നാട്ടിക ടോൾ: ഉപരോധം, സംഘർഷം, സമാധാനം

തൃപ്രയാർ : നിർമാണം പുരോഗമിക്കുന്ന ദേശീയപാത-66-ലെ നാട്ടികയിൽ രണ്ടു ദിവസമായി സംഘർഷഭരിതമായിരുന്നു. ടോൾപിരിവ് തുടങ്ങുമെന്ന് ദേശീയപാത അതോറിട്ടിയുടെ പ്രഖ്യാപനത്തോടെതന്നെ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പണി പൂർത്തിയാകുംമുൻപ്‌ പിരിവു തുടങ്ങാൻ തീരുമാനിച്ചതാണ് കനത്ത പ്രതിഷേധത്തിനു വഴിവെച്ചത്. ബുധനാഴ്ച വിവിധ സംഘടനകൾ ബൂത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച പിരിവു തുടങ്ങിയതോടെ സംഘർഷം മൂർച്ഛിച്ചു. പൊതുമരാമത്തു മന്ത്രി പി.കെ. ബഷീർ ടോൾപിരിവ് നിർത്തിവയ്ക്കാൻ നിർദേശം നൽകുന്നതുവരെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു.

കെ.പി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, നൗഷാദ് ആറ്റുപറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തെലി, സുനിൽ ലാലൂർ, സി.എം. നൗഷാദ്, ശോഭ സുബിൻ, പി.എം. സിദ്ദിഖ്, പി. വിനു, ഷീബാ അജയകൃഷ്ണൻ, കെ.എ. ഷൗക്കത്തലി, ഇർഷാദ്, കെ. ചേറ്റുവ തുടങ്ങിയവരുടെ നേതൃത്വത്തിൽ യു.ഡി.എഫ്. പ്രവർത്തകരാണ് ആദ്യമെത്തിയത്. കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് നീക്കാൻ ശ്രമിച്ചതോടെ സംഘർഷമായി.

വാഹനങ്ങൾ തടഞ്ഞ് ടോൾപരിവ് തടസ്സപ്പെടുത്തിയതോടെ കൈയാങ്കളിയായി. പരിക്കേറ്റ മുഹമ്മദ് റഷീദിനെയും നൗഷാദിനെയും കാലിന് പരിക്കേറ്റ ലീഗ് പ്രവർത്തകൻ ഷാജി നാട്ടികയെയും ആംബുലൻസിൽ ആസ്പത്രിയിലേക്കു മാറ്റി. മറ്റുള്ളവരെ പോലീസ് അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റി.

പിന്നാലെയെത്തിയ പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തകർ പ്രതിഷേധം തുടങ്ങി. ടോൾ പിരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി സ്കൈലാർക്ക് എൻജിനിയറിങ് പ്രൈ. ലിമിറ്റഡിന് അനുമതി നൽകിയതെന്തിനാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കുസുമം ജോസഫ് ചോദിച്ചു. പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവരെയും അറസ്റ്റുചെയ്ത് നീക്കി.

പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ.-സി.പി.എം. പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മാർച്ച് ഡി.വൈ.എഫ്.ഐ.നാട്ടിക ബ്ലോക്ക് സെക്രട്ടറി അമൽ ടി. പ്രേമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ടി.ജി. നിഖിൽ അധ്യക്ഷനായി.

ബി.എസ്. ജ്യോത്സ്‌ന, എ.എൻ. നിസാർ, റെജീനാ രാജു, ജിജേജ് പുളിക്കൻ, കെ.പി. സുബിൻ തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ പ്രവർത്തകരെത്തിയതോടെ രണ്ടാമതും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. 11 മണിയോടെയാണ് പിരിവ് നിർത്തിവയ്ക്കാൻ നിർദേശം വന്നത്. സ്ഥലത്ത് കൂടിനിന്ന പ്രവർത്തകർ പിരിഞ്ഞുപോയി. ആഹ്ലാദപ്രകടനത്തിനെത്തിയ പീപ്പിൾ ഫൗണ്ടേഷൻ പ്രവർത്തകർ പിരിവ് തുടരുന്നതു കണ്ട് പ്രകോപിതരായി. ഇതോടെ പിരിവു നിർത്താൻ പോലീസ് കർശനനിർദേശം നൽകുകയായിരുന്നു.

പിരിവ് തുടങ്ങിയത് പഞ്ചായത്തുകളെ അറിയിക്കാതെ

: വ്യാഴാഴ്ച ടോൾപിരിവ് ആരംഭിക്കുമെന്ന് തളിക്കുളം, നാട്ടിക ഗ്രാമപ്പഞ്ചായത്തുകളെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കത്ത് ലഭിച്ചതോടെ അടിയന്തരമായി കമ്മിറ്റി കൂടുകയായിരുന്നുവെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവും തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ അജയകൃഷ്ണനും പറയുന്നു.

പ്രതിഷേധം നടത്തുന്നത് ടോൾപിരിവിനെതിരെയല്ലെന്ന് പ്രതിഷേധക്കാർ ആവർത്തിച്ചു. ചാവക്കാട് (ഒരുമനയൂർ), ചേറ്റുവ, കണ്ടശ്ശാംകടവ്, എന്നീ പാലങ്ങളുടെയും എടമുട്ടം, മൂന്നുപീടിക തുടങ്ങി നിരവധി അപ്രോച്ച്റോഡുകളുടെയും നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്ന ഘട്ടത്തിൽ ടോൾപിരിവ് ആരംഭിച്ചതിനെതിരേയാണ് സമരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.