസ് വീണ്ടും പുറപ്പെട്ടിട്ട് അധികനേരമായിരുന്നില്ല.
ആ സ്റ്റേഷനിൽനിന്ന് കയറിയ കുറച്ച് യാത്രക്കാർ സീറ്റ് ലഭിക്കാത്തതിനാൽ കമ്പികളിൽ കൈകോർത്ത് ഉറക്കിനും ഉണർച്ചയ്ക്കുമിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. നേർരേഖയിലുള്ള പാതയിൽ യാതൊന്നും ശ്രദ്ധയാകർഷിക്കാൻ ഞങ്ങളെ കാത്തുകിടന്നില്ല. എപ്പോഴോ കണ്ണുകൾ അടഞ്ഞുപോയി. ഉറക്കമുണർന്നപ്പോൾ നേരം പുലരാൻ തയ്യാറെടുക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു. ഉറക്കത്തിലാണ്ടവരിൽ ചിലർ ഉണർന്ന് വെപ്രാളത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. വഴിക്കിറങ്ങേണ്ടവരാവാം. മറ്റെവിടെയെങ്കിലും ആ വാഹനം നിർത്തിയിരിക്കാൻ ഇടയില്ല. ഒരു പക്ഷേ ഉറക്കത്തിലേക്ക് കൂപ്പുകുത്തിയ മണിക്കൂറുകളിൽ അത്തരം ഒന്ന് സംഭവിച്ചിരിക്കില്ലെന്ന് ഉറപ്പിക്കാനും വയ്യ.
ഇന്ത്യൻ ഉപദ്വീപിന്റെ അറ്റമായ മണ്ഡലത്തിൽനിന്ന് രാമേശ്വരത്തേക്ക് നയിക്കുന്ന പാമ്പൻ പാലത്തിലേക്കു ബസ് പ്രവേശിച്ചപ്പോഴേക്കും നേരം നന്നായി പുലർന്നിരുന്നു. ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ഞാൻ നടത്തിയ യാത്രകളിലൊന്നും അത്രയും നീളമുള്ള ഒരു പാലം ഓർമ്മയിലില്ല. ആ പാലം ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നി. ദൂരെ കരയോട് ചേർന്ന് മത്സ്യബന്ധന വള്ളങ്ങൾ ഓളങ്ങളിൽ ചാഞ്ചാടുന്നു. ഒന്നും രണ്ടുമല്ല. നുറുകണക്കിന് വള്ളങ്ങളാണ് ചേർത്തുകെട്ടിയപോലെ കിടക്കുന്നത്. രാമേശ്വരത്തേക്ക് എത്തുന്ന ഏതൊരു സന്ദർശകന്റെയും ഓർമ്മയിൽ തങ്ങിനിൽക്കുന്നതായിരുന്നു ആ പാലത്തിൽനിന്നുള്ള വാതിൽപ്പുറക്കാഴ്ചകൾ.
കുറേദൂരം പിന്നിട്ടതോടെ വീണ്ടും കരയിലേക്കു ഞങ്ങളെത്തി. അതായത് വൻകരയെയും രാമേശ്വരത്തെയും വേർതിരിക്കുന്ന കടലിടുക്ക് താണ്ടി മറുകരയെത്തിയെന്ന് ചുരുക്കം. ഉത്തരേന്ത്യൻ യാത്രയിലെന്നപോലെ ആളുകളുടെ പ്രധാന ഒഴുക്കിനൊത്ത് മുന്നോട്ട് നടന്നു. ആ ഒഴുക്ക് ലക്ഷ്യമിടുന്നത് രാമേശ്വരത്തെ ക്ഷേത്ര സമുച്ചയമാണെന്ന് വേഗം ബോധ്യപ്പെട്ടു. രാമന്റെ കാൽപാദം പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന രാമനാഥസ്വാമി ക്ഷേത്രത്തിലെ ചക്രം ലോക പ്രശസ്തമാണ്. ശൈവ പ്രതിഷ്ഠയാണ് രാമനാഥസ്വാമിക്ഷേത്രത്തിലേത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നാലു ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിൽ (ചാർ ധാമുകൾ) ഒന്നാണിത്. ബദരീനാഥ്, ദ്വാരക, പുരി എന്നിവയാണ് മറ്റുള്ളവ. വൻകരയിൽനിന്ന് മാറി പാമ്പൻ ദ്വീപിലാണ് രാമേശ്വരം സ്ഥിതിചെയ്യുന്നത്. കരയേയും പാമ്പൻ ദ്വീപിനെയും വേർതിരിക്കുന്നത് പാമ്പൻ ചാനലാണ്. ശ്രീലങ്കയുടെ ഭാഗമായ മന്നാർ ദ്വീപിലേക്ക് ഇവിടെ നിന്ന് 40 കിലോമീറ്റർ മാത്രമാണ് ദൂരമത്രേ.
