കോത്തഗിരിയിലെ ഏകാകി

അരുൺ ഷൂരി
അരുൺ ഷൂരി

എന്തുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും അരുൺ ഷൂരിയെക്കുറിച്ച് എഴുതുന്നത്? എന്തുകൊണ്ടാണ് മനസ്സുകൊണ്ടും ശരീരം കൊണ്ടും വീണ്ടും വീണ്ടും ഞാൻ ഈ മനുഷ്യനിലേക്ക് മടങ്ങിയെത്തുന്നത്? അദ്ദേഹത്തെ വായിക്കുന്നത്? സാധിക്കുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹത്തോട് സംസാരിക്കുന്നത്? എത്താവുന്ന ദൂരങ്ങളിലാണെങ്കിൽ അദ്ദേഹത്തെ ചെന്നുകാണുന്നത്? അധികാരത്തിന്റെ ഗോപുരങ്ങളെ പിടിച്ചുകുലുക്കി, താഴികക്കുടങ്ങൾ തകർത്ത പത്രപ്രവർത്തകനോടുള്ള ആരാധനകൊണ്ടാണോ?പണ്ഡിതനും പൂജിത വിഗ്രഹങ്ങളെ തകർക്കുന്നയാളുമായ ഗ്രന്ഥകാരനോടുള്ള ബഹുമാനംകൊണ്ടാണോ?തീർച്ചയായും ഇവയെല്ലാം കാരണങ്ങളായിരിക്കാം; എന്നാൽ ഇവ മാത്രമാണോ?അല്ല,അല്ലേയല്ല.എനിക്ക് അരുൺ ഷൂരി ഒരു അത്ഭുത മനുഷ്യനാണ്. ജീവിതത്തിന്റെ ആഴങ്ങളേയും വിധിയെന്ന വിശേഷണത്തിൽ മനുഷ്യൻ സഹിക്കുന്ന സങ്കീർണമായ അവസ്ഥകളേയും അപാരമായ കാരുണ്യത്തേയും മനുഷ്യസ്‌നേഹത്തേയും സമർപ്പണത്തേയും ത്യാഗത്തേയും ചെറുത്തുനിൽപ്പുകളേയും കാറ്റിലുലയാത്ത നാളംപോലുള്ള കർമ്മയോഗത്തേയും കീഴടങ്ങാത്ത സ്ഥൈര്യത്തേയും ഒറ്റ ജീവിതത്തിലേക്ക് ഒതുക്കിയ മഹാപാഠശാലയാണ് എനിക്ക് ഷൂരി. പ്രതിസന്ധികളും പ്രതിബന്ധങ്ങളും മനുഷ്യനെ പിന്തിരിഞ്ഞോടാനല്ല,പോരാടാനാണ് പ്രചോദിപ്പിക്കുന്നത് എന്ന് എൺപത്തിയഞ്ചാം വയസ്സിലെത്തിയ സ്വന്തം ജീവിതം മുന്നിൽവെച്ച് അദ്ദേഹം ലോകത്തോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു; എന്നോടും.

ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച അമ്പത് വയസ്സുകാരനായ മകൻ അദിത് എന്ന് വിളിക്കുന്ന ആദിത്യനോടും വാഹനാപകടത്തെത്തുടർന്ന് മുപ്പത് വർഷമായി പാർക്കിൻസൺ രോഗം ബാധിച്ച എൺപതുകാരിയായ ഭാര്യ അനിതയ്ക്കുമൊപ്പം ഡൽഹിയിലും പുണെയിലെ ലവാസയിലുമായി മാറിമാറിത്താമസിക്കുകയാണ് ഷൂരി. ഒരുവാക്കുപോലും പറയാൻ സാധിക്കാത്ത, വീൽചെയറിലിരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യർക്കിടയിൽ ഏകാഗ്രനായിരുന്ന്, അദ്ദേഹം അതിഗംഭീരങ്ങളായ എത്രയോ പുസ്തകങ്ങളെഴുതി. മൗനത്തിനും കടുത്ത ഏകാന്തതയ്ക്കുമിടയിൽ ഒരുപക്ഷേ എഴുത്തായിരിക്കാം ഈ മനുഷ്യന്റെ ഏക ആശ്രയം, ആലംബം

