കൂടല്ലൂരില്‍ ബസിറങ്ങി തെക്കേപ്പാട്ട് തറവാട്ടിലേക്ക് നടക്കുമ്പോള്‍ ഞാനുമോര്‍ത്തത് ലീലയെ ആയിരുന്നു

എനിക്ക് സുപരിചിതമായ ഗ്രാമമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലൂടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവധമനിയാണ്. ഗ്രാമം എനിക്ക് ശബ്ദങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തിലെയെന്നപോലെ, മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങള്‍ എന്നും എന്നെ ആകര്‍ഷിക്കുന്നു. മനുഷ്യാവസ്ഥയിലെ സങ്കീര്‍ണതകള്‍. കൊടുംക്രൂരനെന്നും വിധിക്കപ്പെട്ടവന്‍ ഒരിക്കല്‍ മൃദുലഹൃദയം തുറന്നുകാണിച്ച് നമ്മെ അമ്പരപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവന്‍ ഭീകരതയുടെ ദംഷ്ട്രകള്‍ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു- മനുഷ്യന്‍ എന്ന നിത്യാദ്ഭുതത്തെപ്പറ്റി നാം ചിന്തിച്ച് അസ്വസ്ഥരാവുന്നു...
-എം.ടി. വാസുദേവന്‍ നായര്‍
താന്നിക്കുന്നിന് മുകളില്‍ കയറിയാല്‍ കര്‍ണൂല്‍ പാലത്തിലൂടെ തീവണ്ടി പോകുന്നത് ഇപ്പോഴും കാണാം. സൂക്ഷ്മമായി നോക്കിയാല്‍ വറ്റിവരണ്ടൊഴുകുന്ന നിളാ നദിയെയും. ഈ കുന്നിന്‍ചരുവകളില്‍ വന്നിരുന്ന് എത്രയെത്ര കഥാപാത്രങ്ങളെയാകും എം.ടി. സൃഷ്ടിച്ചിട്ടുണ്ടാവുക. ചിമിഴില്‍ ഒളിപ്പിച്ചുവെച്ച കൊടുങ്കാറ്റുകള്‍പോലെ, അജ്ഞാതന്റെ ഉയരാത്ത സ്മാരകങ്ങളായി... ജയിച്ചിട്ടും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവന്റെ വ്യഥകളായി... അവ വായനക്കാരെ പിന്തുടരുന്നു. നിളയുടെ മണ്‍തരികളില്‍പോലും വിഹ്വലതകള്‍ ഒളിഞ്ഞിരിക്കുന്നുവത്രെ!. കാഥികന്റെ പണിപ്പുരയില്‍നിന്നു കാലം അടയാളപ്പെടുത്തിയ കഥാപാത്രങ്ങളായി അവ പിറവികൊണ്ടു. അപ്പുണ്ണിയും സേതുവും ഗോവിന്ദന്‍കുട്ടിയും ഭീമനുമെല്ലാം എനിക്കും ചുറ്റും നൃത്തംവെക്കുന്ന കാലം. 'വളരും വളര്‍ന്ന് വലുതാകു'മെന്ന- നാലുകെട്ടിലെ അപ്പുണ്ണിയുടെ ഈ വാക്കുകള്‍ തിരസ്‌കരിക്കപ്പെടുന്ന നേരത്ത് ഒരിയ്ക്കലെങ്കിലും ഉരുവിടാത്ത യൗവ്വനങ്ങളുണ്ടാകുമോ?. പലകുറി എയ്തു പഠിച്ച വാക്കുകള്‍.
Content Highlights: Through the Fabled Lands kudallur palakkad travel mt vasudevan nair column by arun p gopi