അഴീക്കോട് - മുനമ്പം പാലം നിർമാണം അന്തിമഘട്ടത്തിൽ

90 ശതമാനം പൂർത്തിയായി

നൂതന സാങ്കേതികവിദ്യ വിലയിരുത്തുവാൻ ബിൽഡേഴ്‌സ് അസോസിയേഷൻ സന്ദർശനം

അഴീക്കോട് : തീരദേശ ജനതയുടെ ചിരകാലാഭിലാഷമായ അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന പാലം സന്ദർശിച്ച് നിർമാണരീതികളും സാങ്കേതിക സവിശേഷതകളും വിലയിരുത്താൻ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ.) കൊച്ചിൻ ചാപ്റ്റർ ഭാരവാഹികൾ പാലം സന്ദർശിച്ചു.

പരമ്പരാഗത നിർമാണരീതികളെ അപേക്ഷിച്ച് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കൃത്യത ഉറപ്പുവരുത്താനും സെഗ്‌മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ പാലമാണ് അഴീക്കോട് മുനമ്പം പാലം. പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ പ്രത്യേക സെഗ്‌മെന്റുകളായി നിർമിച്ച് അത്യാധുനിക ലോഞ്ചിങ് സംവിധാനത്തിന്റെ സഹായത്തോടെ ഘടിപ്പിക്കുന്ന രീതിയാണിത്.

കായലിനുള്ളിൽ താത്കാലിക നിർമാണസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും കൂടാതെ പരമ്പരാഗത നിർമാണരീതിയിൽ ചെയ്യുമ്പോൾ നൽകുന്ന താത്കാലിക താങ്ങുകൾമൂലം പിൽക്കാലത്ത് ജലഗതാഗതത്തിന് നേരിടാവുന്ന തടസ്സങ്ങൾ പരമാവധി കുറയ്ക്കാനും ഈ രീതി സഹായകരമാണ്.

തൃശ്ശൂർ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ തീരദേശമേഖലയിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം മത്സ്യബന്ധനം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്കും വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൊച്ചിൻ ചാപ്റ്റർ ഭാരവാഹികളായ ജിബു മാത്യു, ജോസ് ബാബു, പ്രിൻസ് ജോസഫ്, ജോളി വർഗീസ് എന്നിവരാണ് സന്ദർശനം നടത്തിയത്.

നിർമാണച്ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ സജി ചെറിയാൻ, എക്സിക്യുട്ടീവ് ഡയറക്ടർ മുകുന്ദൻ, പൊതുമരാമത്ത് മുൻ സൂപ്രണ്ടിങ് എൻജിനീയർ (ഡിസൈൻ) അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.