എന്റെ അച്ഛൻ വാർധക്യത്തിന്റെ പാരമ്യത്തിൽ തീർത്തും കിടപ്പിലായിപ്പോയ കഴിഞ്ഞ വർഷം ഓഗസ്റ്റ് 25-ന് എനിക്ക് അരുൺ ഷൂരിയുടെ ഒരു മെസേജ് വന്നു. അതിങ്ങനെയായിരുന്നു:

'അച്ഛന് എന്റെ എല്ലാ ആരോഗ്യാശംസകളും. യാതൊരു ലക്ഷണങ്ങളും കാണിക്കാതെ, പെട്ടെന്ന്, എന്റെ ഇടത്തേ ശ്വാസകോശത്തിൽ കാൻസർ ബാധിച്ചിരിക്കുന്നു. ഇക്കാലംവരെ ഞാൻ സിഗററ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഡൽഹിയിൽ ശ്വസിക്കുന്നത് മുഴുവൻ മലിനവായുവാണ്. റേഡിയേഷൻ അടുത്ത ദിവസം ആരംഭിക്കും. ഒരിക്കൽക്കൂടി: അച്ഛന് എന്റെ ആരോഗ്യാശംസകൾ'

സന്ദേശം വായിച്ച് ഞാൻ ഞെട്ടിപ്പോയി. അതിന് എന്ത് മറുപടിയെഴുതണം എന്നറിയാതെ കുഴങ്ങി. ദുർബ്ബലമായ എന്തൊക്കെയോ വാചകങ്ങളെഴുതിയയച്ചു. ഷൂരിയുടെ പുസ്തകങ്ങളുടെ നല്ല വായനക്കാരനായിരുന്ന അച്ഛനോട് ഞാൻ കാര്യം പറഞ്ഞു:

'ആ മനുഷ്യന്റെയൊരു വിധി ആലോചിച്ചുനോക്കൂ. ഒരു ഭാഗത്ത് വയ്യാതായ ഭാര്യ, അപ്പുറത്ത് മകൻ. ഇപ്പോൾ ഇതും...'

തളർന്ന ശബ്ദത്തിൽ അച്ഛൻ പറഞ്ഞു.തുടർന്ന് കണ്ണടച്ച് നാമം ജപിക്കാൻ തുടങ്ങി.

വിധിയിലും ദൈവത്തിലും വിശ്വസിക്കാത്തയാളാണ് അരുൺ ഷൂരി എന്ന കാര്യം ഞാൻ അച്ഛനോട് പറഞ്ഞില്ല.

(പിന്നീട് നടന്ന പരിശോധനകളിൽ ഷൂരിക്ക് അസുഖമില്ല എന്ന് തെളിഞ്ഞു)

ആശുപത്രിയിൽ അച്ഛനരികെയിരിക്കുമ്പോൾ ഞാൻ ഷൂരിയെ ഓർത്തു. മകനും ഭാര്യക്കും മുമ്പേ തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആധി എപ്പോഴും ഷൂരിക്കുണ്ട്. അങ്ങിനെ സംഭവിച്ചാൽ ചെയ്യേണ്ടതെല്ലാം അദ്ദേഹം ചെയ്തുവെച്ചിട്ടുമുണ്ട്. എങ്കിലും.... ആ ജീവിതം ഒരു പിടികിട്ടാപ്രഹേളികയായി മുന്നിൽ..…

ശ്രീകാന്ത് കോട്ടക്കൽ അരുൺ ഷൂരിക്കൊപ്പം

അച്ഛന്റെ അസുഖകാര്യവുമായി ഓടുന്ന സമയമായതിനാൽ എനിക്ക് ഷൂരിയെ ചെന്നുകാണാൻ സാധിച്ചില്ല. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, കാൻസർ രോഗത്തിന്റെ കരിനിഴലിലിരുന്ന് അരുൺ ഷൂരി എനിക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടേയിരുന്നു. അവയൊന്നും പക്ഷേ വ്യക്തിപരമായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തേയും ലോക സംഭവവികാസങ്ങളേയും വിശകലനം ചെയ്യുന്നവയായിരുന്നു. മിക്കതിലും ഫലിതവും പരിഹാസവും നിറയേയുണ്ടായിരുന്നു. ഒന്നോ രണ്ടോ വാചകങ്ങൾകൊണ്ട് മർമത്തിൽ ആഞ്ഞടിക്കുന്ന അരുൺ ഷൂരി ശൈലിയിലായിരുന്നു അവയെല്ലാം. ചുറ്റിലും ആളിക്കത്തുന്ന അഗ്‌നിക്ക് നടുവിലിരുന്ന് ഒരു മനുഷ്യൻ സ്വർണംപോലെ ജ്വലിക്കുന്നതും മന്ദഹസിക്കുന്നതും അപ്പോൾ ഞാൻ കണ്ടു.

