ഏറ്റവും പ്രിയപ്പെട്ടത്; ആന്‍ഡ്രിയയുടെ ഹൃദയം കീഴടക്കി സ്വപ്‌നദ്വീപ്

വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, പകരംവെക്കാനില്ലാത്ത മഴക്കാടുകള്‍, കണ്ടാല്‍മതിവരാത്ത ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സംസ്‌കാരം... ബാലി വിനോദ സഞ്ചാരികള്‍ക്ക് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല. അതിനപ്പുറം വേറെന്തൊക്കെയോ ആണ്. ബാലിയുടെ എല്ലാ സാധ്യതകളും ഉള്‍കൊണ്ട് അവധിക്കാലം ആഘോഷമാക്കി മാറ്റിയ ഓര്‍മകളിലാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ആന്‍ഡ്രിയ.
തനിക്കേറ്റവും പ്രിയപ്പെട്ട അവധിക്കാലം എന്ന ക്യാപ്ഷനോടെയാണ് ആന്‍ഡ്രിയ ബാലി വീഡിയോ ഷെയര്‍ ചെയ്തത്. ബാലിയിലെ കടലും തീരങ്ങളും അമ്പലങ്ങളും കഫേകളുമെല്ലാമായി ബാലി വൈബ് പൂര്‍ണമായും പകര്‍ത്തുന്ന രീതിയിലാണ് വീഡിയോ. സമീപകാലത്ത് ആഗോള ഹിറ്റായി മാറിയ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡിന്റെ ബിഗ് ഡോഗ്‌സ് എന്ന സിംഗിളാണ് ആന്‍ഡ്രിയ വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇന്‍ഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലി തന്നെയാണ് ബാലിയിലെ ഈ വ്യത്യസ്തതയ്ക്ക് പിന്നില്‍. ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം എത്തിയ സന്ന്യാസിമാരാണ് ബാലിയില്‍ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. പിന്നീട് വന്ന തലമുറകള്‍ പൈതൃകവും വിശ്വാസവും വിടാതെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭൂപ്രകൃതിയായതിനാല്‍ ഇന്‍ഡൊനീഷ്യയിലെ പൊതുരീതിയില്‍ നിന്നും പാടെ വ്യത്യസ്തമായ ശൈലിയാണ് ഈ ഭൂമിക സ്വീകരിച്ചത്.
പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയില്‍നിന്ന് ലഭിക്കുന്നു. ഇന്‍ഡൊനീഷ്യന്‍ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തില്‍. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ നമ്മള്‍ കേരളീയര്‍ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവര്‍ സഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്‌കാരവും ആചാരരീതികളും അടുത്തറിയാന്‍ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാര്‍ക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കുന്നു.
വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ അധികം പണിപ്പെടേണ്ടി വരില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം.
സഞ്ചാരികളുടെ പറുദീസ
മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറന്‍സിയായ റുപ്പയ ആണ്. 500 രൂപയുമായാണ് നിങ്ങള്‍ ബാലിയിലെത്തുന്നതെങ്കില്‍ നിങ്ങള്‍ അവിടത്തെ കറന്‍സിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കില്‍ കോടീശ്വരന്‍! വിനിമയത്തിലെ ഈ മൂല്യത്തകര്‍ച്ച പക്ഷേ, ചെലവില്‍ പ്രതിഫലിക്കുമെന്നു കരുതിയാല്‍ തെറ്റി. ഒരു സാധാരണ ഹോട്ടലില്‍നിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ലക്ഷം റുപ്പിയെങ്കിലും കൈയില്‍നിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കരുതല്‍ അനിവാര്യം.
