കിളിച്ചിലപ്പുകള്‍ കേട്ടും ചീങ്കണ്ണിപുഴ കണ്ടും മീന്‍മുട്ടിയില്‍ നനഞ്ഞും ശലഭയാത്ര കണ്ടും ഒരു സഞ്ചാരം

കാട് മറ്റൊരു രാജ്യമാണ്. സ്വന്തം അതിര്‍ത്തികള്‍, നാട്ടുരാജ്യങ്ങള്‍, പടയാളികള്‍, പുരോഹിതന്‍മാര്‍...മഴ, വേനല്‍, വഴികള്‍, അടയാളങ്ങള്‍.!! അകത്തേക്ക് കടക്കുന്തോറും വിസ്തൃതമായിക്കൊണ്ടിരിക്കുന്നു അതിന്റെ ആഴവും ഉയരവും. കാണുംതോറും തിടംവച്ച് വളരുന്ന പച്ചപ്പ്. ചെവിയോര്‍ത്തിരിക്കേ കനത്തുവരുന്നു ശബ്ദധ്വനികള്‍...
ആ കാട്ടില്‍ രണ്ടുദിവസം കഴിയാനായിരുന്നു യാത്ര. തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി വഴി ആറളത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക്. 5500 ഹെക്ടറില്‍ പ്രകൃതി ഒളിപ്പിച്ചുവെച്ച മറ്റൊരു രാജ്യം കാണാന്‍. ആറളം എന്ന് വെറുതെ പറഞ്ഞാല്‍പ്പോലും ആറളം ഫാം എന്നാണ് ആളുകള്‍ കേള്‍ക്കുക. ആറളവുമായി 'ഫാ'മിന് അത്ര അടുത്ത ബന്ധമുണ്ട്.
എന്നാല്‍ ഈ യാത്ര ഫാമും കടന്ന് പശ്ചിമഘട്ടത്തോട് തൊട്ടുകിടക്കുന്ന ആറളം വന്യജീവി സങ്കേതത്തിലേക്കാണ്. കാടും കാട്ടാനയും കുന്നുകളും മരുതും മലമുഴക്കിയും മലയണ്ണാനും രാജവെമ്പാലയും പൂമ്പാറ്റകളും പച്ചയുടുപ്പിട്ട ആയിരം സസ്യജാലങ്ങളും അതിനുകാവലിരിക്കുന്ന ചീങ്കണ്ണിപ്പുഴയും ചേര്‍ന്ന ആറളം വന്യജീവി സങ്കേതത്തിലേക്ക്.വനമധ്യത്തില്‍ രണ്ടുദിവസം തങ്ങാനും മകരത്തണുപ്പില്‍ കാല്‍നടയായി കാടുകയറാനും ഒരു യാത്ര.
ആറുകളുടെ അളം
കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബ്രഹ്മഗിരി സാങ്ച്വറിയുടെ തുടര്‍ച്ചയായി കുടക് മലകള്‍ക്ക് കീഴില്‍ 5500 ഹെക്ടറില്‍ (13750 ഏക്കര്‍) പടര്‍ന്നുകിടക്കുന്ന ആറളം വന്യജീവി സങ്കേതം 'കണ്ടുപിടിച്ച'തിനെക്കുറിച്ചുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടുത്തെ പ്രബലന്‍മാരായ വാഴുന്നോര്‍ ജന്‍മിയുടെ കീഴിലായിരുന്നത്രേ വന്യജീവി സങ്കേതം ഉള്‍പ്പെട്ട പ്രദേശം. 'ഓടന്തോട് മലവാരം' എന്നാണ് അന്ന് ഈ പ്രദേശം അറിയപ്പെട്ടത്. വാഴുന്നോര്‍ തറവാട്ടുകാര്‍ക്ക് വൃദ്ധിക്ഷയം സംഭവിച്ചപ്പോള്‍ തെക്കുദേശത്തുനിന്നെത്തിയ അതിസമ്പന്നനായ കുഞ്ഞമ്മാന്‍ ഹാജി അവരുടെ 100 ഏക്കര്‍ വിലയ്ക്കുവാങ്ങി. കാട്ടിലേക്ക് വഴിതുറക്കുന്ന 100 ഏക്കര്‍ കൈയിലായതോടെ കുഞ്ഞമ്മാന്‍ ഹാജി അകത്തേക്കുള്ള വഴിയടച്ചു. പിന്നീട് ആരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. പിന്നില്‍ ഉറങ്ങിക്കിടക്കുന്ന 13750 ഏക്കര്‍ വനത്തെ ഹാജി 100 ഏക്കര്‍കൊണ്ട് മറച്ചുപിടിച്ചു. ഇത്ര വിശാലമായ പ്രദേശം ഇവിടെയുണ്ടെന്നുപോലും പിന്നീട് ആര്‍ക്കും അറിയാതായി.
