ഗ്ലാസ്ബ്രിഡ്ജിനും മുകളിലൂടെ പറന്ന് ആന്‍ ശീതള്‍; സാഹസികരെ കാത്ത് വാഗമണ്‍ പാരാഗ്ലൈഡിങ്

Photo: instagram.com/annsheetal/
Photo: instagram.com/annsheetal/

ഇഷ്‌ക്, എസ്ര എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് ആന്‍ ശീതള്‍. സാമൂഹിക മാധ്യമങ്ങളിലും സജീവമായിട്ടുള്ള നടിക്ക് സ്വന്തമായി യൂടൂബ് ചാനലുമുണ്ട്. സ്ഥിരമായി യാത്ര ചെയ്യാറുള്ള ആന്‍ അത്തരം വിശേഷങ്ങള്‍ ഈ ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വാഗമണ്ണിന്റെ ആകാശത്തില്‍ പാരാഗ്ലൈഡിങ് നടത്തുന്ന വീഡിയോയാണ് ആന്‍ പങ്കുവെച്ചിരിക്കുന്നത്.

പാരാഗ്ലൈഡിങ് ചെയ്യുന്നതിന് മുന്‍പുള്ള സുരക്ഷാ മുന്‍കരുതലും തുടര്‍ന്നുള്ള പറക്കലും സുരക്ഷിതമായ ലാന്‍ഡിങ്ങുമെല്ലാം വീഡിയോയിലുണ്ട്. അതിമനോഹരമായ വാഗമണ്‍ ഭൂപ്രകൃതിയും ആകാശക്കാഴ്ചകളുടെ ഭംഗിയും വീഡിയോയില്‍ കാണാം. വാഗമണിലെ പ്രശസ്തമായ ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെയും ആന്‍ പറക്കുന്നുണ്ട്. വാഗമണില്‍ പാരാഗ്ലൈഡിങ് നടത്തുന്ന ഫ്‌ളൈ വാഗമണ്‍ ടീമിനൊപ്പമായിരുന്നു ആനിന്റെ പറക്കല്‍. 

പാരാഗ്ലൈഡിങ് നടത്താനാഗ്രഹിക്കുന്ന സാഹസിക സഞ്ചാരികള്‍ക്ക് കേരളത്തിലുള്ള ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണ് വാഗമണ്‍. പറക്കുന്ന അനുഭവത്തോടൊപ്പം വാഗമണിന്റെ ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന അനുഭൂതിയം പകരംവെക്കാനില്ലാത്തതാണ്. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ ട്രാവല്‍ ലെഷര്‍ മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ മികച്ച പത്ത് വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

വാഗമണ്‍- കാഴ്ചയുടെ വസന്തം

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍. വാഗമണ്‍ പട്ടണം ഉള്‍പ്പെടെ വാഗമണ്‍ മലനിരകളുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണ്. സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് ഇവിടം.

പൈന്‍മരങ്ങളും തേയിലത്തോട്ടങ്ങളും മലനിരകളുമായി കാഴ്ചകളുടെ വിരുന്നാണ് വാഗണ്‍ ഒരുക്കുക. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡുകളിലൂടെയുള്ള യാത്ര മികച്ച അനുഭവമായിരിക്കും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കൂടിയാണ് വാഗമണ്‍. ടൗണിന് സമീപത്ത് തന്നെയുള്ള ടീ ഗാര്‍ഡന്‍ ലെയ്ക്ക് എന്ന തടാകവും കാണേണ്ടത് തന്നെയാണ്. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. പൈന്‍മരക്കാടുകളിലും മൊട്ടക്കുന്നുകളിലും അലഞ്ഞ് തിരിയുന്നതിന്റെ ഭംഗിയും ഒന്ന് വേറെ തന്നെയാണ്.

വ്യത്യസ്ത യാത്രാനുഭവം നല്കുന്ന മാര്‍മല വെള്ളച്ചാട്ടവും ഹൈക്കിങ്ങിന്റെ അനുഭവം നല്കുന്ന ഇല്ലിക്കല്‍കല്ലും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാം. സൂഫി സന്യാസിയായിരുന്ന ഹസ്രത്ത് ഷെയ്ഖ് ഫരീദുദ്ദീന്‍ ബാബയുടെ വിശ്രമസ്ഥലമായിരുന്ന തങ്ങളുപാറയും കണ്ടിരിക്കേണ്ടത് തന്നെയാണ്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. കുരിശുമലയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഒരു കന്നുകാലി ഫാം നടത്തുന്നുണ്ട്. 

Content Highlights: ann sheetal vagamon paragliding Idukki