ട്രെയിനിന് മുന്നിൽപ്പെട്ട 17-കാരിയെ സാഹസികമായി രക്ഷിച്ച് പഞ്ചായത്തംഗം

എളവള്ളി: കടവല്ലൂർ റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിലകപ്പെട്ട 17-കാരിയെ സാഹസികമായി രക്ഷപ്പെടുത്തി ജനപ്രതിനിധി. എളവള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം കെ.ആർ. രഞ്ജിത്താണ് പെൺകുട്ടിയെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.45-ഓടെയാണ് സംഭവം. തൃശ്ശൂരിൽനിന്ന് ഗുരുവായൂരിലേക്ക് ട്രെയിൻ കടന്നുപോകുന്നതിനായി അടച്ചിട്ടിരുന്ന റെയിൽവേ ക്രോസിന് സമീപം പാളത്തിൽ പെൺകുട്ടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ രഞ്ജിത്ത്, അതിസാഹസികമായി പെൺകുട്ടിയെ അവിടെനിന്ന് മാറ്റുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ആശാ വർക്കർ ആർ. വിജയത്തോടൊപ്പം പെൺകുട്ടിയെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാഹസിക ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച കെ.ആർ. രഞ്ജിത്തിനെയും സഹായവുമായി ഓടിയെത്തിയ ആശാ വർക്കർ ആർ. വിജയത്തെയും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ആദരിച്ചു. സി. രവീന്ദ്രനാഥ് എം.എൽ.എ.ഇരുവരെയും അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത അധ്യക്ഷയായി.
Content Highlights: An Elavally ward member bravely rescued a 17-year-old girl from the path of an oncoming train near Kadavallur in Thrissur.