വെസ്റ്റിങ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം 1971-ല്‍ ഈ ഭൂമി കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് നിക്ഷിപ്ത വനമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആറളത്തിന്റെ പാരിസ്ഥിതികവും ജൈവപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞ് 1984-ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഒരു റേഞ്ച് ആയിട്ടാണ് തുടങ്ങിയത്. 1998-ല്‍ പ്രത്യേക ഡിവിഷന്‍ ആക്കി മാറ്റി.
തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ വനങ്ങളുമാണ് ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്നത്.
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം. സമുദ്രനിരപ്പില്‍നിന്ന് 50 മുതല്‍ 1589 മീറ്റര്‍വരെ ഉയര്‍ന്നുകിടക്കുന്ന ആറളം ആയിരത്തിലേറെ സപുഷ്പികളായ സസ്യജാലങ്ങളാല്‍ സമൃദ്ധം. 49 ഇനം സസ്തനികളും 53 ഉരഗജീവികളും ഇരുന്നൂറിലേറെ ഇനം പക്ഷികളും 249 തരം ചിത്രശലഭങ്ങളും ചേര്‍ന്ന ജൈവമണ്ഡലം. കണ്ണില്‍ കാണാത്തതും തിരിച്ചറിഞ്ഞിട്ടല്ലാത്തതുമായ ജീവികളും സസ്യങ്ങളും ഇനിയുമെത്രയോ.. ഇടതൂര്‍ന്നു നില്‍ക്കുന്ന വനപ്രദേശം. നിത്യഹരിത വനങ്ങളും ആര്‍ദ്ര ഇലപൊഴിയും വനങ്ങളും ചോലവനങ്ങളും പുല്‍മേടുകളുമെല്ലാം ചേര്‍ന്ന വൈവിധ്യം. വര്‍ഷത്തില്‍ ശരാശരി 400 സെ.മീ മഴ ലഭിക്കുന്നു. 1589 മീറ്റര്‍ ഉയരത്തിലുള്ള അമ്പലപ്പാറയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം.
കുരങ്ങുവര്‍ഗത്തില്‍പ്പെട്ട അഞ്ചുജീവികള്‍ -സിംഹവാലന്‍, ഹനുമാന്‍, നാടന്‍, കരിങ്കുരങ്ങ്- ആറളത്തുണ്ട്. അതുപോലെ മലമുഴക്കി, കോഴിവേഴാമ്പല്‍, പാണ്ടന്‍, നാട്ടുവേഴാമ്പല്‍ എന്നീ വേഴാമ്പലുകളും. കുട്ടിത്തേവാങ്ക് ഏറ്റവും കൂടുതലുള്ള മേഖലയാണിത്. പൂമ്പാറ്റകളുടെ ദേശാടനമാണ് മറ്റൊരു പ്രത്യേകത.വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളില്‍ ആദിവാസി പുനരധിവാസ മേഖലയുണ്ട്. ചീങ്കണ്ണിപ്പുഴ കടന്നാല്‍ അക്കരെ കേളകം പഞ്ചായത്താണ്. ആറളം തൂക്കുപാലം കടന്നാല്‍ കേളകത്ത് എത്താം. കുടിയേറ്റ കര്‍ഷകര്‍ മണ്ണില്‍ പണിയെടുത്ത് ഉണ്ടാക്കിയ മറ്റൊരു ലോകം.