രാമൻ ഭാര്യയായ സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് പാലം പണിതത് രാമേശ്വരത്തുനിന്നായിരുന്നുവെന്നാണ് വിശ്വാസം. രാവണൻ തട്ടിയെടുത്ത സീതയെ ലങ്കയിലായിരുന്നല്ലോ തടവിൽ പാർപ്പിച്ചത്. നമ്മുടെ നാട്ടുകാർ കൂടുതലായും മോക്ഷം തേടി പോകുന്ന ഇടമാണ് രാമേശ്വരം. മലയാളിക്ക് തീർഥാടനമെന്നാൽ രാമേശ്വരത്തേക്കും പളനിക്കുമുള്ള പ്രയാണമായ ഒരു ഭൂതകാലമുണ്ടായിരുന്നു. തിരിച്ചുവരാൻ മനസ്സ് കൂട്ടാക്കാത്തവരായിരുന്നു കൂടുതലും ഹിമാലയം കയറിയിരുന്നത്.
ഓപ്പൺ എയറിൽ ഒരു കുളി
ജീവിതത്തിൽ ഒറ്റപ്പെട്ടവരും ഗ്രാഹസ്ഥ്യം വിരസമായവരും വയോജനങ്ങളും ഊരുതെണ്ടികളുമെല്ലാം അന്ന് രാമേശ്വരത്തേക്ക് തീർഥാടനം നടത്തിയിരുന്നു. ബസ് സ്റ്റാന്റിൽനിന്നു അൽപം മാറിയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. കാലുകൾ വലിച്ചുവെച്ച് നടക്കാൻ ശ്രമിച്ചു. രാത്രി ഉറക്കം ശരിയാവാത്തതിനാൽ മുന്നോട്ടു നടക്കാനുള്ള പ്രേരണയെ കാലുകൾ തണുത്ത മട്ടിലാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. ക്ഷീണം കാരണം എവിടെയെങ്കിലും മുറിയെടുത്ത ശേഷമാവാം കാഴ്ച കാണലെന്ന് ആലോചിച്ചു. അപ്പോഴാണ് പുതിയൊരു വെല്ലുവിളി അരികിലേക്കെത്തിയത്. ഞാൻ സഞ്ചരിച്ച ഒരു പ്രദേശത്തുമില്ലാത്ത ഏറെ വിചിത്രമായ ഒരു നിയമം. കാര്യം നിസ്സാരമാണ്. ഏകാന്തസഞ്ചാരികൾക്കും സന്ദർശകർക്കുമൊന്നും മുറി നൽകില്ലെന്ന് എല്ലാ ലോഡ്ജ് നടത്തിപ്പുകാരും ഒരേപോലെ ആണയിട്ടു. ചുരുങ്ങിയത് രണ്ടുപേരുണ്ടാവണമത്രെ.
വടക്കേ ഇന്ത്യയിലെ എത്രയെത്ര വിദൂര നഗരങ്ങളിൽ തനിച്ച് സഞ്ചരിച്ചിരിക്കുന്നു. അവിടങ്ങളിൽ ഒന്നും ഇത്തരം ഒരു പ്രതിസന്ധി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒടുവിൽ പ്രഭാത കൃത്യങ്ങൾക്കായി സൗകര്യം നൽകുന്ന ഒരിടത്തെ ആശ്രയിക്കേണ്ടിവന്നു. സത്രങ്ങളുടെ ചൂരായിരുന്നു അത്തരം ഇടങ്ങൾക്ക്. നിരനിരയായി നിർമിച്ച കക്കൂസുകൾ. എവിടെയും കുളിമുറികൾ കണ്ടതേയില്ല. ആറേഴിടത്ത് പരതിയ ശേഷമായിരുന്നു അത്തരം ഒന്നുമായി സമരസപ്പെട്ടത്.
