ചാറിപെയ്യുന്ന ചിറാപുഞ്ചി, മുഖം തരാതെ കോടയിൽ മറഞ്ഞ് നോഹാലിക വെള്ളച്ചാട്ടം

മഴ ചാറിപ്പെയ്യുന്ന പകലിൽ ചിറാപ്പുഞ്ചിയെ അനുഭവിക്കാനുള്ള യാത്രയിലാണ്. ചാറി എന്ന വാക്കിലും നല്ലത് പാറി എന്നതായിരിക്കും. പാറിപ്പാറിയാണ് മഴ വീഴുന്നത്. ഇടയ്ക്കെല്ലാം കോടയിറങ്ങി നിൽപ്പുണ്ട്. ഷില്ലോങ്ങിൽ നിന്ന് അറുപത് കിലോമീറ്ററുണ്ട് ചിറാപ്പുഞ്ചിയ്ക്ക്. ചന്തമുള്ള കുറേ സ്ഥലങ്ങൾ ചേർന്ന സാമാന്യം വലിയ പ്രദേശം.

നോഹാലികയിലേയ്ക്കുള്ള വഴിയിൽ

നോഹാലിക വെള്ളച്ചാട്ടമാണ് ആദ്യത്തെ ലക്ഷ്യം. നൂറടിയിലധികം ഉയരത്തിൽ നിന്ന് വെള്ളം ചാടിയിറങ്ങിവീഴുന്ന സുന്ദര കാഴ്ച ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം പലതവണ കണ്ടിട്ടുണ്ട്. അതൊന്ന് നേരിട്ട് കാണാനുള്ള ആഗ്രഹത്തിലാണ് യാത്ര.

കവാടത്തിന് ഇടതുവശത്ത് ടിക്കറ്റ് കൗണ്ടർ. ഒരാൾക്ക് ടിക്കറ്റ് നിരക്ക് അമ്പത് രൂപ. ഫോണുകൾക്ക് സിഗ്‌നൽ കിട്ടാൻ നന്നേ പ്രയാസമുള്ള പ്രദേശമായതിനാൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഇല്ല. ടിക്കറ്റെടുത്ത് മുന്നോട്ട് നീങ്ങി അധികം മുന്നോട്ട് പോകും മുമ്പ് തന്നെ വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ട് . പക്ഷേ, നിർത്തിയിട്ട എല്ലാ വാഹനങ്ങളും കാണാൻ പറ്റുന്നില്ല. അത്രയ്ക്ക് കടുത്ത കോടമഞ്ഞ് ചുറ്റിലും. വണ്ടിയൊതുക്കി മഴയിലേയ്ക്കിറങ്ങിയോടി. കുടയോ കോട്ടോ ഒന്നും കയ്യിലില്ലായിരുന്നു. അതില്ലാതെ ചിറാപ്പുഞ്ചിയിലിറങ്ങിയിട്ട് കാര്യമില്ല എന്ന് ഇറങ്ങിയപ്പോൾ തന്നെ മനസ്സിലായി.

ഓരോ പ്രദേശത്തിനും അനുസരിച്ചാണല്ലൊ അവിടെ തുടങ്ങുന്ന കച്ചവടങ്ങളുടെ സ്വഭാവവും. നോഹാലിക വെള്ളച്ചാട്ടത്തിന് സമീപത്തെ കടകളിൽ പ്രധാനപ്പെട്ടത് കുടയും കോട്ടും വിൽക്കുന്ന ഒന്നാണ്. നമ്മൾ പാർക്കിങ്ങിനടുത്തേയ്ക്ക് വണ്ടിയെടുക്കുമ്പോൾ ആദ്യം കാണുന്നതും അതേ കടതന്നെ. ചാരനിറത്തിൽ നീളൻ കോട്ടും കറുത്ത ശീലയ്ക്ക് പകരം ആകാശം കാണുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ കുടയും വാങ്ങിയിറങ്ങി. മുന്നോട്ട് നടക്കുന്നു. പക്ഷേ, ഒന്നും കാണാനില്ല.

എവിടെ? വെള്ളച്ചാട്ടമെവിടെ?

വെള്ളച്ചാട്ടം കാണാനേയില്ല. വലതുവശത്ത് അതിഗംഭീരമായി വളർന്ന കാടിനടുത്ത് നിന്ന് വെളുത്ത ആവരണം താഴേയ്ക്കിറങ്ങിവന്നിട്ടുണ്ട്. തൂവെള്ള മേഘങ്ങൾ മറിഞ്ഞുവീണുകിടക്കും പോലുള്ള ആ സ്ഥലത്താണ് വെള്ളച്ചാട്ടമുള്ളത്. അത് കാണാൻ ഒറ്റ മാർഗ്ഗമേയുള്ളു. കോടപോകും വരെ കാത്തിരിക്കുക. നമ്മൾ കാത്തിരിക്കുന്നു.

നോഹാലിക. എന്താണ് ഈ വെള്ളച്ചാട്ടത്തിന് അങ്ങനെ പേര്? ആ സംശയം ചെന്നുനിന്നത് പഴങ്കഥയിലാണ്. ചിറാപ്പുഞ്ചിയിലെ ഈ ഖാസികുന്നുകളിൽ താമസിക്കുന്ന ഖാസി ഗോത്രത്തിലെ കഥയിൽ.  പണ്ടൊരിക്കൽ ഇവിടെ ലികായി എന്ന യുവതി താമസിച്ചിരുന്നു. ഭർത്താവും പിഞ്ചുകുഞ്ഞുമായി ജീവിക്കുന്നതിനിടയിൽ അവളെത്തേടി ആദ്യ ദുരന്തമെത്തി. ഭർത്താവ് പെട്ടെന്ന് മരിച്ചു. ജീവിതത്തിൽ ആകെ ഒറ്റപ്പെട്ടുപോയെന്ന് അവൾക്ക് തോന്നിയ ദിവസങ്ങൾ. കുഞ്ഞിനെ വളർത്താൻ പോലും അവൾ പ്രയാസപ്പെട്ടു. അതിജീവനത്തിനായി, കുഞ്ഞിനെ നന്നായി വളർത്താനായി സ്വപ്നങ്ങളിലേയ്ക്ക് നടക്കാൻ സഹായമാകും എന്ന് കരുതി അവൾ രണ്ടാമത് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. വൈകാതെ അത് സംഭവിച്ചു.