മീന്‍മുട്ടിയിലേക്കുള്ള കാട്ടുപാത
കാട്ടിനുള്ളിലൂടെയുള്ള ഒരു ദിവസത്തെ ട്രക്കിങ്... കാടുകാണുക എന്നാല്‍ മരങ്ങള്‍ കാണുക എന്നുമാത്രമല്ല, വേരുകളും ചില്ലകളും കാണണം. അരിച്ചെത്തുന്ന സൂര്യരശ്മികളെയും അകന്നുപോകുന്ന ശബ്ദങ്ങളെയും മരത്തിനുചുറ്റും പറ്റിപ്പിടിച്ചിരിക്കുന്ന പ്രാണികളെയും അറിയണം. അടിക്കാടില്‍നിന്നുള്ള അനക്കങ്ങള്‍ കാണണം. അതു മാത്രം പോരാ, നല്ല കരുതലും വേണം. ആഴ്ചയില്‍ രണ്ടും മൂന്നും രാജവെമ്പാലകളെ ഇറക്കിവിടുന്ന സ്ഥലമാണ്. കടുവ തന്റെ അതിരുകള്‍ (Territory) വരച്ചുവച്ചതിന്റെ അടയാളവും ഒരാഴ്ചമുമ്പ് കണ്ടെത്തിയിരുന്നു.
ഒരു കാട്ടാനയിറങ്ങി വന്യജീവി സങ്കേതത്തിന്റെ ഓഫീസും ചീങ്കണ്ണിപ്പുഴയും കടന്ന് അക്കരെ കേളകം പഞ്ചായത്തില്‍പ്പെട്ട ഒരാളെ കുത്തിമലര്‍ത്തിയത് പുതുവര്‍ഷപ്പുലരിയിലാണ്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോഴിക്കോട് ആസ്പത്രിയിലാണെന്ന് തലേന്ന് രാത്രി റേഞ്ച് ഓഫീസര്‍ മധു പറഞ്ഞിരുന്നു.
പതിനഞ്ച് കിലോമീറ്റര്‍ അകലെ കുന്നിന്‍മുകളിലുള്ള മീന്‍മുട്ടി വെള്ളച്ചാട്ടം ലക്ഷ്യമാക്കിയാണ് നടക്കാനിറങ്ങുന്നത്. അതിരാവിലെതന്നെ യാത്രയ്ക്ക് തയ്യാറായി. നാലുമണിക്കൂറെങ്കിലും വേണം അവിടെയെത്താന്‍. കൂടെ വൈല്‍ഡ്‌ലൈഫ് വാച്ചര്‍ സുശാന്ത് മടപ്പുരക്കലുമുണ്ട്. ആവിപാറുന്ന രണ്ടുകുറ്റിപുട്ടും ചെറുപയറും ചൂടുവെള്ളവുമായി നേരം പുലര്‍ന്നപ്പോള്‍ത്തന്നെ നടത്തം തുടങ്ങി. രാത്രി മലയിറങ്ങുന്ന ആനയെ തുരത്താനായി വഴിയുടെ ഇരുവശവും മരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കും. അവ ഇനിയും കത്തിത്തീര്‍ന്നിട്ടില്ല. രാത്രി ആന നാട്ടിലേക്കിറങ്ങുന്നതിനെ പ്രതിരോധിക്കാന്‍ കെട്ടിവെച്ചിരിക്കുന്ന കമ്പിവേലികളുമുണ്ട്. 30 സെക്കന്‍ഡില്‍ ഒരു പള്‍സ് എന്ന നിലയില്‍ 5000 വാട്‌സ് കറണ്ടാണ് കടത്തിവിടുന്നത്. ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് കമ്പിയില്‍ തട്ടിയാല്‍ ആന തെറിച്ചുപോകും. മനുഷ്യര്‍ക്കും ബാധകമാണത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും രാത്രി കാട്ടിനകത്തേക്ക് പ്രവേശനമില്ല.