കുളിക്കാനായി മത്സ്യം വളർത്തുന്നതരം ടാങ്കുകളായിരുന്നു അവിടങ്ങളിലെല്ലാം സജ്ജമാക്കിയിരുന്നത്. ടാങ്കിലെ മഗ്ഗിൽനിന്നു വെള്ളമെടുത്ത് ദേഹത്തൊഴിച്ച് ഓപ്പൺ എയറിൽ കുളി. എനിക്ക് ചുറ്റും കുളിച്ചുകൊണ്ടിരുന്നതത്രയും തമിഴരും തെലുങ്കരും കന്നഡക്കാരുമായിരുന്നു. നിത്യാഭ്യാസികളെപ്പോലെ അവർ ആ കർമ്മം ആസ്വദിച്ച് ചെയ്യുന്നത് കുറേനേരം ഇമയനക്കാതെ നോക്കിനിന്നു. ഗത്യന്തരമമില്ലാത്തതിനാൽ തോർത്തുടുത്ത് ഞാനും അതേകാര്യം ആവർത്തിച്ചു. ആദ്യം പ്രശ്ന പരിഹാരാർഥം കടലിൽ സ്നാനം ചെയ്യാനായിരുന്നു പുറപ്പെട്ടത്. എന്നാൽ കടലിൽ കണ്ട അഴുക്കിന്റെ ആധിക്യമായിരുന്നു തീരുമാനം മാറ്റാൻ പ്രേരണ. കഴുത്തറ്റം വെള്ളത്തിലേക്ക് നീങ്ങിയിട്ടും ആ കടൽവെള്ളം മാലിന്യമുക്തമായി തോന്നിയില്ല. പൂഴിക്ക് പകരം കാലുകൾ അമരുന്നത് പായൽപിടിച്ച വസ്ത്രങ്ങളിലും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിലുമായിരുന്നു. ഓരോ അടിവെക്കുമ്പോഴും ആ വഴുവഴുപ്പ് തലച്ചോറിലേക്ക് അസ്വസ്ഥതയെ അടിച്ചു കയറ്റി. ആദ്യമായിട്ടായിരുന്നു പൂഴിക്ക് പകരം അഴുക്കും പായൽനിറഞ്ഞ വസ്ത്രങ്ങളാൽ പരവതാനി വിരിച്ചതുമായ ഒരു കടലിൽ സ്നാനത്തിനിറങ്ങേണ്ടി വരുന്നത്. ഭക്തർക്ക് മോക്ഷകവാടമാണ് ആ കടൽ. അവരാരും വെള്ളത്തിന്റെ അടിത്തട്ടിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല.
പാദം മുതൽ കഴുത്തോളം നനഞ്ഞതിനാൽ ആ ടാങ്കിലെ വെള്ളത്തിൽ കുളിച്ചു ശുദ്ധിവരുത്തുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. രണ്ടടി ഉയരമുള്ള ടാങ്കിൽ ഒന്നരയടിയോളമേ വെള്ളമുണ്ടായിരുന്നുള്ളൂ. പൊടിയും ഉപയോഗിച്ച സോപ്പുകഷ്ണങ്ങളും ചവറുകളുമെല്ലാം ആ വെള്ളം ദേഹത്തൊഴിക്കുന്നതിനെ അടിക്കടി തടയുന്നതായിരുന്നു. വേറെ മാർഗമില്ലാത്തതിനാൽ ഉപ്പിക്കുന്ന ആ വെള്ളത്തിൽ എങ്ങനെയെല്ലാമോ ദേഹം ശുദ്ധി പരതി. ക്ഷേത്രനടയിലേക്ക് നടന്നെങ്കിലും ആകാശത്തോളം ഉയരത്തിൽ നിർമിച്ച ആ കെട്ടിടത്തിന്റെ ഗാംഭീര്യം വാപൊളിച്ചു നോക്കി തൃപ്തിയടയാനേ സാധിച്ചുള്ളൂ. ദീർഘിച്ച ക്യൂവിൽ ഇടംനേടി ക്ഷേത്ര ദർശനം നടത്തണമെങ്കിൽ ആ പകൽ പോരാതെ വരുമെന്നതിനാലാണ് ആ ശ്രമം ഉപേക്ഷിച്ചത്. ക്ഷേത്രനടയിലേക്ക് പോകുന്നതിന് മുൻപായി വഴിയരികിലെ ഒരു ക്ലോക്ക് മുറിയിൽ ബേഗും സാധനങ്ങളും ഏൽപ്പിച്ചിരുന്നു. ക്ഷേത്രത്തെ വലംവെയ്ക്കുന്ന പാതകൾക്കിടയിൽ എവിടെയായിരുന്നു ബേഗ് ഏൽപ്പിച്ചതെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് മണിക്കൂറുകളോളം അലയേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചു.