ലികായിയ്ക്ക് മകളോട് വലിയ സ്നേഹമായിരുന്നു. അത് ലികായുടെ രണ്ടാം ഭർത്താവിൽ വലിയ അസൂയയുണ്ടാക്കാൻ കാരണവുമായി. ഒരു ദിവസം ലികായി പണിയ്ക്ക് പോയ സമയത്ത് അയാൾ മകളെ കൊലപ്പെടുത്തി. മാത്രമല്ല ആ ശവശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി കറിവെച്ചു. ലികായി തിരിച്ചു വന്ന് മകളെ അന്വേഷിച്ചപ്പോൾ അവൾ പുറത്തുപോയതാണ് എന്ന് അയാൾ പറഞ്ഞു. ശേഷം അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു. ഇറച്ചിക്കഷണങ്ങളിൽ നിന്ന് മകളുടെ വിരൽ കിട്ടിയപ്പോഴാണ് ലികായി ആ ഭീകര സത്യം മനസ്സിലാക്കിയത്. തന്റെ പുന്നാര മകളെ അയാൾ കൊന്ന് കറിവെച്ചിരിക്കുന്നു. അവൾ തകർന്നു പോയി. ദു:ഖവും കുറ്റബോധവും സഹിക്കവയ്യാതെ അവൾ ഗ്രാമത്തിലെ ഉയർന്ന പാറയ്ക്ക് മുകളിൽ നിന്ന് താഴേയ്ക്കെടുത്ത് ചാടി. ആ സ്ഥലം പിന്നീട് ലികായുടെ ചാട്ടം എന്ന അർത്ഥം വരുന്ന നോഹാലിക എന്നറിയപ്പെട്ടു തുടങ്ങി.

നോഹാലിക വെള്ളച്ചാട്ടം

ആ അമ്മയുടെ ദു:ഖഭാരവും പേറിയാണോ നോഹാലികയിൽ വെള്ളം ഇപ്പോഴും താഴേയ്ക്ക് ചാടിവീഴുന്നത്?

എന്തായാലും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ആളുകൾ നോഹാലികയെ കാണാനായി ഇപ്പോഴെത്തുന്നുണ്ട്. ചിറാപ്പുഞ്ചിയിലെത്തുന്നവരെല്ലാം നോഹാലികയെ തിരയുന്നു. പക്ഷേ, മഴക്കാലത്ത് വന്നാൽ കുറേയേറെ സമയം ചെലവഴിച്ചാൽ മാത്രമേ വെള്ളച്ചാട്ടത്തെ കാണാൻ പറ്റു.

നോഹാലികയിൽ

നമ്മുടെ കാത്തിരിപ്പ് ഏതാണ്ട് ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും കോടമഞ്ഞ് കാര്യമായി നീങ്ങിയിട്ടില്ല. നേർത്ത വരപോലെ വെള്ളം ഒഴുകിയിറങ്ങുന്നത് ആ വെളുത്ത പുകയ്ക്കിടയിൽ കാണാം. അത്രമാത്രം കാണാനുള്ള അവസരമേ ഇന്നുള്ളു എന്ന് തോന്നുന്നു. നോഹാലിക അതിന്റെ സർവ്വസൗന്ദര്യത്തോടുകൂടിയും കാണാനായി ഇതെത്ര നേരമായി കാത്തിരിക്കുന്നു. പക്ഷേ, സാധിക്കുന്നില്ല. മഴ ഭാവഭേദവുമില്ലാതെ പാറിപ്പെയ്യുകയാണ്. പിൻമടങ്ങാൻ എനിക്കൊരുദ്ദേശ്യവുമില്ല എന്ന് കോടയും വിളിച്ച് പറയുന്നു.

ചില യാത്രകൾ ഉദ്ദേശിച്ച കാഴ്ചകളിലേയ്ക്ക് നമ്മെ എത്തിക്കില്ലായിരിക്കും. അങ്ങ് ദൂരെ നൂലുപോലെ ഒഴുകിയിറങ്ങിയ പാൽപ്പുഴയാണ് എന്റെ കണ്ണിലെ നോഹാലിക.

മഞ്ഞിൽ പുതഞ്ഞ നോഹാലിക

അതങ്ങനെ തന്നെ നിൽക്കട്ടെ. ഇവിടുത്തെ ഈ മഴയും കോടയുടെ വെളുപ്പും ആ കാടിന്റെ കറുപ്പും ഞാനെടുക്കുന്നു. ലികായിയുടെ ദു:ഖവും പേറി ആ തെളിനീറുറവ കോടയ്ക്കുള്ളിലൂടെ താഴേയ്ക്ക് ചാടിയിറങ്ങിക്കൊണ്ടേയിരിക്കുന്നു.

Content Highlights: Travel experience in Cherrapunji amidst constant rain and heavy fog, Detailed exploration of the famous Nohkalikai Falls and its viewpoint, The tragic Khasi folklore and legend behind the name Nohkalikai, Practical tips for visiting Cherrapunji including rain gear and ticket details