നയന മനോഹരം, അപകടരഹിതം; അതാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ എറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം. അതാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. സുരക്ഷയുടെ കാര്യത്തിലും ഈ വെള്ളച്ചാട്ടം വളരെ ഉയരത്തിലാണെന്നതാണ് ആകര്‍ഷകമായ പ്രത്യേകത. അപകടരഹിതമായി അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും കഴിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
മണ്‍സൂണ്‍കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കാണുവാനായി ഇവിടെ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. നൂറ് അടിയിലധികം ഉയരമുള്ളതാണ് ജലപ്രവാഹം. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴക്ക് സമീപമാണിത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അണ്‍ സീന്‍ കോട്ടയം എന്ന ടൂറിസം ബ്രോഷറില്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
യാത്ര എങ്ങനെ
* ഈരാറ്റുപേട്ടയില്‍നിന്നും പൂഞ്ഞാര്‍ മുണ്ടക്കയം റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കച്ചാലില്‍ എത്താം. പാതാമ്പുഴ ജങ്ഷന് സമീപത്ത്‌നിന്നുള്ള പഞ്ചായത്തു റോഡിലേയ്ക്ക് തിരിയണം. പാതി കോണ്‍ക്രീറ്റും ടാറിങും നടത്തിയിട്ടുള്ള വഴി. എല്ലാത്തരം വാഹനങ്ങളും അരുവിക്കച്ചാലില്‍ എത്തും. അവിടെനിന്ന് 200 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന് സമീപമെത്താം.
* പാതാമ്പുഴയില്‍നിന്നുമുള്ള പഞ്ചായത്ത് റോഡ് കൂടുതല്‍ സഞ്ചാരയോഗ്യമാക്കുകയും ഈ വഴിയുടെ വീതി കുറവ് മറികടക്കാന്‍ മലയിഞ്ചിപ്പാറയില്‍നിന്ന് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനുള്ള റോഡ്, കലുങ്ക് നിര്‍മ്മാണം നടത്തുകയും കൂടി ചെയ്താല്‍ യാത്ര കുറെക്കൂടി സുഗമമാകും.
പരിഹരിക്കേണ്ട കുറവുകള്‍
വിനോദ സഞ്ചാരികള്‍ക്ക് വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യം ഇല്ല. ദിശകാട്ടുന്ന ഔദ്യോഗിക സൂചികകള്‍ ഇല്ലാത്തതും ഒരു പോരായ്മയാണ്.
നാട്ടുപച്ചയുടെ അധ്വാനം
ചെറുപ്പക്കാരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന അരുവിക്കച്ചാലിനെ കുടുംബങ്ങളുടെ സന്ദര്‍ശന കേന്ദ്രമാക്കിയതില്‍ ഭൂമികയുടെ പൂഞ്ഞാര്‍ ടൂറിസം പേര്‍സ്‌പെക്ടീവിലെ നാട്ടുപച്ചയുടെ പങ്കുണ്ട്. അരുവിയുടെ പരിസരങ്ങളെല്ലാം പൂര്‍ണമായും ശുചിയാക്കി വാഹന പാര്‍ക്കിങ്ങിനോട് ചേര്‍ന്ന് ലഘുഭക്ഷണശാലയും ഭൂമിക നേറ്റീവ് വിന്‍ഡോയും തുറന്നതോടെ പ്രദേശത്തിന് കൂടുതല്‍ പ്രചാരവും ആകര്‍ഷണീയതയുമുണ്ടായി. മര്യാദകളുടെ ടൂറിസം എന്നതാണ് പൂഞ്ഞാര്‍ ടൂറിസം പേര്‍സ്‌പെക്ടീവിന്റെ മുദ്രാവാക്യം.
നാട്ടുപച്ചയുടെ നേതൃത്വത്തിലാണ് കുടുംബസമേതമെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും വസ്ത്രം മാറുന്നതിനും മറ്റുമുള്ള താത്കാലിക സൗകര്യങ്ങള്‍ ചെയ്യുന്നത്. മുന്‍കൂട്ടി അറിയിച്ച് വരുന്നവരുമുണ്ട്.
മാറ്റം വരും
എം.എല്‍.എ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ താത്പര്യപ്രകാരം ടൂറിസം വകുപ്പ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ സഹകരണത്തോടെ വിപുലമായ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായിനിന്ന് അരുവി കാണാനുള്ള തട്ട് നിര്‍മ്മിക്കാനും പ്രകൃതിസൗഹൃദ വിശ്രമ സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പ്രദേശത്ത് സ്ഥലം സൗജന്യമായി ലഭ്യമായാല്‍ ടേക്ക് എ ബ്രേക്ക് സമുച്ചയവും നിര്‍മിക്കാന്‍ കഴിയും.
Content Highlights: aruvikkachal waterfalls tourist destination kottayam