കടലെടുത്തു പതിറ്റാണ്ടുകൾക്കു ശേഷം തിരിച്ചുവച്ച ഒരു നഗരം
രാമേശ്വരത്തേക്കു ഭക്തരെയും സഞ്ചാരികളെയും ക്ഷണിക്കുന്നത് ക്ഷേത്രവും കടലുമാണ്. ക്ഷേത്ര പരിസരത്തുനിന്ന് ഓട്ടോയിലായിരുന്നു ബസ് സ്റ്റാന്റിലേക്ക് എത്തിയത്. ധനുഷ്‌കോടിയിലേക്ക് പോകണം. 20 കിലോമീറ്ററാണ് രാമേശ്വരത്തുനിന്നു ധനുഷ്‌കോടിയിലേക്കുള്ള ദൂരം. മൂക്കാൽ മണിക്കൂറോളംവേണം എത്തിച്ചേരാൻ. ബസ് കയറി. നല്ല തിരക്കായിരുന്നു. സഞ്ചാരികളും തദ്ദേശീയരുമെല്ലാം അവിയലുപോലെ അതിൽ ആണ്ടുകിടന്നു. തിരക്കുള്ള ബസ്സായിരുന്നതിനാൽ ഒരു മണിക്കൂറോളമെടുത്തു ധനുഷ്‌കോടിയിലേക്കെത്താൻ. ടെമ്പോ ട്രാവലറുകളാണ് ധാനുഷ്‌കോടിയിൽ സന്ദർശകരെ സ്വാഗതം ചെയ്യുക. ഊഴംകാത്ത് നിലയുറപ്പിച്ചിരിക്കുന്ന ധാരാളം ടെമ്പോ ട്രാവലറുകൾ. ഓരോ ബസ് എത്തുമ്പോഴും ഡ്രൈവർമാർ ആളുകളെ ഉച്ചത്തിൽ വിളിച്ചു വാഹനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടിരുന്നു. കടൽക്കരയിലേക്ക് പോകാനായാണ് ഭക്തരും സഞ്ചാരികളുമെല്ലാം രാമേശ്വര സന്ദർശനത്തിന് ശേഷം ധനുഷ്‌കോടിയിലേക്കു കിതച്ചെത്തുന്നത്. ഇരിപ്പിടങ്ങൾ പൂർണ്ണമായും നിറഞ്ഞ ശേഷമേ അവ അനങ്ങൂ.
പാമ്പൻ ദ്വീപിന്റെ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ് ധനുഷ്‌കോടി. 1964ൽ തമിഴ്നാട് തീരത്തേക്ക് ഇരമ്പിയെത്തിയ ചുഴലിക്കാറ്റിലായിരുന്നു നഗരം നാമാവശേഷമായത്. സുനാമിയിൽ തകർന്ന കൃസ്ത്യൻപള്ളിക്കൊപ്പം മറ്റു ചില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും അവിടെ കണ്ടു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് തീരത്തേക്ക് എത്തിയത്. ഏഴു മീറ്റർവരെ ഉയരത്തിലായിരുന്നു എല്ലാം തരിപ്പണമാക്കാൻ തിരമാലകൾ രൗദ്രഭാവംപൂണ്ട് തീരത്തേക്ക് അടിച്ചുകയറിയത്. പാമ്പൻ ധനുഷ്‌കോടി പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചിരുന്ന 115 യാത്രക്കാർ ഉൾപ്പെടെ 1,800 പേർക്കായിരുന്നു 1964 ഡിസംബർ 22ന് ജീവൻ നഷ്ടമായത്. അതോടെ അന്നത്തെ മദ്രാസ് സർക്കാർ ധനുഷ്‌കോടിയെ പ്രേതനഗരമായി പ്രഖ്യാപിക്കുകയും താമസത്തിന് ഉപയുക്തമല്ലാത്തതെന്ന് വിധിയെഴുതുകയുമായിരുന്നു. 2004 ഡിസംബറിൽ കടൽ 500 മീറ്ററോളം പിൻവലിഞ്ഞതോടെയായിരുന്നു വെള്ളത്തിനടിയിലായ നഗരത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതെന്നതും ആരെയും അമ്പരപ്പിക്കും.