എങ്ങോട്ട് നോക്കിയാലും തലയുയര്‍ത്തിനില്‍ക്കുന്ന മരത്തലപ്പുകള്‍. കാരാഞ്ഞലി, പാലി, വയനാവ്, കമ്പകം, വെള്ളപൈന്‍, മൂട്ടിപ്പഴം... വഴിയിലേക്ക് ചാഞ്ഞും ചരിഞ്ഞും ഇഞ്ച, കഴഞ്ചി, കറുത്തോടല്‍, പുല്ലാഞ്ഞി തുടങ്ങിയ വള്ളിപ്പടര്‍പ്പുകള്‍. വഴിയില്‍ മിന്നിമറയുന്ന കാട്ടുകോഴികള്‍. മരംകൊത്തിയുടെയുടെയും മലമുഴക്കിയുടെയും ശബ്ദധ്വനികള്‍. ഒരു ചിലപ്പിട്ട് കടന്നുപോകുന്ന കുരുവികള്‍. കാട്ടിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റാരോടും ഒന്നും പറയാനുണ്ടാകില്ല. 'കാട്ടിലെത്തിയാല്‍ നിശ്ശബ്ദനാകുന്ന കൂട്ടുകാരനോടൊപ്പമേ ഞാന്‍ വരൂ..' എന്ന കവിത ഓര്‍മ്മിച്ചു.
കടുവ അടക്കമുള്ള മൃഗങ്ങള്‍ വനത്തില്‍ ഉണ്ടെങ്കിലും കാണാനാകുമെന്ന ഉറപ്പൊന്നുമില്ലെന്ന് സുശാന്ത് ആദ്യമേ പറഞ്ഞതിനാല്‍ ആകാംക്ഷയോടെ വഴിക്ക് ഇരുവശവും നോക്കിക്കൊണ്ടിരുന്നു. ചില വഴികള്‍ ചൂണ്ടി അദ്ദേഹം ആനത്താരയെന്ന് പരിചയപ്പെടുത്തി. അവിടെ അന്തരീക്ഷത്തില്‍ ചൂര് മണത്തു. ചില മരങ്ങള്‍ മാത്രം അടിയേ പിഴുതെടുത്ത് മറ്റൊരിടത്തുവച്ചപോലെ. തലേന്നുരാത്രി ഇറങ്ങിയ ആനയുടെ കുസൃതിയാണ്!.
രണ്ടുമണിക്കൂര്‍ നടത്തം കഴിഞ്ഞപ്പോള്‍ കുരുക്കത്തോട് എത്തി. അവിടെ എന്തോ കാത്തിരിക്കുന്നുണ്ടെന്ന് സുശാന്ത് നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹം വഴിചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോള്‍ ജീവനുള്ള തിരമാലകളെപ്പോലെ പൂമ്പാറ്റകളുടെ ഇളകിയാട്ടം. ഒറ്റനോട്ടത്തില്‍ ഇലകള്‍ മുഴുവന്‍ കരിഞ്ഞുണങ്ങിയ കാട്ടുമരം എന്നേ തോന്നൂ. നോക്കിയിരിക്കേ ഉണങ്ങിയ ഇലകളുടെ അതേ നിറത്തിലും രൂപത്തിലും മരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പാറ്റകള്‍ ഇളകിത്തുടങ്ങി. നൂറായും ആയിരമായും ചിതറിത്തെറിക്കുന്നു നീലക്കടുവ (Blue tiger) യുടെയും അരളിശലഭത്തിന്റെയും (Common Crow) ചിറകുകള്‍. ഞൊടിയിട കഴിയുമ്പോള്‍ തിരിച്ച് അതേ മരത്തില്‍ അതേസ്ഥലത്ത് വന്നിരിക്കുകയും ചെയ്യും.
മരങ്ങളില്‍ പൂമ്പാറ്റകളുടെ കൂട്ടംചേരല്‍ (Congregation) കാലമാണിത്. പൂമ്പാറ്റകളുടെ ദേശാടനം (Migration) നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ആറളം.
-കാടിന്റെ ഗംഭീരമായ നിശ്ശബ്ദതയില്‍ മധുരാജിന്റെ ക്യാമറയും ഇടവിടാതെ ചിലച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ കാലുകള്‍ സമതലങ്ങളില്‍നിന്ന് കുന്നിന്‍മുകളിലേക്ക് നീട്ടിവെച്ചു. ഇതിനകം എട്ടുകിലോമീറ്ററോളമായി. ഇനിയുമുണ്ട് ഏഴു കിലോമീറ്റര്‍ കൂടി.
