'ഇതിനേക്കാള്‍ മനോഹരമായൊരു ജീവിതമില്ല'; ബാലിയുടെ സൗന്ദര്യത്തില്‍ മയങ്ങി സുഹാസിനി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് സുഹാസിനി. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി സിനിമ നിര്‍മാണ രംഗത്തും സജീവമാണ്. സാമൂഹിക മാധ്യമങ്ങളിലും ഇടപെടാറുള്ള സുഹാസിനി ഒരു ബാലി യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
സുഹൃത്തിന്റെ മകളുടെ വിവാഹത്തിനാണ് സുഹാസിനി ബാലിയിലെത്തിയത്. സഹോദരിയോടൊപ്പമാണ് സുഹാസിനിയുടെ ബാലിയിലെ കറക്കം. യാത്രയുടെ നിരവധി ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ജീവിതം ഇതിനേക്കാള്‍ മനോഹരമാവാനില്ല' എന്ന കുറിപ്പോടെയാണ് സുഹാസിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍ഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയിലെ, ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. 2014-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയിലെ 83.5 ശതമാനം പേര്‍ ഹിന്ദുക്കളാണ്. എന്നാല്‍ ഇന്‍ഡൊനീഷ്യയുടെ മൊത്തം കണക്കെടുത്താല്‍ 87.2 ശതമാനം പേരും മുസ്ലിങ്ങള്‍.
വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും, ഇനിയും നാഗരികതയുടെ മഴുവിന് ഇരയാകാത്ത മഴക്കാടുകള്‍, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്‌കാരം... ബാലി വിനോദസഞ്ചാരികള്‍ക്ക് പറുദീസയാകുന്നു. ഏതുതരക്കാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര നടത്താനാണ് പ്‌ളാനെങ്കില്‍ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ധാരാളം. വഴി 'ചോയിച്ചു ചോയിച്ചു പോയാല്‍ മതി'. കറന്‍സി മാറ്റുന്നത് കേരളത്തില്‍നിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളര്‍ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യന്‍രൂപ മാറ്റിക്കിട്ടാന്‍ പാടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തില്‍ കണ്ടുവരുന്ന സസ്യജാലങ്ങള്‍ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലര്‍ത്തുന്നവരാണ് ബാലിക്കാര്‍. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകള്‍ക്കുമുന്നില്‍ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികള്‍ വളര്‍ത്തുന്ന നഴ്സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്.
ക്ഷേത്രങ്ങളും കടലോരങ്ങളും
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങള്‍. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദര്‍ശനം മുടക്കരുത്. കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയൊരു പാറക്കൂട്ടത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും.
മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാല്‍ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കണ്‍കുളിര്‍ക്കെ കാണാനും മിക്ക ബീച്ചുകളിലും സ്‌കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കന്‍ഗു, ജിംബാരണ്‍, നുസ ദുവ, സാനുര്‍ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങള്‍. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കില്‍ വിനോദസഞ്ചാരികള്‍ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.
പുകയുന്ന അഗ്‌നിപര്‍വതം
അഗ്‌നിപര്‍വതങ്ങളുടെ നാടാണ് ബാലി. ഇതില്‍ രണ്ടെണ്ണം ഇപ്പോഴും സജീവം; മൗണ്ട് അഗുംഗ്, മൗണ്ട് ബാടുര്‍ എന്നിവ. മൗണ്ട് അഗുംഗ്, ആണ് ബാലിയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതം. 1963-64-ലാണ് അവസാനമായി പൊട്ടിയൊഴുകിയത്. ആയിരത്തി അറന്നൂറോളം പേര്‍ കൊല്ലപ്പെട്ടു, പതിനായിരങ്ങള്‍ ഭവനരഹിതരായി. അന്ന് മൗണ്ട് അഗുംഗില്‍ വലിയൊരു വിള്ളലും രൂപപ്പെട്ടു. നെടുകെ പിളര്‍ന്നൊരു പര്‍വതശിഖരം, എന്നാല്‍ ദൂരക്കാഴ്ചയില്‍ ഇപ്പോഴും കോണാകൃതിയിലാണ് മൗണ്ട് അഗുംഗ്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പുകയുന്നതും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമൊക്കെ പതിവ്.
Content Highlights: actress suhasini bali travel