സ്‌കൂൾ ഗെയിംസിനിടെ ഷീറ്റ് വീണ് വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്

തൃശ്ശൂർ : സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ കനത്ത കാറ്റിലും മഴയിലും താത്‌കാലിക ഷെഡ്ഡിനു മുകളിലെ അലുമിനിയം ഷീറ്റുകൾ പറന്നുവീണ് വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്. തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ വ്യാഴാഴ്‌ച രാത്രി ഏഴോടെ നീന്തൽമത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. കാണികൾക്കായി താത്‌കാലികമായി ഒരുക്കിയിരുന്ന ഷെഡ്ഡിന്റെ ഷീറ്റുകളാണ് പറന്നുവീണത്. റിലേമത്സരം നടക്കുന്നതിനിടെ കാറ്റ് ശക്തമായി ഷീറ്റുകൾ ഇളകിവീഴുകയായിരുന്നു.

നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഷീറ്റ് വീണതോടെ ഇവർ പരിഭ്രാന്തരായി ഓടിയപ്പോൾ ചിലർ വീഴുകയും മറ്റുള്ളവർ ചവിട്ടി കടന്നുപോകുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വലിയൊരു ദുരന്തമായി മാറാതിരുന്നതിന്റെ ആശ്വാസത്തിലാണ് രക്ഷിതാക്കളും പരിശീലകരും.

ഗ്യാലറിക്കു മുകളിൽ താത്കാലികമായി സ്ഥാപിച്ച അലുമിനിയം ഷീറ്റുകൾ ചെറുതായി കൂട്ടിക്കെട്ടിയിരുന്നുവെന്നും കാറ്റിൽ പറന്നുപോയെന്നുമാണ് അധികൃതരുടെ വാദം. മഴയും ഇടിയും കാറ്റുമൊന്നിച്ചെത്തിയതോടെ മത്സരങ്ങൾ നിർത്തിവെച്ചു.

അഞ്ചുപേരെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മത്സരം കാണാനെത്തിയ തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിലെ നീന്തൽത്താരം കൂടിയായ ദേവിക (18), തിരുവനന്തപുരം സ്വദേശികളായ ഋഷികേശ് എസ്. സദൻ (17), അഭിനവ് അജിത് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കാണ് പരിക്കേറ്റത്. ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലുകളുണ്ട്.

വെള്ളിയാഴ്ച 50 മീറ്റർ ഫ്രീ സ്റ്റൈലിൽ മത്സരിക്കേണ്ട ശ്രീഹരിക്ക് കാൽവിരലിനാണ് പരിക്ക്.

കൂട്ടിക്കെട്ടാതെ ഷീറ്റുകളടുക്കി

: അപകടത്തിനിടയാക്കിയ താത്‌കാലിക ഷെഡ് സുരക്ഷാസംവിധാനങ്ങളോടെയല്ല നിർമിച്ചിരുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഷീറ്റുകൾ കയറുപയോഗിച്ച് കൂട്ടിക്കെട്ടുകയോ ഉറപ്പിക്കുകയോ ചെയ്തിരുന്നില്ല. മഴ പെയ്തപ്പോൾ രക്ഷിതാക്കളും വിദ്യാർഥികളും ഷെഡ്ഡിന് താഴെ തിങ്ങിക്കൂടാൻ ഇടയാക്കിയതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

സംഘാടനത്തിൽ വൻ പിഴവ്

: സംസ്ഥാന സ്‌കൂൾ ഗെയിംസായിരുന്നിട്ടും വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് മത്സരങ്ങൾ നടത്തിയിരുന്നത്. ബുധനാഴ്ച ഗെയിംസ് ആരംഭിച്ച ദിവസം മുതൽ രക്ഷിതാക്കളും കുട്ടികളും ഈ പരാതി ഉന്നയിക്കുന്നുണ്ട്. ഭക്ഷണം ഉൾപ്പെടെ പ്രാഥമികസൗകര്യങ്ങളൊരുക്കുന്നതിൽ ഗുരുതരവീഴ്‌ചകളുണ്ടായതായി രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു.

അപകടം സംഭവിക്കുന്നതിനു മുമ്പുതന്നെ ഇതുസംബന്ധിച്ച് പരാതി പറഞ്ഞിരുന്നുവെന്ന് രക്ഷിതാവായ തിരുവനന്തപുരം സ്വദേശി സജീവ് ആരോപിച്ചു.