പട്ടംപ്ലാവിലാണ് വന്യജീവിസങ്കേതത്തിന്റെ വാച്ച് ടവര്‍. 35 മീറ്റര്‍ ഉയരത്തിലുള്ള വാച്ച് ടവറില്‍നിന്ന് നോക്കുമ്പോള്‍ നമ്മുടെ കാലുകള്‍ കണ്ണൂര്‍ ജില്ലയിലാണെന്ന കാര്യം മറന്നുപോകും. അപരിചിതമായ മറ്റേതോ സ്ഥലത്ത് എത്തിയപോലെ.കിഴക്ക് കൊട്ടിയൂരിന്റെ ഭാഗമായ പാലുകാച്ചി മല, വടക്ക് ബ്രഹ്മഗിരി സാങ്ച്വറിയുടെ ഭാഗമായ മലനിരകള്‍, തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴ, പടിഞ്ഞാറ് ആറളം. ഞങ്ങള്‍ പുറപ്പെട്ടുവന്ന ആറളം ഇപ്പോള്‍ എത്രയോ കീഴെയാണ്!!
ഇനി കുത്തനെയുള്ള കയറ്റമാണ്. കാടിന്റെ ഞരമ്പുപോലെ മലമുകളില്‍നിന്ന് പൊട്ടി ചീങ്കണ്ണിപ്പുഴയോട് കണ്ണിചേരുന്ന അരുവികള്‍ പലവട്ടം ഞങ്ങള്‍ മുറിച്ചുകടന്നു. ഇത്തിരിനേരം അതിന്റെ ചുറ്റിലും ഇരുന്നു. അരുവിയിലെ വെള്ളത്തില്‍ കൈകഴുകി പുട്ടും ചെറുപയറും കഴിച്ചു. അരുവിക്ക് കുറുകേയുള്ള ചെറിയ നടപ്പാലത്തിന്റെ പേര് 'കുര്യാക്കോസ് പാലം'എന്നാണ്!!. മറ്റൊന്നുമല്ല, പാലം പണിത കോണ്‍ട്രാക്റ്ററുടെ പേരാണ്.
പതിനൊന്നു മണിയോടെ കുന്നിന്‍മുകളില്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനുമുന്നിലെത്തി. കര്‍ണാടകയിലെ വീരഗത്തുനിന്ന് വേരുപൊട്ടിയൊഴുകുന്ന വെള്ളപ്പാച്ചില്‍..ബ്രഹ്മഗിരി സാങ്ച്വറിയിലൂടെ വന്ന് ആറളം വന്യജീവി സങ്കേതത്തിലൂടെ താഴോട്ട് താഴോട്ട്.. അവിടെയെത്തുമ്പോള്‍ അത് ചീങ്കണ്ണിപ്പുഴയാകും. ശേഷം കൊട്ടിയൂരില്‍നിന്ന് വരുന്ന ബാവലിപ്പുഴയുമായി ചേര്‍ന്ന് ഇരിട്ടി പുഴയിലേക്ക്. അപ്പോള്‍ ജലപ്രവാഹം വളപട്ടണം പുഴയായി മാറുന്നു. എതു വേനലിലും വറ്റാതെ കണ്ണൂരിന്റെ ജീവനാഡിയായി നില്‍ക്കുന്ന പുഴയിലേക്കുള്ള കുതിപ്പിലാണ് മീന്‍മുട്ടിയിലെ ജലപ്രവാഹം. നെടുങ്കന്‍ വെള്ളച്ചാട്ടം. ജനവരി ആയതിനാല്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ശക്തി കുറഞ്ഞിട്ടില്ല. മീന്‍മുട്ടിയുടെ ഉത്തുംഗത്തില്‍നിന്ന് വന്യതാളത്തില്‍ വെള്ളം കുതിക്കുമ്പോള്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ സമീപത്തൊന്നും ആളുകള്‍ക്ക് നില്‍ക്കാന്‍പോലും പറ്റില്ലത്രേ. ജൂണ്‍മുതല്‍ നവംബര്‍ വരെ എല്ലാ ദിവസവും ഇവിടെ തോരാത്ത മഴയായിരിക്കും.