അരുൺ ഷൂരിയുടെതന്നെ ഭാഷയിൽപ്പറഞ്ഞാൽ സമയകാലങ്ങൾ പറന്നുപോയി. നിശ്ശബ്ദം അദ്ദേഹം ചികിത്സയിലൂടെ കടന്നുപോയി. ഒക്ടോബറിൽ ഷൂരിയുടെ ഒരു മെസേജ് വന്നു:

'അദിതിന് അടിയന്തരമായി കണ്ണോപ്പറേഷൻ വേണ്ടിവന്നിരിക്കുന്നു. ഞാൻ അയാളെ ചെന്നൈയിലെ ശങ്കരനേത്രാലയത്തിലേക്ക് കൊണ്ടുപോവുന്നു. അനിതയെ പുണെയിൽ ഒരു ആശുപത്രിയോട് ചേർന്ന ഗസ്റ്റ് ഹൗസിൽ നഴ്‌സുമാരുടെ അടുത്ത് ഏൽപ്പിച്ച്-പെട്ടന്ന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിലോ'

എപ്പോഴും എന്തും സംഭവിക്കാവുന്ന, രോഗിയായ ഭാര്യയെ നഴ്‌സുമാരെ ഏൽപ്പിച്ച് മകനെ വീൽചെയറിലിരുത്തി തള്ളി ചെന്നൈയിലേക്ക് വിമാനം കയറുന്ന, അരുൺഷൂരിയെ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു. ഒട്ടും തുളുമ്പാതെ, ക്ഷമയോടെ, കാരുണ്യത്തോടെ, ഒരു പ്രാർഥനപോലെ, അദ്ദേഹം എല്ലാം ചെയ്യുന്നു. എഴുതിയ എല്ലാ പുസ്തകങ്ങളിലേക്കും വലിയ ഒരു പുസ്തകമായി അപ്പോൾ എനിക്കദ്ദേഹം. അച്ഛന്റെ അസുഖക്കിടക്കയ്ക്കരികിലിരിക്കുമ്പോൾ, അച്ഛനെ പരിചരിക്കുമ്പോൾ അരനൂറ്റാണ്ടിലധികമായി ഇത്തരം ജീവിതം നയിക്കുന്ന ഷൂരിയെ ഞാൻ ഓർത്തു. നിരന്തരമായ അച്ഛന്റെ ആശുപത്രിവാസവും വാർധക്യസഹജമായ ക്ലേശങ്ങളുടെ വേലിയേറ്റ വേലിയിറക്കങ്ങളും അതുവരെ സുഗമമായിരുന്ന എന്റെ ജീവിതതാളത്തെ തകിടം മറിച്ചപ്പോൾ ഞാൻ കണ്ണടച്ച് പ്രാർഥിച്ച് ആലംബമായിപ്പിടിച്ചത് നേരിട്ടനുഭവിച്ച അരുൺഷൂരിയുടെ ജീവിതത്തെയായിരുന്നു. എത്രകാലം! എത്രമാത്രം ക്ഷമയോടെ!കനിവോടെ! മറ്റെല്ലാമുപേക്ഷിച്ച് രണ്ട് മനുഷ്യാത്മാക്കളുടെ രോഗക്കിടക്കയ്ക്കരികെ.... എല്ലാം സമർപ്പിച്ച്.... അരുൺഷൂരി എന്റെയുള്ളിൽ ആകാശത്തോളം വളരുകയായിരുന്നു-ദൈവത്തിനുമപ്പുറത്തേയ്ക്കുയരുകയായിരുന്നു.

കിടപ്പിലായിപ്പോയ അച്ഛനരികെ ഞാനിരിക്കുംപോലെ വാർധക്യത്തിന്റെ പരമമായ ദശയിൽ അരുൺ ഷൂരി എന്ന അച്ഛനരികെ ആരുണ്ടാവുമിരിക്കാൻ എന്നോർത്തപ്പോൾ ഞാൻ ഉള്ളാലെ കരഞ്ഞു.... എത്രമാത്രം തനിച്ചാണ് ഈ മനുഷ്യൻ ചക്രവാളത്തിലേക്ക് നടന്നടുക്കുന്നത്! ഒരു നാൾ അവിടെയയാൾ തനിച്ച് ഉത്തരായനം കാത്തുകിടക്കുമായിരിക്കാം.....

