വകുപ്പിനുപോലും വേണ്ടാതെ 'നഗരവനം' പദ്ധതി

വടക്കാഞ്ചേരി : നാടിന് നഷ്ടമായ ഹരിതാഭ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് വനംവകുപ്പ് ആറുവർഷം മുമ്പ് ആരംഭിച്ച ‘നഗരവനം’ പദ്ധതി പരിപാലനമില്ലാതെ നശിക്കുന്നു. വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് വനങ്ങളുടെ ചെറുമാതൃക നഗരത്തിൽ പുനഃസൃഷ്ടിച്ചത്.
സ്വാഭാവിക വനങ്ങളുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന കൊച്ചുവനം. പദ്ധതിയുടെ തുടർ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യവസായ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, പരിസ്ഥിതി സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുമെന്ന ഉദ്ഘാടനവേളയിലെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല.
വനംവകുപ്പിന്റെ വടക്കാഞ്ചേരി വനം റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് പോലും നിലവിൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഇടമില്ല. പാലക്കാടുള്ള വനംവകുപ്പിന്റെ ഗവേഷണ വിഭാഗമാണ് ചുമതലക്കാർ. ഒമ്പത് സെന്റ് സ്ഥലത്തെ നഗരവനം പദ്ധതിക്ക് നിലമൊരുക്കി തൈനടീലും അഞ്ചുവർഷത്തെ പരിപാലനവും ഉൾപ്പെടെയുളള കാര്യങ്ങൾക്ക് ആറു വർഷം മുന്നെ രണ്ട് ലക്ഷം രൂപയായിരുന്നു വനംവകുപ്പ് ചെലവഴിച്ചത്.
കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, അധികം ഉയരം വെക്കാത്ത വൃക്ഷങ്ങൾ, ഇടത്തരം ഉയരമുള്ള വൃക്ഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വൃക്ഷമേലാപ്പുണ്ടാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ വനംമന്ത്രി കെ. രാജുവായിരുന്നു.
വനങ്ങളുടെയും വൃക്ഷങ്ങളുടെയും പാരിസ്ഥിതിക സേവനങ്ങളെക്കുറിച്ച് നഗരവാസികളെ ബോധവാന്മാരാക്കുക, വൃക്ഷവത്കരണ പ്രക്രിയയിൽ നഗരവാസികളെ ഉൾപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പ്രഖ്യാപനത്തിൽ മാത്രമായി ചുരുങ്ങി. നഗരത്തിലെ ഹൃദയഭാഗത്തുള്ള ഇവിടെ വനംവകുപ്പിന്റെ ഇക്കോഷോപ്പോ വനം ഓഫീസുകളുടെ സമുച്ചയമോ വന്നാൽ നാട്ടുകാർക്കും അത് സൗകര്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.