വെള്ളച്ചാട്ടം കണ്ടതോടെ ഞങ്ങളുടെ ട്രക്കിങിന്റെ ഒന്നാംഘട്ടം കഴിഞ്ഞു. അതിനു മുകളിലേക്ക് പോകാനാകില്ല. ഇനിയുള്ള വഴികള്‍ കാടിനും കാട്ടുജീവികള്‍ക്കും മാത്രമേ അറിയൂ. കിഴക്കോട്ട് കുടക് മലകളാണ്. വന്യജീവി സങ്കേതത്തിന്റെ കവാടത്തിലെത്താന്‍ ഇനി നാലുമണിക്കൂര്‍ മടക്കയാത്ര.
കേരളത്തില്‍ത്തന്നെ രാജവെമ്പാലകള്‍ ഏറ്റവും കൂടുതലുള്ള സാങ്ച്വറികളിലൊന്നാണ് ആറളം. സമീപപ്രദേശങ്ങളില്‍നിന്ന് പിടിയിലാകുന്ന പാമ്പുകളുടെ രാജാക്കന്‍മാരെ കൊണ്ടുവിടുന്നത് ഇവിടെയാണ്. എല്ലാ ആഴ്ചയിലും രണ്ടുമൂന്ന് പാമ്പുകള്‍ എത്താറുണ്ടെങ്കിലും ഞങ്ങളുടെ വഴിയില്‍ രാജവെമ്പാല എവിടെയും കണ്ണില്‍പ്പെട്ടില്ല. മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെത്തന്നെ ഭക്ഷിച്ച് കഴിയുന്ന ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ ഉള്‍ക്കാടുകളില്‍ മാത്രമേ കാണാന്‍കിട്ടൂ എന്ന് സുശാന്ത് പറഞ്ഞു. പക്ഷികളുടെ പാട്ടും അജ്ഞാതജീവികളുടെ അടയാളങ്ങളും അപായസൂചനകളും കേട്ട് മരങ്ങളുടെ മൗനമന്ദഹാസങ്ങള്‍ കണ്ട് ആ പകല്‍ അവസാനിച്ചു. ഒരു ദിവസത്തെ ട്രക്കിങിന് സമാപനം.
പൈനാപ്പിള്‍ പാടങ്ങള്‍ക്ക് നടുവില്‍
ആറളം വന്യജീവി സങ്കേതത്തിലേക്ക് എത്തുന്നതിനു മുമ്പാണ് ഫാം. ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല. എന്നാല്‍ പരിസ്ഥിതി സൗഹൃദ വികസനത്തിന്റെയും കാര്‍ഷികസമൃദ്ധിയുടെയും സന്ദേശവുമായി, വന്യജീവി സങ്കേതത്തിന് ഒരു കവചം പോലെ ആറളം ഫാമുണ്ട്. കൃഷിയിലും കാര്‍ഷിക വൈവിധ്യത്തിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഫാം സന്ദര്‍ശിക്കാം. തെങ്ങ്, കശുവണ്ടി, കൊക്കോ, കൈതച്ചക്ക, കുരുമുളക്, റബ്ബര്‍, മാങ്ങ തുടങ്ങിയ നാണ്യവിളകളുടെയും തോട്ടവിളകളുടെയും തൊട്ടിലാണ് ഈ ഫാം.
1970-ല്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് ഭാരത സര്‍ക്കാര്‍ ആറളം ഫാമിന് തുടക്കമിട്ടത്. ഭാരതസര്‍ക്കാരിന്റെ സ്റ്റേറ്റ് ഫാം കോര്‍പ്പറേഷന്റെ കീഴില്‍ 3060 ഹെക്ടര്‍ ഫാം തുടങ്ങിയത്. ആദിവാസികളുടെ പുനരധിവാസത്തിനായി 2004-ല്‍ ഫാമിന്റെ 50 ശതമാനം സ്ഥലം നല്‍കി. ഒപ്പം ഫാമിന്റെ നിയന്ത്രണം പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ ഫാമിന്റെ പകുതി സ്ഥലങ്ങള്‍ ആദിവാസികളുടേതാണ്.