******** *********** ************

അച്ഛൻ മരിച്ചപ്പോഴും അച്ഛന്റെ അസ്ഥികളിൽ ഒരു ഭാഗം, കൊൽക്കത്തയിൽ ശ്രീരാമകൃഷ്ണ പരമഹംസർ പാർത്തിരുന്ന ദക്ഷിണേശ്വരം ക്ഷേത്രത്തിനോട് ചേർന്നുള്ള ഗംഗാ ഘട്ടിൽ ഒഴുക്കിയപ്പോഴുമെല്ലാം അരുൺ ഷൂരിയുടെ സ്‌നേഹവും കരുതലും കാര്യമാത്രപ്രസക്തമായ സന്ദേശങ്ങളിലൂടെ എന്നെ വന്ന് തൊട്ടു. എനിക്കെന്തോ അദ്ദേഹത്തെ കാണണമെന്ന് കലശലായി തോന്നിയെങ്കിലും പല കാരണങ്ങളാൽ പുണെയിലേക്കുള്ള യാത്ര നടന്നില്ല.

അങ്ങിനെയിരിക്കേ മഴ പെയ്യുന്ന ജൂണിൽ ഷൂരിയുടെ മെസേജ് വന്നു:'ഞാനും അനിതയും അദിതും ഊട്ടിയിലെ കോത്തഗിരിയിലേക്കുവരുന്നു. രണ്ട് മാസം അവിടെയുണ്ടാവും'

കോഴിക്കോട്ട് നിന്നും നിലമ്പൂർ-നാടുകാണി-ഗൂഡല്ലൂർ-ഊട്ടിവഴി അഞ്ച് മണിക്കൂർ സഞ്ചരിച്ചാൽ കോത്തഗിരിയിലെത്താം. കോത്തഗിരിയിലേക്ക് പോവാൻ തീരുമാനിച്ചതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു-ഷൂരിയെക്കാണാം, ഒപ്പം വലിയ ഒരു പാഠശാലപോലുള്ള ആ ജീവിതവും കാണാം. തനിച്ചായിരുന്നില്ല ഇത്തവണത്തെ യാത്ര. അരുൺ ഷൂരിയുടെ അടുത്ത മലയാളി സുഹൃത്തും നിലമ്പൂർ സ്വദേശിയുമായ ശിബി, കവി അലി കടുകശ്ശേരി, എൻ.ഐ.എയിൽ ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥനും ഇപ്പോൾ വിരമിച്ച് സൂഫി പാതയിൽ സഞ്ചരിക്കുന്നയാളുമായ വി.കെ.അബ്ദുൾ ഖാദർ, സൗദി അറേബ്യയിൽനിന്ന് അവധിക്ക് നാട്ടിൽ വന്ന അബ്ദുൾ റസാഖ് എന്നീ സുഹൃത്തുക്കളും അരുൺ ഷൂരി എന്ന ജീവിക്കുന്ന അത്ഭുതത്തെക്കാണാൻ ഒപ്പം പോന്നു.

ഊട്ടിയിൽനിന്നും മുപ്പത് കിലോമീറ്റർ അപ്പുറത്തുള്ള കോത്തഗിരിയുടെ ഏകാന്തതയിൽ എത്തുമ്പോഴേക്കും പകൽ പാതി കഴിഞ്ഞിരുന്നു. പരന്നുകിടക്കുന്ന ചായത്തോട്ടങ്ങളുടെ പച്ചപ്പിലേക്ക് ആകാശത്തിന്റെ വെണ്മ ശിരസ് ചായ്ക്കുന്നതുപോലെ. അവിടെ, ഉയരങ്ങളിൽ, വലിയ എസ്റ്റേറ്റിന് നടുവിലെ മനോഹരമായ ഒരു വീടിന്റെ മുറ്റത്ത് തനിച്ച് ഞങ്ങളെക്കാത്തിരിപ്പുണ്ടായിരുന്നു ഒരു കാലത്ത് ഇന്ത്യയെ വിറപ്പിച്ച പത്രപ്രവർത്തകൻ, പത്രാധിപർ.

ഒപ്പമുണ്ടായിരുന്ന കവിയെ പരിചയപ്പെടുത്തിയപ്പോൾ ഉറുദു കവിതകളുടേയും ഗസലുകളുടേയും വലിയ ആസ്വാദകനും ആരാധകനുമായ ഷൂരി ബഹുമാനത്തോടെ ചിരിച്ചു. അബ്ദുൾ ഖാദർ എൻ.ഐ.എ ഓഫീസറായിരുന്നു എന്ന് പറഞ്ഞപ്പോൾ കറുത്ത ഫലിതം പറയുന്ന മാധ്യമപ്രവർത്തകൻ ഷൂരിയിൽനിന്ന് പുറത്തുവന്നു:

'Oh!Our great protector'

'ഇപ്പോൾ അദ്ദേഹം സൂഫിയാണ് സാർ, സൂഫി പാതയിലാണ് ജീവിതം'-ഞാൻ പറഞ്ഞു

'Susfism is also a cover to NIA'

അത് പറഞ്ഞ് ഷൂരി ചിരിച്ചു. ആ ചിരിയിൽ നിറയെ കൗശലത്തിന്റെ കൊളുത്തുകളുണ്ടായിരുന്നു.

അൽപ്പസമയംകൊണ്ട് അദ്ദേഹം പല കാര്യങ്ങളിലൂടെ കടന്നുപോയി: ഛാത്ര വിപ്ലവം മുതൽ അംബേദ്കർവരെ; സവർക്കറും നരേന്ദ്രമോദിയും അമിത് ഷായും ആർ.എസ്.എസും മുതൽ മഹാത്മാഗാന്ധി വരെ-WORSHIPING FALSE GODS എന്ന പുസ്തകത്തിലൂടെ അംബേദ്കർ എന്ന വിഗ്രഹത്തെ വിചാരണ ചെയ്തതിനെക്കുറിച്ച് ഷൂരി വിശദമായി സംസാരിച്ചു. സത്യം നിറഞ്ഞ വസ്തുതകൾകൊണ്ട് കൊരുത്തുണ്ടാക്കിയ ആ പുസ്തകത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല; ആരും അതിനെതിരെ കേസും കൊടുത്തിട്ടില്ല. ഏറ്റവുമൊടുവിൽ സവർക്കറെക്കുറിച്ച് എഴുതിയ THE NEW ICON:SAVARKAR ആൻഡ് THE FACTS എന്ന പുസ്തകത്തിലെ വാദമുഖങ്ങൾക്ക് ആരും മറുപടി എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. World of Fatwas: Shariah in Action എന്ന പുസ്തകം ഇന്നും ചോദ്യംചെയ്യപ്പെടാതെ വിൽപ്പന തുടരുന്നു, വായിക്കപ്പെടുന്നു. വസ്തുതകളെയും സത്യത്തേയും നേരിടാൻ ഇന്നും ലോകത്തിന് പേടിയാണ്. അരുൺ ഷൂരി വസ്തുതകളുടേയും സത്യത്തിന്റേയും അവതാര പുരുഷനാണ്.

അരുൺ ഷൂരി ശ്രീകാന്ത് കോട്ടയ്ക്കലിനും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം

(ഞങ്ങൾ ചെല്ലുമ്പോൾ ഷൂരി വിവാദമായ സോണിയാഗാന്ധിയുടെ പുസ്തകത്തെക്കുറിച്ച് കരൺ ഥാപ്പറുമായുള്ള അഭിമുഖം കഴിഞ്ഞിരിക്കുകയായിരുന്നു. പ്രസാധകരോടായി അതിൽ അദ്ദേഹം പറഞ്ഞു:'എല്ലാ പുസ്തകങ്ങൾക്കും നട്ടെല്ല് (നട്ടെല്ല്) ഉണ്ട്;എല്ലാ പ്രസാധകർക്കും അതുണ്ടാവുന്നത് നല്ലതാണ്)

ഷൂരി ഞങ്ങളെ ഉണ്ണാൻ ക്ഷണിച്ചു. വീൽചെയറിൽ അനിതയും ആദിത്യനും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരുടേയും പരിചാരകരും. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടതിൽനിന്ന് വ്യത്യസ്തമായി അനിതയുടെ കണ്ണുകൾ മാത്രമേ ഇപ്പോൾ ഇളകുന്നുള്ളൂ. ആദിത്യന് ഭക്ഷണം സ്പൂണിൽ കൊടുക്കുന്നു. ഇക്കാലയളവിൽ ഒരിക്കൽപ്പോലും വാക്കുകൾ ആ ചുണ്ടിൽ പിറന്നിട്ടില്ല. ഉള്ളത് അവ്യക്തമായ ചില ശബ്ദങ്ങൾമാത്രം.

തിരിച്ചൊന്നും പ്രകടിപ്പിക്കാനോ പ്രതികരിക്കാനോ സാധിക്കില്ലെങ്കിലും ഷൂരി ഞങ്ങളെക്കുറിച്ച് വിശദമായി, ക്ഷമയോടെ, സ്‌നേഹത്തോടെ അവർക്ക് രണ്ടുപേർക്കും പറഞ്ഞുകൊടുത്തു. അത് ഒരു അർച്ചനപോലെ തോന്നിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, പ്രാർഥനയോടെ...

'അനിതയുടെ കണ്ണുകൾ മാത്രമേ ചലിക്കൂ. ഞാനും അവരെ നോക്കുന്നവരും പറയുന്നത് മനസ്സിലാവുന്നുണ്ടാവാം. കഴിഞ്ഞദിവസം അനിതയുടെ എൺപതാം പിറന്നാളായിരുന്നു. ഞങ്ങൾ സന്ധ്യയിലേക്ക് നടക്കുകയാണ്. ആരാദ്യം എന്നറിയില്ല...'

അരുൺ ഷൂരി പറഞ്ഞപ്പോൾ പുറത്ത് പകൽ മങ്ങി മങ്ങി നിൽക്കുകയായിരുന്നു-ഇപ്പോൾ കരയും എന്നപോലെ.

അത്രമേൽ സാഹസപ്പെട്ടാണ് ഷൂരി അനിതയേയും ആദിത്യനേയും അവരുടെ പരിചാരകരെയുംകൊണ്ട് കുറച്ചുദിവസം മാറിയിരിക്കാൻ ഊട്ടിയിലെത്തിയത്.ലവാസയിൽനിന്ന് ആദ്യം പൂന നഗരത്തിൽവന്ന് രണ്ടുദിവസം നിന്ന്, അവിടെനിന്ന് വിമാനത്തിൽക്കയറി കോയമ്പത്തൂർ വന്നിറങ്ങി അവിടെ രണ്ട് ദിവസം നിന്ന്, പിന്നെ റോഡ് വഴി ഊട്ടിയിലേക്ക്.... തിരിച്ചും ഇങ്ങിനെത്തന്നെ. ദൈവവിശ്വാസിയല്ലാത്ത ഒരു മനുഷ്യന്റെ തീർഥാടനമായിരിക്കാം ഇത്. (ഇതിനിടയിലിരുന്നും അരുൺ ഷൂരി തന്റെ അടുത്ത പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു)

അനിതയ്ക്കും ആദിത്യനും നടുവിലിരുന്നപ്പോൾ എനിക്ക് ഭക്ഷണം വഴങ്ങിയില്ല. കഴിച്ചതൊന്നും രുചിച്ചില്ല. മനുഷ്യാവസ്ഥ എന്ന കരിങ്കൽഭിത്തിയിൽ തലയടിച്ച് ഞാൻ നിന്നു. വേദനകൾ അതിരിട്ട ഒരു കിടങ്ങിൽപ്പെട്ടതുപോലെ എനിക്ക് തോന്നി. ഒരു റഷ്യൻ കഥയുടെ പേര് ഓർമ്മവന്നു: ഒരു മനുഷ്യന്റെ വിധി. ഇവിടെ ഒന്നല്ല, മൂന്ന് മനുഷ്യരുടെ വിധി. ജീവിതം ജീവിച്ചുതീർക്കുകയാണ് ഈ മനുഷ്യർ. അതിനിടയിലും അരുൺ ഷൂരി എന്ന ഏകാകി കനൽപോലെ എരിഞ്ഞ് സ്വയം പ്രകാശിക്കുന്നു. എന്റെ ജീവിതം എത്രമാത്രം ചെറുതും സംഭവരഹിതവുമാണ് എന്ന്് ആ കനൽ വെളിച്ചത്തിൽ ഞാൻ കണ്ടു.

'സാർ ഒരു ആത്മകഥ എഴുതണം'-ഞാൻ പറഞ്ഞു

വിഷാദത്തോടെയുള്ള ചിരിയായിരുന്നു അതിനുള്ള മറുപടി.

അരുൺ ഷൂരിയും ശിബിയും

ഞങ്ങൾക്ക് പിരിയാറായി. പുറത്ത് ചായത്തോട്ടത്തിൽ പകൽ ചാഞ്ഞുതുടങ്ങി. അനിതയോടും ആദിത്യനോടും വിടപറയണമെന്നുണ്ടായിരുന്നു. എങ്ങിനെ,എന്ത്് പറയും? ഏത് ഭാഷയിൽ? ഞാൻ കൈകൂപ്പി തൊഴുകമാത്രം ചെയ്തു.

ഞങ്ങളെ യാത്രയാക്കാൻ അരുൺ ഷൂരി ബംഗ്ലാവിന്റെ മുറ്റത്തേക്ക് വന്നു. ദൂരെ പച്ചപ്പുകൾക്കപ്പുറം സന്ധ്യ കാത്തുനിൽക്കുന്നു. കാറ്റിലും മരച്ചില്ലകളിലും തണുപ്പ് പുരണ്ടുതുടങ്ങി. ഞങ്ങൾ പോയാൽ ഈ വലിയ എസ്റ്റേറ്റിന് നടുവിലെ വീട്ടിൽ അരുൺ ഷൂരി എന്ന മനുഷ്യൻ തനിച്ചാണ്. അകത്ത് ആദിത്യനും അനിതയും പരിചാരകരും അവരുടേതായ ലോകത്തിൽ-ഏകാകിയായ കാവൽക്കാരനെപ്പോലെ പുറത്ത് ഷൂരി.

(ഒരു തരത്തിൽ ആലോചിച്ചാൽ ഈ മനുഷ്യൻ എന്നും തനിച്ചായിരുന്നല്ലോ: World of Fatwas: Shariah in Action എഴുതിയപ്പോൾ ഇസ്ലാമിക പൗരോഹിത്യത്തിന്റെ ശത്രുവായി അദ്ദേഹം;THE NEW ICON:SAVARKAR ആൻഡ് THE FACTS എഴുതിയപ്പോൾ സംഘപരിവാരത്തിന്റെ ശത്രുവായി;WORSHIPING FALSE GODS-Ambedkar,ആൻഡ് the facts which have been erased എഴുതിയപ്പോൾ അംബേദ്കർ വാദികളുടെ ശത്രുവായി; Missionaries in India: continuities, changes, dilemmasഎഴുതിയപ്പോൾ ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ ശത്രുവായി; Eminent Historians: Their Technology, Their Life, Their Fraud എഴുതിയപ്പോൾ ചരിത്രകാരന്മാരുടെ കണ്ണിലെ കരടായി; The Only fatherland : communists, Quit India, ആൻഡ് the Soviet Union എഴുതിയപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുവായി... സത്യം വിളിച്ചുപറയുന്ന എല്ലാവരും തനിച്ചാവുന്നു എന്ന ചിരന്തന സത്യം അരുൺ ഷൂരിയിലൂടെ തുടരുന്നു. അംബേദ്കറെപ്പറ്റിയുള്ള പുസ്തകത്തിന്റെ ആമുഖമായി അദ്ദേഹം കുറിച്ച വാചകം ഇതാണ്: For those few who speak the truth to the people also).

ഞങ്ങളോട് കൈവീശി ആ മുറ്റത്ത് ഷൂരി നിന്നു. ഈ ലോകത്തെ ഏറ്റവും ഏകാകിയായ മനുഷ്യൻ ഇതാ എന്ന് ഞാൻ സുഹൃത്തുക്കളോട് പറഞ്ഞു. അപ്പോൾ അടക്കിപ്പിടിച്ച വിങ്ങലോടെ സന്ധ്യ ആ വീടിനെ പൊതിഞ്ഞുനിന്നു.

കോത്തഗിരിയിലെ കുന്നിറങ്ങുമ്പോൾ കുറേ നേരത്തേക്ക് എന്തുകൊണ്ടോ ഞങ്ങളെല്ലാം മൗനികളായിരുന്നു. അപ്പോൾ താഴ്‌വരയിൽ, ഇരുട്ടിൽ ദീപങ്ങൾ തെളിഞ്ഞു.

Content Highlights: Writer Srikant Kottakkal visits veteran journalist Arun Shourie in Kothagiri, Ooty., Details Shourie's resilient life caring for his ailing wife Anita and son Adit., Explores Shourie's literary contributions and uncompromising truthful writing., Reflects on the profound solitude and enduring strength of a legendary intellectual.