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ധാരാളം മതി. സഹായിക്കാന്‍ ബാലിക്കാര്‍ സദാ സന്നദ്ധര്‍. പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണവര്‍. ചിലപ്പോള്‍ വഴിചോദിച്ചാല്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവര്‍ മടങ്ങൂ. കറന്‍സി മാറ്റുന്നത് കേരളത്തില്‍നിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളര്‍ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യന്‍രൂപ മാറ്റിക്കിട്ടാന്‍ പാടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തില്‍ കണ്ടുവരുന്ന സസ്യജാലങ്ങള്‍ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലര്‍ത്തുന്നവരാണ് ബാലിക്കാര്‍. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകള്‍ക്കുമുന്നില്‍ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികള്‍ വളര്‍ത്തുന്ന നഴ്‌സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്.
ബാലി യാത്രയില്‍ കണ്ടിരിക്കേണ്ട 10 പ്രധാനകേന്ദ്രങ്ങള്‍
1. കുട്ട ബീച്ച്: ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രം. അസ്തമയവേള കണ്ണഞ്ചിപ്പിക്കുന്നത്. രാത്രിവിരുന്നിന് പ്രശസ്തം
2. ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള പൗരാണിക ക്ഷേത്രം. കടലില്‍ രൂപപ്പെട്ട പാറക്കെട്ടിനു മുകളിലാണ് ആരാധനാലയം
3. ഉബൂദ്: ബാലിയിലെ പ്രധാനകൃഷിയിടങ്ങളിലൊന്ന്. വിശാലമായ വയല്‍പ്പരപ്പുകളും തോട്ടങ്ങളും നിറഞ്ഞ പ്രകൃതിസുന്ദരമായ മേഖല.
4. കോപ്പി ലുവാക് പ്ലാന്റേഷന്‍: വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു തീറ്റിച്ച്, കാഷ്ഠത്തില്‍നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു സംസ്‌കരിച്ചെടുത്ത് നിര്‍മിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്. പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഈ കാപ്പിക്ക് പൊന്നുംവിലയാണ്. ഈ കാപ്പി നിര്‍മിക്കുന്ന തോട്ടങ്ങള്‍ വിനോദസഞ്ചാരികളുടെ പതിവുസന്ദര്‍ശനകേന്ദ്രം.
5. സെകുംപുള്‍ വെള്ളച്ചാട്ടം: കാടിന് നടുവിലൊരു വെള്ളച്ചാട്ടം. വന്യഭംഗിക്കൊപ്പം കുത്തിയൊഴുകിയെത്തുന്ന അരുവിയുടെ കണ്‍കവരുന്ന കാഴ്ചയും. ട്രെക്കിങ് പ്രിയര്‍ക്ക് അനുയോജ്യം
6. മൗണ്ട് ബാടുര്‍: ബാലിയിലെ സജീവമായ അഗ്നിപര്‍വതം. പശ്ചാത്തലമായി നാടകീയമായ ഭൂപ്രകൃതിയും
7. ഉലുവത്ത് ടെംപിള്‍: കുന്നിന്‍മുകളിലെ ചുണ്ണാമ്പുപാറയിലൊരു ക്ഷേത്രം. മറുഭാഗത്ത് കടലും. അവിസ്മരണീയ കാഴ്ച.
8. അഗുംഗ് റായ് മ്യൂസിയം ഓഫ് ആര്‍ട്ട്: ബാലിയുടെ സാംസ്‌കാരിക, കലാപാരമ്പര്യം അവതരിപ്പിക്കുന്ന കാഴ്ചബംഗ്ലാവ്
9. സേക്രഡ് മങ്കി ഫോറസ്റ്റ്: വിവിധ ജനുസ്സുകളില്‍പ്പെട്ട കുരങ്ങന്മാര്‍ അധിവസിക്കുന്ന കേന്ദ്രം. കടന്നാക്രമണത്തിന് ഇരയായിട്ടില്ലാത്ത മഴക്കാടിന്റെ ഭംഗിയും പ്രധാനം.
10. തീര്‍ഥഗംഗ വാട്ടര്‍ പാലസ്: ബാലിയിലെ പഴയ രാജകൊട്ടാരങ്ങളിലൊന്ന്. കുളങ്ങളും ജലധാരകളും ശില്പങ്ങളും നിറഞ്ഞ സമുച്ചയം.
Content Highlights: andrea jeremiah bali travel