ഫാമിന്റെ 40-ാം കൂപ്പിലെ ആറാം ബ്ലോക്കിലെത്തുമ്പോള്‍ പൈനാപ്പിള്‍ വിളവെടുപ്പ് നടക്കുന്നു. ബിഹാര്‍, ഒറീസ ഭാഗങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍..കോട്ടയം, ഇടുക്കി ഭാഗങ്ങളില്‍നിന്നുള്ള കൃഷിക്കാരും. റബ്ബര്‍ തൈകള്‍ക്കിടെ ഇടവിളയായാണ് പൈനാപ്പിള്‍ കൃഷിചെയ്യുന്നത്. റബ്ബര്‍ നട്ട് മൂന്നുവര്‍ഷം സംരക്ഷിക്കാനാണ് കരാര്‍. അതിനിടെ ഇടവിളയായി കൃഷിചെയ്യുന്നതിന്റെ ലാഭം ഇടനിലക്കാര്‍ക്ക്. ഫാമില്‍ ആകെ 30 ഹെക്ടറിലാണ് കൈതച്ചക്ക കൃഷിചെയ്യുന്നത്. തട്ടുതട്ടായി കിടക്കുന്ന പൈനാപ്പിള്‍ പാടം കാണുമ്പോള്‍ അത്ഭുതം തോന്നും. എല്ലാ കൈതകള്‍ക്കും ഒരേ വലിപ്പം. ചക്കകള്‍ക്കെല്ലാം ഒരേ നിറം, ഒരേ പ്രായം. എട്ടുമാസത്തിലൊരിക്കലാണ് കൈതയുടെ വിളവെടുപ്പ്. നട്ട് ആറുമാസമാകുമ്പോള്‍ (അല്ലെങ്കില്‍ 32 ഇലകള്‍ ഉണ്ടാകുമ്പോള്‍) എത്തിപ്പോണ്‍ എന്ന പദാര്‍ഥം ഒഴിക്കും. ഒരുമിച്ച് പുഷ്പിക്കാന്‍വേണ്ടിയാണ്. അതോടെ എല്ലാം ഒന്നിച്ച് പൂവിടും. എല്ലാം ഒരേസമയം പഴുത്തുകിട്ടുന്നതിന്റെ രഹസ്യം അതാണ്.
മൈസൂര്‍, ബാംഗ്ലൂര്‍, മടിക്കേരി, മുംബൈ തുടങ്ങി ദൂരസ്ഥലത്തേക്ക് പുറപ്പെടാന്‍ 'പൈനാപ്പിള്‍വണ്ടികള്‍' തയ്യാറായി നില്‍ക്കുന്നു. കരിംപച്ച ചക്കകളാണ് ദൂരേയ്ക്ക് അയക്കുന്നത്. പുറപ്പെടുമ്പോള്‍ പച്ചയാണെങ്കിലും യാത്ര കഴിഞ്ഞ് അവിടെയെത്തുമ്പോഴേക്ക് പഴുത്ത് മഞ്ഞനിറമാകും. പഴുത്ത ചക്കകള്‍ ഇരിട്ടി, പേരാവൂര്‍, തലശ്ശേരി തുടങ്ങി സമീപ നഗരങ്ങളിലേക്ക് പുറപ്പെടും. കൃഷിയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഫീസൊന്നും നല്കാതെ ഫാമിനകത്തേക്ക് പ്രവേശനം നല്‍കും.
