വെള്ളിക്കുളങ്ങരയിലെ ദുരിതയാത്രയ്ക്ക് പരിഹാരം

തകർന്നുകിടക്കുന്ന റോഡ് ടാറിടുന്നു
വെള്ളിക്കുളങ്ങര : കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള മലയോരമേഖലയിലെ ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പതിറ്റാണ്ടിനുശേഷം പരിഹാരം. ചാലക്കുടി, കൊടകര മേഖലകളിലേക്കായി കെ.എസ്.ആർ.ടി.സി.യെ കൂടാതെ 42 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പ്രധാന റോഡാണിത്. വെള്ളിക്കുളങ്ങര ജങ്ഷൻ മുതൽ ഗവ. എൽ.പി. സ്കൂൾ വരെയുള്ള 550 മീറ്റർ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി ബി.എം.ബി.സി. നിലവാരത്തിൽ ടാറിടുക.
ഇതിൽ, മാവുമുറിച്ച സ്ഥലവും കലുങ്കിന്റെ ഭാഗവും ഒഴികെ 500 മീറ്റർ ദൂരമാണ് ടാറിടൽ പൂർത്തിയാക്കുന്നത്. വീതികൂട്ടാനായി സ്ഥലം ഏറ്റെടുത്തഭാഗം ഒൻപത് മീറ്ററിലും കേസിനെത്തുടർന്നും മറ്റും വീതികൂട്ടാനാകാത്ത ഭാഗം ഏഴുമീറ്ററിലുമാണ് ടാറിട്ട് യാത്രായോഗ്യമാക്കുന്നത്. സ്ഥലം ഏറ്റെടുക്കാത്ത ഇടങ്ങളിൽ വശങ്ങളിലെ കാന നിർമിച്ചിട്ടില്ല. ടാറിടാത്ത ഭാഗവും കാനനിർമാണവും പിന്നീട് പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒരുവർഷംമുൻപ് വീതികൂട്ടൽ നടപടികൾ ആരംഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായും നിർമാണവുമായും ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായതോടെ ജോലി ഏറെനാൾ തടസപ്പെട്ടുകിടന്നു. മഴക്കാലം ആരംഭിച്ചതോടെ റോഡിൽ മെറ്റലിട്ടത് ഇളകി കുഴികൾ രൂപപ്പെടുകയും ചെളിയും വെള്ളവും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തിരുന്നു.
വെയിൽ ശക്തമായാൽ ഉണ്ടാകുന്ന രൂക്ഷമായ പൊടിശല്യം യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നും എത്രയും വേഗം ടാറിട്ട് വഴി യാത്രായോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് മാതൃഭൂമി വാർത്ത നൽകിയിരുന്നു.
റോഡുനിർമാണവുമായുള്ള തർക്കം തീരാത്തതിനാൽ വെള്ളിക്കുളങ്ങര സ്‌കൂൾ ജങ്ഷനിലെ കലുങ്ക് നിർമാണം പാതിയിൽ നിലച്ചിട്ട് മാസങ്ങളായി.