അയൽ രാജ്യമായ ശ്രീലങ്കയുടെ വടക്കേയറ്റത്തുള്ള തലൈമന്നാറിലേക്ക് 29 കിലോമീറ്റർ മാത്രമാണ് ധനുഷ്‌കോടി തീരത്തുനിന്നുള്ള ദൂരം. തകർന്നടിയുന്നതിന് മുൻപ് റെയിൽവേ സ്റ്റേഷനും പോസ്റ്റോഫീസും ആരാധനാലയങ്ങളുമെല്ലാം ഉൾപ്പെട്ട ആളും ബഹളവും നിറഞ്ഞ നഗരമായിരുന്നു ധനുഷ്‌കോടി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ പൊടിപാറിയ കച്ചവടം നടന്നിരുന്ന ഒരു തീരദേശ നഗരം കൂടിയായിരുന്നു ഇവിടം. ഒരുവശത്ത് ബംഗാൾ ഉൾക്കടലും മറുവശത്ത് ഇന്ത്യൻ മഹാസമുദ്രവും സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്തിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷത. കടലുമായി മല്ലിട്ട് ജീവിതം കഴിക്കുന്ന അഞ്ഞൂറോളം മുക്കുവർ മാത്രമാണ് ഇന്നിവിടെ അവശേഷിക്കുന്നതെന്നറിയുമ്പോൾ ആരാണ് ഞെട്ടാതിരിക്കുക.
ദുരന്തകാലംവരെ വൻകരയുടെ ഭാഗമായ മണ്ഡപത്തിൽനിന്നു ധനുഷ്‌കോടിയിലേക്ക് മീറ്റർഗേജ് സർവീസ് നിലനിന്നിരുന്നു. എന്നാൽ പാമ്പൻ മുതൽ ധനുഷ്‌കോടിവരെയുള്ള ഭാഗം തകർന്നതോടെ ഇത് ഓർമ്മയായി. അതിന് ശേഷം ഇന്നുവരെ ഇവിടെ തകർന്ന കെട്ടിടങ്ങളൊന്നും പുനർനിർമിക്കപ്പെട്ടിട്ടില്ല. പ്രകൃതി ദുരന്തത്തിന്റെ ഭീതിയുണർത്തുന്ന ഈ നഗരത്തിലേക്ക് ദിനേന ആയിരങ്ങളാണ് സന്ദർശകരായി എത്തുന്നത്. പ്രകൃതി കോപിച്ചാൽ എങ്ങനെയിരിക്കുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഈ പ്രേതനഗരം നിലനിൽക്കുന്നു. ഇളനീരും സഞ്ചാരികൾക്ക് ആവശ്യമായ കുപ്പിവെള്ളവും മറ്റു വിൽക്കുന്ന ഒന്നു രണ്ട് മാടക്കടകൾ മാത്രമായിരുന്നു ആ പ്രദേശത്ത് ജീവന്റെ ലക്ഷണമായി കണ്ടത്. ധനുഷ്‌കോടിയിൽനിന്ന് ശ്രീലങ്കയിലേക്ക് ബോട്ട് മാർഗം ഒന്നു രണ്ടു മണിക്കൂറിനകം എത്തിച്ചേരാൻ സാധിക്കുമെന്ന് കടൽക്കരയിൽ നാട്ടുവിശേഷങ്ങൾ പങ്കുവെയ്ക്കുന്ന മുക്കുവർ വിശദീകരിച്ചു. വെളുത്ത പൂഴിമണലിൽ തൂവെള്ള വസ്ത്രം ധരിച്ച അവരുടെ ചിത്രം ചലചിത്ര ഫ്രെയിംപോലെ ഉള്ളിലുണ്ട്.