പൂമ്പാറ്റകളുടെ ദേശാടനം
കേരളത്തിലെ മറ്റൊരു വനമേഖലയിലും കാണാത്ത ചിത്രശലഭങ്ങളുടെ കേന്ദ്രമാണ് ആറളം. പിരിഡേ (വെണ്ണശലഭങ്ങള്‍) വിഭാഗത്തില്‍പ്പെട്ട അല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ആറളത്തിലൂടെയാണ്. മലനിരകളില്‍നിന്ന് നദികളിലൂടെയും തോടുകളിലൂടെയും ഒന്നിനുപുറകെ ഒന്നായി ഒഴുകിവരുന്ന ചിത്രശലഭങ്ങളുടെ കൂട്ടം ചേരലും (Congregation) മഡ് പഡ്‌ലിങും (Mud puddling) ആറളത്തിന് മറ്റൊരു നിറംപകരുന്നു. അഞ്ചുമിനിറ്റില്‍ അയ്യായിരത്തോളം പൂമ്പാറ്റകള്‍ ഇങ്ങനെ കടന്നുപോകുന്നതായി കണക്കാക്കിയിട്ടുണ്ട്. കുടക് മലനിരകളില്‍നിന്ന് വരുന്ന ഈ പൂമ്പാറ്റക്കൂട്ടം നദിക്കരയിലെ നനഞ്ഞമണ്ണില്‍ പ്രാര്‍ഥനാപൂര്‍വ്വം ഇരിക്കുന്നു. വിശ്രമിക്കാനും തുടര്‍യാത്രയക്കുള്ള ഊര്‍ജ്ജം സംഭരിക്കാനുമാണ് ഇങ്ങനെ ഇരിക്കുന്നതെന്ന് കരുതുന്നു. ഇങ്ങനെ ആയിരക്കണക്കിന് ശലഭങ്ങളാണ് നദിക്കരയില്‍ ഒരേസമയം ഉണ്ടാവുക.
പിന്നീട് ഇവ എങ്ങോട്ടുപോകുന്നുവെന്ന് അറിയില്ല. ഊട്ടിയിലേക്കുള്ള യാത്രയിലാണ് ഇവയെന്ന് കരുതുന്നു. നവംബര്‍ മുതല്‍ ജനവരി വരെയാണ് പൂമ്പാറ്റകളുടെ ദേശാടനത്തിന്റെ സീസണ്‍. കൃഷ്ണശലഭം, ചുട്ടിക്കറുപ്പന്‍, ഭൂപടശലഭം, വനദേവത, ഓക്കിലശലഭം തുടങ്ങി 249 തരം പൂമ്പാറ്റകളെ ആറളം വന്യജീവി സങ്കേതത്തില്‍ തിരിച്ചറഞ്ഞിട്ടുണ്ട്. 334 തരം ശലഭങ്ങളെയാണ് പശ്ചിമഘട്ടത്തിലാകെ തിരിച്ചറിഞ്ഞിട്ടുള്ളത് എന്നുകൂടി അറിയുമ്പോഴേ ഇവിടുത്തെ ശലഭസമ്പത്ത് എത്രയെന്നറിയൂ. ഇന്ത്യയില്‍ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ ഗരുഡശലഭം മുതല്‍ ഏറ്റവും ചെറിയ രത്‌നനീലിവരെയുള്ളവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും ജനവരി രണ്ടാംവാരത്തില്‍ ശലഭസര്‍വ്വേ നടക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മീന്‍മുട്ടിയിലേക്ക് പോകാന്‍ തയ്യാറായി വരുന്നവര്‍ പുറത്തുനിന്ന് (ഫോര്‍വീല്‍) ജീപ്പ് വാടകയക്ക് എടുത്തിട്ട് വേണം സങ്കേതത്തിലെത്താന്‍. ഇവിടെനിന്ന് വാഹനസൗകര്യം ലഭിക്കില്ല. ടൂവീലര്‍ അനുവദിക്കില്ല
2. വനംവകുപ്പില്‍നിന്നുള്ള ഗൈഡിന്റെ സഹായത്തോടെ മാത്രമേ മീന്‍മുട്ടിയിലേക്ക് ട്രക്കിങ് അനുവദിക്കൂ.
3. ചെറിയ ഗ്രൂപ്പുകളെ മാത്രമേ ട്രക്കിങിന് അനുവദിക്കൂ.
4. ട്രക്കിങിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്.
(2014 ഫെബ്രുവരി ലക്കം യാത്ര മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Content Highlights: Aralam wildlife sanctuary Kannur trekking mathrubhumi yathra
Content Highlights: