കര്‍ത്താര്‍പുരിലെത്തിയപ്പോള്‍ അയാള്‍ പച്ചമലയാളത്തില്‍ ചോദിച്ചു, 'എന്തൊക്കെയുണ്ട് വിശേഷം'?

പാകിസ്താനിലെ കര്‍ത്താര്‍പുരിലൂടെ നടക്കുമ്പോള്‍ ഒരു സംഘം പാകിസ്താനികള്‍ അടുത്തെത്തി പരിചയപ്പെട്ടു. ഇന്ത്യയിലെ കേരളം എന്ന പ്രദേശത്തുനിന്നാണെന്ന് പറഞ്ഞപ്പോള്‍ അവരില്‍ ഒരാള്‍ ചോദിച്ചു: ''മലബാറി?'' മലബാറും തിരുവിതാംകൂറുമായുള്ള വ്യത്യാസം പറഞ്ഞു മനസ്സിലാക്കി കണ്‍ഫ്യൂഷനുണ്ടാക്കണ്ട എന്നുകരുതി 'അതെ' എന്ന് ഉത്തരംകൊടുത്തു. ഉടനടി പച്ചമലയാളത്തില്‍ അയാളുടെ ചോദ്യം: ''എന്തൊക്കെയുണ്ട് വിശേഷം?'' കേട്ടത് സത്യമാണോ എന്ന് അന്തിച്ചുനില്‍ക്കുമ്പോള്‍ ഫിറോസ് എന്ന ആ ലാഹോറുകാരന്‍ വിശദീകരിച്ചു: ''13 വര്‍ഷമായി മസ്‌കറ്റില്‍ മലയാളികളോടൊപ്പമാണ് താമസം. മലയാളം നന്നായി മനസ്സിലാകും, കുറേശ്ശെ പറയുകയും ചെയ്യും...''
ഇങ്ങനെയുള്ള കുറെ കൗതുകക്കാഴ്ചകള്‍ക്കുശേഷമാണ് ഒരു ദിവസം മാത്രം നീണ്ട പാകിസ്താന്‍ യാത്ര അവസാനിച്ചത്. പിറന്നുവീഴുമ്പോള്‍ മുതല്‍ ഇന്ത്യക്കാരന്റെ മനസ്സില്‍ വില്ലന്‍സ്ഥാനമുള്ള നമ്മുടെ അയല്‍രാജ്യത്തു പോകാനുള്ള ഒരേയൊരു അവസരമാണ് കര്‍ത്താര്‍പുര്‍ ഇടനാഴിയിലൂടെ ഇപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ ഇന്ത്യക്കാരന് പാകിസ്താനില്‍ ഒരുദിവസം ചെലവഴിക്കാന്‍ കഴിയുന്നത് ഈ സ്ഥലത്ത് മാത്രമാണ്. പക്ഷേ, ഇവിടെ എത്തിപ്പെടണമെങ്കില്‍ കുറെ കടമ്പകള്‍ കടക്കണം എന്നുമാത്രം. ആദ്യം https://prakashpurb550.mha.gov.in/kpr/ എന്ന വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് ഓണ്‍ലൈനായി അയക്കണം. പാസ്‌പോര്‍ട്ട് കോപ്പി ഉള്‍പ്പെടെയുള്ള പല രേഖകളും ഫോട്ടോയും ഇതോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുശേഷം അപേക്ഷകനെക്കുറിച്ച് ഔദ്യോഗികമായ അന്വേഷണം ആരംഭിക്കും. ഇന്റലിജന്‍സ് ബ്യൂറോ, പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലീസ് എന്നിവര്‍ 'വീട്ടില്‍ വന്നും, നാട്ടില്‍ നടന്നും' അപേക്ഷകനെപ്പറ്റി അന്വേഷിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അങ്ങനെ, വലിയ കുഴപ്പക്കാരല്ലെന്നു തോന്നുന്നവര്‍ക്കേ കേന്ദ്രസര്‍ക്കാര്‍ പാകിസ്താനിലെ കര്‍ത്താര്‍പുര്‍ ഇടനാഴി സന്ദര്‍ശിക്കാന്‍ അനുമതിനല്‍കൂ.
പാകിസ്താനിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കാവുന്ന 'പരമ്പരാഗത മാര്‍ഗ'മായ വാഗയല്ല, കര്‍ത്താര്‍പുരിലേക്കുള്ള കവാടം. പഞ്ചാബിലെ അമൃതസറില്‍നിന്ന് 64 കിലോമീറ്റര്‍ ദൂരെയാണ് കര്‍ത്താര്‍പുരിലേക്കുള്ള കവാടം. ഇവിടെ ഇന്ത്യയുടെ ഒരു വമ്പന്‍ ഇമിഗ്രേഷന്‍ ഓഫീസുണ്ട്. ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ പാസ്‌പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈനായി അയച്ചുനല്‍കുന്ന കണ്‍ഫര്‍മേഷന്‍ ലെറ്ററും പരിശോധിച്ച് സീല്‍ ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് പോളിയോ വാക്‌സിനും നല്‍കും. ഇന്ത്യയില്‍നിന്ന് പോളിയോയെ പടിയടച്ച് പിണ്ഡംവെച്ചതാണെങ്കിലും പാകിസ്താനില്‍ പോളിയോ ഇപ്പോഴും സജീവമായതുകൊണ്ടാണ് ഈ മുന്‍കരുതല്‍.
ഇന്ത്യയുടെ ഇമിഗ്രേഷനുശേഷം ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ചെറുവാഹനത്തില്‍ സന്ദര്‍ശകരെ ഇന്ത്യയുടെ അതിര്‍ത്തിയിലെ ഗേറ്റുവരെ എത്തിക്കുന്നു. ഇവിടെനിന്ന് പാകിസ്താന്‍ ഇമിഗ്രേഷന്‍ ഓഫീസ് വരെ നടക്കണം. ഇന്ത്യയുടെ ഗേറ്റിനും പാകിസ്താന്റെ ഗേറ്റിനും ഇടയില്‍ മൂന്നുമീറ്റര്‍ വീതിയില്‍ ആര്‍ക്കും അവകാശം ഇല്ലാത്ത 'നോ മാന്‍സ് ലാന്‍ഡ്' ആണ്. ഭൂമിയുടെ ആ ചെറു നാടയില്‍നിന്ന് കാലെടുത്തുവെക്കുന്നത് പാകിസ്താന്റെ മണ്ണിലേക്കാണ്. പച്ചനിറമടിച്ച ഗേറ്റ് മലര്‍ക്കെ തുറന്നുകിടക്കുന്നു. നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പാക് മണ്ണില്‍ കാലെടുത്തുവെച്ചപ്പോള്‍ ഉണ്ടായ രോമാഞ്ചം... അത് പറഞ്ഞറിയിക്കാനാവില്ല. വിലക്കപ്പെട്ട കനി കൈവരുമ്പോഴുള്ള സുഖം!
അല്പനേരം ഇരുരാജ്യങ്ങളുടെയും ഗേറ്റുകള്‍ക്കു മുന്നില്‍നിന്ന് ഫോട്ടോ എടുത്തിട്ട് മുന്നില്‍ക്കാണുന്ന ഉദ്യാനം കടന്ന് പാകിസ്താന്റെ ഇമിഗ്രേഷന്‍ ഓഫീസില്‍ പ്രവേശിക്കാം. പാകിസ്താന്റെ ഗേറ്റ് കടക്കുന്നതുമുതല്‍ പട്ടാളക്കാരുടെ സാന്നിധ്യം എവിടെയുമുണ്ട്. വിടര്‍ന്നചിരിയോടെ പട്ടാളക്കാര്‍ 'പാകിസ്താനിലേക്ക് സ്വാഗതം' ആശംസിക്കുന്നു.
20 അമേരിക്കന്‍ ഡോളറാണ് കര്‍ത്താര്‍പുര്‍ ഇടനാഴിയിലേക്കുള്ള പ്രവേശനഫീസായി പാകിസ്താനില്‍ അടയ്‌ക്കേണ്ടത്. ബാങ്ക് കൗണ്ടറുകളും മണി എക്സ്ചേഞ്ച് സെന്ററുകളും ഇമിഗ്രേഷന്‍ ഓഫീസിനുമുന്നില്‍ തുറന്നിരിപ്പുണ്ട്. ഇനി പാക് ഇമിഗ്രേഷന്‍. ഇവിടെയും ഉദ്യോഗസ്ഥര്‍ക്ക് നല്ല സ്‌നേഹം. എന്തായാലും പാസ്‌പോര്‍ട്ടില്‍ പാകിസ്താന്‍ ഇമിഗ്രേഷന്‍ മുദ്ര പതിക്കുന്നില്ല. പകരം, ഒരു വെള്ളപ്പേപ്പറിലാണ് എന്‍ട്രി സീല്‍ അടിച്ചുനല്‍കുന്നത്.
ഇമിഗ്രേഷനും സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ചൈനീസ് നിര്‍മിത എ.സി. ബസ് തയ്യാറായിക്കിടക്കുന്നു. ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ള ബസ് ആണിത്. ഇമിഗ്രേഷന്‍ ഓഫീസില്‍നിന്ന് 4.7 കിലോമീറ്റര്‍ ദൂരെയാണ് ഗുരുദ്വാര.
ഇന്ത്യയില്‍നിന്നുള്ള പതിനഞ്ചോളം സന്ദര്‍ശകരെയും വഹിച്ചുകൊണ്ട് ബസ് നീങ്ങി. ചുറ്റും വേലികെട്ടി സംരക്ഷിച്ച നാലുവരിപ്പാതയിലൂടെയാണ് ബസ് ഓടുന്നത്. ഇരുവശത്തും കൃഷിയിടങ്ങളാണ്. കടുകുപാടങ്ങളാണെന്നുതോന്നുന്നു. അല്പദൂരം ഓടിയപ്പോള്‍ വെള്ള മാര്‍ബിളില്‍ പണിത കെട്ടിടങ്ങള്‍ ധാരാളമായി പ്രത്യക്ഷമായി. ഇതാണ് ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര. സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക് തന്റെ ജീവിതത്തിലെ അവസാനത്തെ 15 വര്‍ഷം ജീവിച്ചതും 1539 സെപ്റ്റംബര്‍ 22-ന് അന്തരിച്ചതും ഇവിടെയാണ്. ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടക്കുന്ന മൂന്നുകോടിയിലേറെവരുന്ന സിഖ് മതാനുയായികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് രവി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര. ഇത്രയുംകാലം ഇന്ത്യക്കാര്‍ക്ക് ഇവിടം ബാലികേറാമലയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉയര്‍ന്ന പ്ലാറ്റ്ഫോം നിര്‍മിച്ച്, അതിന്മേല്‍ കയറിനിന്ന് ഗുരുദ്വാരനോക്കി പ്രാര്‍ഥിക്കുകയായിരുന്നു ഇത്രയും കാലം സിഖുകാര്‍ ചെയ്തുവന്നിരുന്നത്. തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രമാണ്, പൊട്ടുപോലെയെങ്കിലും ഗുരുദ്വാര കാണാന്‍ സാധിക്കുക.
പട്ട്യാല മഹാരാജാവ് 1925-ല്‍ നിര്‍മിച്ചുനല്‍കിയ ചെറിയൊരു ദേവാലയമാണ് അടുത്തകാലംവരെ കര്‍ത്താര്‍പുരില്‍ ഉണ്ടായിരുന്നത്. ദേവാലയം വിപുലപ്പെടുത്താനായി സിഖുകാര്‍ മുറവിളികൂട്ടിയെങ്കിലും പാകിസ്താന്‍ കേട്ടഭാവം നടിച്ചില്ല. ഒടുവില്‍ 2018 ഓഗസ്റ്റില്‍ പഞ്ചാബ് സര്‍ക്കാരിന്റെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിദ്ദു തന്റെ ചങ്ങാതിയും ക്രിക്കറ്ററുമായ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ദേവാലയം പുതുക്കിപ്പണിയാന്‍ തീരുമാനമായത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 42 ഏക്കറില്‍, കലാശില്പംപോലെ സുന്ദരമായ, വെള്ള മാര്‍ബിളില്‍ നിര്‍മിച്ച ദേവാലയം ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചേര്‍ന്ന് ഉദ്ഘാടനവും നടത്തി.
തുറന്ന നടുമുറ്റം, ഗുരുനാനാക്ക് ജീവന്‍വെടിഞ്ഞ കെട്ടിടം, മ്യൂസിയം, ലൈബ്രറി, ഡോര്‍മെട്രികള്‍ എന്നിവയെല്ലാം ചേര്‍ന്ന് വലിയൊരു കെട്ടിടസമുച്ചയമാണിത്. ഗുരുനാനാക്ക് വെള്ളം എടുത്തിരുന്ന അഞ്ഞൂറുവര്‍ഷം പഴക്കമുള്ള കിണറും ഇതിനുള്ളിലുണ്ട്. എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യഭക്ഷണം നല്‍കുന്ന ഗുരുദ്വാര ഭംഗിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. കൂടാതെ പാകിസ്താനിലെ തനത് കരകൗശലവസ്തുക്കളും സുവനീറുകളും ഭക്ഷ്യപദാര്‍ഥങ്ങളും വില്‍ക്കുന്ന മാര്‍ക്കറ്റും ഗുരുദ്വാരയോട് ചേര്‍ന്നുണ്ട്.
കോംപ്ലക്സിന് ചുറ്റും കമ്പിവേലി സ്ഥാപിച്ചിരിക്കുന്നു. അതിനപ്പുറത്തേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. വേലിക്കെട്ടിനപ്പുറത്ത് പാക് ഗ്രാമങ്ങള്‍ കാണാം. പാകിസ്താനില്‍നിന്നുള്ള ആയിരത്തിലധികം സന്ദര്‍ശകര്‍ ഗുരുദ്വാരയില്‍ ഉണ്ടായിരുന്നു. പാക് സന്ദര്‍ശകര്‍ക്ക് നീല ഐ.ഡി. കാര്‍ഡും ഇന്ത്യക്കാര്‍ക്ക് ചുവന്ന ഐ.ഡി. കാര്‍ഡും ഇമിഗ്രേഷന്‍ കൗണ്ടറില്‍നിന്ന് നല്‍കുന്നുണ്ട്. ഇത് എപ്പോഴും കഴുത്തില്‍ ധരിച്ചിരിക്കണം. അതുകൊണ്ട് ഇരുരാജ്യക്കാരെയും തിരിച്ചറിയാന്‍ എളുപ്പമാണ്. ഗുരുദ്വാരയില്‍ എത്തുന്ന ഇന്ത്യക്കാര്‍ വൈകീട്ട് അഞ്ചുമണിക്കുമുമ്പ് പാകിസ്താന്‍ വിടണമെന്നാണ് നിയമം. പാക് അതിര്‍ത്തിയിലേക്കുള്ള അവസാന ബസ് 4.45-ന് ഗുരുദ്വാര വിടും.
അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ ഒട്ടേറെ ചോദ്യങ്ങളുമായി ഇന്ത്യയുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടുത്തെത്തി. എങ്ങനെയുണ്ടായിരുന്നു പാകിസ്താനികളുടെ പെരുമാറ്റം? ഇന്ത്യയ്‌ക്കെതിരായി അവര്‍ എന്തെങ്കിലും സംസാരിച്ചോ? ഇന്ത്യയ്‌ക്കെതിരേ അവിടെ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ? ആരെങ്കിലും ഫോണ്‍ നമ്പര്‍ വാങ്ങിയോ? ആരെങ്കിലും അമിതമായി സൗഹൃദം ഭാവിച്ചോ? അങ്ങനെ കുറെ ചോദ്യങ്ങള്‍. അന്വേഷണം തുടരും എന്നര്‍ഥം!
Content Highlights: Baiju N Nair's Pakistan Travel, Kartarpur Corridor, Mathrubhumi Yathra
Content Highlights: