അനുമതി വീടുണ്ടാക്കാൻ, പക്ഷേ കല്ലുപോലുമില്ല കാണാൻ

അനുമതിപത്രത്തിന്റ മറവിൽ വരവൂരിൽ മണ്ണുകടത്ത്
വടക്കാഞ്ചേരി : വരവൂരിൽ വീടുനിർമാണത്തിനുള്ള അനുമതിപത്രത്തിന്റെ പിൻബലത്തിൽ കുന്നുകൾ നിരത്തി മണ്ണുകടത്ത്. വരവൂരിലെ മണ്ണിന്റെ ചുവപ്പുനിറമാണ് ജില്ലയ്ക്കകത്തും പുറത്തും ആവശ്യക്കാരെ ആകർഷിക്കുന്നത്. വിപണിയിലും വരവൂർ മണ്ണിന് ആവശ്യക്കാർ ഏറെയാണ്.
സാധാരണക്കാരായ ഗ്രാമവാസികളെ സമീപിച്ച് വീടുനിർമാണത്തിന് അവരുടെ പേരിൽ അപേക്ഷിച്ചാണ് ജിയോളജിയുടെ പെർമിറ്റ് സമ്പാദിക്കുന്നത്.
കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ കെട്ടിടം പണിയുന്നതിന് സ്ഥലമുടമയുടെ പേരിൽ പെർമിറ്റെടുത്ത് മണ്ണെടുത്ത് വിൽപ്പന നടത്തുന്നവരുടെ സംഘങ്ങൾ മേഖലയിൽ വ്യാപകമാകുന്നു. മണ്ണെടുത്തുകഴിയുന്നതോടെ ഇവർ സ്ഥലം വിടും. തുടർനടപടികൾക്ക് ഇരയാകുന്നത് സ്ഥലമുടമകളാണ്. പെർമിറ്റ് അവരുടെ പേരിലായതിനാൽ പിഴയടയ്ക്കാൻ നോട്ടീസ് ലഭിക്കുമ്പോഴാണ് കെണിയിൽ അകപ്പെട്ടതിന്റെ ദുരന്തം അവർ തിരിച്ചറിയുക.
മിനറൽ ടാൻസിറ്റ് പാസ് പ്രകാരം മണ്ണെടുത്ത് കെട്ടിടംപണി ആരംഭിക്കാത്തവർക്കെതിരേ റോയൽറ്റിയുടെ അഞ്ചിരട്ടി പിഴയടയ്ക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകി. പഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ മിനറൽ ട്രാൻസിറ്റ് പാസ് പ്രകാരം 2024-25, 25-26 കാലയളവിൽ മണ്ണു നീക്കംചെയ്ത് തറപണിപോലും ആരംഭിക്കാത്ത 10 പേർക്കാണ് പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്. ഇവരിൽനിന്ന് റോയൽറ്റി തുകയുടെ അഞ്ചിരട്ടി പിഴ പഞ്ചായത്ത് ഈടാക്കും. മുൻവർഷങ്ങളിലെ ഫയലുകളിലും പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നീക്കത്തിലാണ് പഞ്ചായത്ത്.
മണ്ണു നീക്കിയ സ്ഥലത്തെ പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അമിതഭാരം കയറ്റിപ്പോയ വാഹനങ്ങൾമൂലം റോഡിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെർമിറ്റ് ശുപാർശവേളയിൽ പത്ത് ടണ്ണിൽ അധികരിക്കാതെ വാഹനത്തിൽ മണ്ണു നീക്കം ചെയ്യുന്നതിന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. പരിശോധനയിൽ കൈതക്കുളം മുതൽ പഞ്ചായത്തിന്റെ അതിർത്തിവരെ പല ഭാഗങ്ങളിലും റോഡിന് കേടുപാടുകൾ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ ഇവ നന്നാക്കുന്നതിന് അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ തുക പെർമിറ്റെടുത്തവരോട് പഞ്ചായത്തിൽ അടക്കാൻ സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്.