കലർപ്പില്ലാത്ത കറുത്ത മിന്നുന്ന ദേഹമുള്ള ആജാനബാഹുക്കളായ പത്തു പതിനഞ്ചുപേർ. അവരുടെ മുഖത്തെ പൗരുഷവും പേശികളുടെ ഉറപ്പും കടൽ നൽകിയതാവണം. സീതയെ മോചിപ്പിക്കാൻ രാമൻ നിർമ്മിച്ച രാമസേതു നിലനിന്നത് ആ പ്രദേശത്തായിരുന്നുവെന്നും വെള്ളത്തിൽ അതിന്റെ അടയാളങ്ങൾ ഇപ്പോഴും കാണാമെന്നും അവരിൽ ഒരാൾ നാട്ടുചരിത്രം അയവിറക്കിയതോടെ ജിജ്ഞാസയോടെ ആ അത്ഭുതക്കാഴ്ച കാണാൻ ചെന്നു. ശാന്തമായ കടലിന്റെ അനന്തനീലിമ. തെളിവെള്ളത്തിനടിയിലെ മണൽപ്പരപ്പിൽ അലിഞ്ഞുപോയ ഒരു പഞ്ചായത്ത് റോഡിന് സമാനമായ ഒന്ന് എന്റെ കണ്ണിൽപ്പെട്ടു. ഏതാനും അടി നീളത്തിൽ ശ്രീലങ്കൻ ദിശയിൽ അത് ചരിഞ്ഞുകിടന്നു. ബാക്കി ഭാഗം മണൽപരപ്പിന് അടിയിലായിപ്പോയിരിക്കാം. രാമൻ തന്റെ സന്തതസഹചാരിയായിരുന്ന ഹനുമാനോട് പാലം കെട്ടാൻ പറഞ്ഞത് ഇവിടെയായിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിൽ പാലത്തിന്റേതെന്ന് സംശയിക്കുന്ന നെടുനീളത്തിലുള്ള കല്ലുകളുടെ കൂമ്പാരം ഇതുമായി പഠനം നടത്തുന്നവർ കണ്ടെത്തിയിട്ടുണ്ട്. ഏത് ഐതിഹ്യത്തിനും ചില യാഥാർഥ്യങ്ങളുമായി ബന്ധമുണ്ടാവുമല്ലോ. കഥകൾപോലും പലപ്പോഴും ജനിക്കുന്നത് ഹൃദയങ്ങളിൽ അനുഭവപ്പെടുന്ന യാഥാർഥ്യങ്ങളുടെ മിന്നലാട്ടങ്ങളിൽ നിന്നായിരിക്കുമല്ലോ.
ഒരു മണിക്കൂറോളം ധനുഷ്‌കോടിയിലെ കടൽക്കരയിൽ ചെലവിട്ടു. കൊടുംചൂടായിരുന്നു ആ പ്രദേശത്ത്. മടങ്ങുമ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു. പാമ്പൻ പാലത്തിലൂടെ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്ന ട്രെയിൻ കാഴ്ചയും രാമേശ്വരം സന്ദർശനത്തെ അവിസ്മരണീയമാക്കി. നമ്മുടെ പൗരന്മാർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ഈ പ്രദേശങ്ങൾ. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തെക്കേയറ്റത്തായുള്ള ഈ പ്രദേശം ഏതൊരു ഇന്ത്യക്കാരനും കാണേണ്ടതാണ്. ഒരിക്കൽ വന്നവരെ അത് വീണ്ടും മാടിവിളിക്കുന്നതായി യാത്ര അവസാനിച്ചിട്ടും തോന്നാറുണ്ട്. ചില പ്രദേശങ്ങൾ അങ്ങനെയാണ് നമ്മോടൊപ്പം യാത്ര അവസാനിച്ചാലും അടിക്കടി കൂട്ടുവന്നുകൊണ്ടിരിക്കുമെന്നത് പലപ്പോഴും അനുഭവിക്കാറുള്ളതാണ്. പാമ്പൻ പാലത്തിലൂടെ കൂകിയാർത്തു കടന്നുപോകുന്ന ട്രെയിന്റെ ഏതെങ്കിലും ഒരു ജാലക സീറ്റിൽ ഇരുന്നുകൊണ്ട് ഇനിയും വരണമെന്നു മടക്കയാത്രയിൽ ഹൃദയം മന്ത്രിച്ചുകൊണ്ടേയിരുന്നു.
Content Highlights: dhanushkodi, rameswaram travel, pamban bridge, dhanushkodi travel in bus
Content Highlights: