വരൂ, പ്രകൃതി കനിഞ്ഞരുളിയ കുനിയിൽക്കടവിലേക്ക്...

#എസ്.ആർ.അനശ്വര
അത്തോളിപ്പുഴയോരത്തെ തുരുത്ത്
അത്തോളിപ്പുഴയോരത്തെ തുരുത്ത്

അത്തോളി: പ്രകൃതിസൗന്ദര്യവും മത്സ്യസമ്പത്തും ഒത്തുചേരുന്നയിടം. കോരപ്പുഴയുടെ മനോഹാരിതയും പ്രകൃതിരമണീയമായ കാഴ്ചകളും സമൃദ്ധമായ ജലസമ്പത്തുംകൊണ്ട് അനുഗൃഹീതമായ അത്തോളി കുനിയിൽക്കടവ് വിനോദസഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. ഈ പ്രദേശം മികച്ച ‘ജലസഞ്ചാര’ അനുഭവത്തിനും ഗ്രാമീണടൂറിസത്തിനും ഏറെ സാധ്യതകളുള്ള ഇടമാണ്.

കുനിയിൽക്കടവ് പാലം യാഥാർഥ്യമാകുന്നതിനുമുൻപ് അത്തോളിയെയും തിരുവങ്ങൂരിനെയും ബന്ധിപ്പിച്ചിരുന്നത് കടത്തുതോണികളായിരുന്നു. ആ കാലത്ത്‌ വ്യാപാരത്തിന്റെയും കയർനിർമാണത്തിന്റെയും കേന്ദ്രമായിരുന്നു കുനിയിൽക്കടവ്. ചകിരിത്തല്ലിന്റെ താളത്തിനൊത്ത തൊഴിലാളികളുടെ ശബ്ദം.

യാത്രക്കാരെ കാത്ത് റാന്തലുകൾ തൂക്കിയിട്ട തോണിപ്പുരകളും ചക്കുകളിലാട്ടുന്ന വെളിച്ചെണ്ണയുടെയും എള്ളെണ്ണയുടെയും സുഗന്ധവും. സ്വർണനിറമുള്ള ചകിരിത്തുമ്പുകൾ ഇഴചേർത്ത് ചൂടിപിരിക്കുന്ന സ്ത്രീകൾ... അത്തോളിയിലേക്ക് വികസനമെത്തുന്നതിനുമുൻപ് കുനിയിൽക്കടവ് പ്രദേശത്ത് വലിയൊരു സംസ്കാരംതന്നെ നിലനിന്നിരുന്നു.

കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിൽ അത്തോളി കുനിയിൽക്കടവ് ജങ്ഷനിൽനിന്ന് ഒരുകിലോമീറ്ററും കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ തിരുവങ്ങൂർ സ്റ്റോപ്പിൽനിന്ന്‌ ഒരുകിലോമീറ്ററിലധികവും സഞ്ചരിച്ചാൽ കുനിയിൽക്കടവ് പാലത്തിനുസമീപത്തെത്താം.

ഇവിടെനിന്നാണ് കോരപ്പുഴയുടെ സൗന്ദര്യം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻകഴിയുക. പാലത്തിനടുത്തുനിന്നുള്ള മനോഹരമായ സൂര്യാസ്തമയക്കാഴ്ചകൾ സന്ദർശകരുടെ മനംകവരും.

തുരുത്തിലേക്കൊരു ജലയാത്ര

കുനിയിൽക്കടവിൽനിന്ന് വേളൂർ തോരായി ഭാഗത്തേക്ക് ജലമാർഗം സഞ്ചരിച്ചാൽ തെങ്ങിൻതോപ്പുകൾനിറഞ്ഞ തുരുത്തും കണ്ടൽക്കാടുകളും കാണാം. വേളൂർ പുഴയോരത്തുനിന്ന് തോണിയിൽ ഈ തുരുത്തിലേക്ക് വളരെ എളുപ്പത്തിൽ എത്താനാകും. ഈ യാത്രയിൽ തീരങ്ങളിൽ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളെയും കക്കവാരുന്നവരെയും ഇടതൂർന്നുവളർന്ന കണ്ടൽക്കാടുകളും കാണാം.

കക്കവിറ്റ് ഉപജീവനം

തുരുത്തുകണ്ടുമടങ്ങുമ്പോൾ വേളൂർ പുഴയോരത്തെ കടവിൽ കക്ക ഉത്പാദനകേന്ദ്രം സന്ദർശിക്കുന്നത് വേറിട്ടൊരനുഭവമാണ്. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറേപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്.

പുഴയിൽനിന്ന് ലഭിക്കുന്ന കക്ക മത്സ്യത്തൊഴിലാളികളിൽനിന്ന്‌ വാങ്ങി, അതിന്റെ ഇറച്ചി വേർതിരിച്ചെടുത്ത് വിൽപ്പനയ്ക്കുകൊണ്ടുപോകുന്ന ഈ കേന്ദ്രത്തിൽനിന്ന് സന്ദർശകർക്ക് കക്കവാങ്ങാനും സാധിക്കും. ഈ മേഖലയിലെ പ്രധാന ഉപജീവനമാർഗങ്ങളിലൊന്നാണിത്.

സഞ്ചരികളെ ആകർഷിക്കുന്ന ഒട്ടേറെ മത്സ്യഫാമുകളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ മത്സ്യക്കൃഷിയും ടൂറിസവും ഏകോപിപ്പിച്ച് ഇരട്ടവരുമാനം ലക്ഷ്യമിടുന്നു ‘മത്സ്യ സഞ്ചാരി’ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അക്വാഫാമിൽ കരിമീനും തിലാപ്പിയയുമാണ് പ്രധാനമായി വളർത്തുന്നത്. ഫാമിൽ തോണിയും പെടൽബോട്ടും ഒരുക്കിയിട്ടുണ്ട്.

മീൻപിടിക്കാൻ താത്‌പര്യമുള്ളവർക്ക് ഇവിടെയൊരുക്കിയ തോണിയിൽപ്പോയി മീൻ ചൂണ്ടയിട്ടുപിടിച്ച്, അത് പാകംചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ട്. മത്സ്യക്കർഷക അവാർഡ് ലഭിച്ച പ്രവീൺ രാജാണ് ഈ ഫാമിന് നേതൃത്വംനൽകുന്നത്. കക്ക, മുരു, ഞണ്ട് തുടങ്ങിയവ ധാരാളമായി ലഭിക്കുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ഭക്ഷണപ്രേമികൾക്കും ഒരുപോലെ പ്രിയങ്കരമാകും.

Content Highlights: Discover Atholi`s charm: serene Korapuzha river, lush landscapes, abundant fish, and unique rural tourism experiences. Visit Kunhilikadavu for breathtaking sunsets and water adventures.