സ്കൂൾ കായികമേള: ഡി.ഡി. ഓഫീസ്‌ ഉപരോധിച്ച്‌ ഡി.വൈ.എഫ്‌.ഐ.

തൃശ്ശൂർ : സ്കൂൾ ഗെയിംസ് നീന്തൽമത്സരത്തിനിടെയുണ്ടായ അപകടത്തിലും മത്സര നടത്തിപ്പിലെ അപാകങ്ങളിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്‌ ഉപരോധിച്ചു. അയ്യന്തോൾ സിവിൽസ്റ്റേഷനകത്തുള്ള ഓഫീസിനു മുൻപിൽ ശനിയാഴ്ച ഉപരോധം ആരംഭിച്ചപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തില്ലായിരുന്നു.

സിവിൽസ്റ്റേഷനകത്തെത്തിയ പ്രവർത്തകർ ഡി.ഡി. ഓഫീസിൽ കയറുന്നത്‌ പോലീസ്‌ തടഞ്ഞു. രണ്ടുപേർ അകത്തുകയറി ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും പോലീസ്‌ വഴങ്ങിയില്ല. തുടർന്നാണ്‌ ഓഫീസിനു മുന്നിൽ കുത്തിയിരുന്നത്‌. ഡെപ്യൂട്ടി ഡയറക്ടറോ പോലീസ് കമ്മിഷണറോ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്ന് പ്രവർത്തകർ ശഠിച്ചു. ഒടുവിൽ പോലീസ് കളക്ടറേറ്റിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽനിന്ന്‌ ബലം പ്രയോഗിച്ച് പ്രവർത്തകരെ താഴേക്കിറക്കി അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഇതിനിടെ പോലീസുകാരും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌ പി.എച്ച്‌. നിയാസ്‌, സെക്രട്ടറി കെ.എസ്‌. റോസൽരാജ്‌, എറിൻ ആന്റണി, ആഷിഖ്‌ വലിയകത്ത്‌, സി. ധനുഷ്‌കുമാർ, മിഥുൻ കൃഷ്‌ണൻ, കെ. സച്ചിൻ, ജിഷ്‌ണു സത്യൻ, ടി.എസ്‌. വിഷ്‌ണു, എൻ.ടി. സച്ചിൻ, ജെയിൻ ഫ്രാൻസിസ്‌, പി.എസ്‌. അതുൽകൃഷ്‌ണ, എ.ജി. സുബിൻകുമാർ എന്നിവരെ അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിട്ടു.