ഇതെങ്ങനെ കഴിക്കും സർക്കാരേ...?

പച്ചക്കറികളുമായി എറിയാട്ടെ കുട്ടികളും അമ്മമാരും ആർ.ഡി.ഒ. ഓഫീസിൽ

കൊടുങ്ങല്ലൂർ : രാസമാലിന്യം കലർന്ന മണ്ണിൽ വിളഞ്ഞ പച്ചക്കറികളുമായി എറിയാട്ടെ വിദ്യാർഥികളും അമ്മമാരും ഇരിങ്ങാലക്കുട ആർ.ഡി.ഒ. ഓഫീസിലെത്തി പ്രതിഷേധിച്ചു. മത്തങ്ങയും കുമ്പളങ്ങയും ചേനയും വെണ്ടയുമടങ്ങിയ കുട്ട മുന്നിൽ വെച്ച് ജനിച്ച മണ്ണിൽ ജീവിക്കാനായി രാസമാലിന്യം കലർന്ന മണ്ണ് നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് ഇവർ പ്രതിഷേധത്തിനെത്തിയത്.

എറിയാട് പഞ്ചായത്തിലെ ഭൂമിയും തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് നീക്കം ചെയ്യാൻ വൈകുന്നതിനാലാണ് വിദ്യാർഥികളും അമ്മമാരും ജനപ്രതിനിധികളുമടക്കം 150-ഓളം പേർ ആർ.ഡി.ഒ.യ്ക്ക് മുന്നിലെത്തിയത്. മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ വ്യാഴാഴ്ച യോഗം ചേരാനിരിക്കെയാണ് വിഷമില്ലാത്ത നാടെന്ന പ്ലക്കാർഡുമേന്തിയുള്ള സമരം.

പ്രദേശത്തെ എട്ട് സ്‌കൂളുകളിൽനിന്നായി 80-ലധികം വിദ്യാർഥികളും അമ്മമാരും അടങ്ങിയ സംഘം രണ്ട് പ്രത്യേക ബസുകളിലാണ് എത്തിയത്. ആർ.ഡി.ഒ. സ്ഥലത്തില്ലാത്തതിനാൽ ജൂനിയർ സൂപ്രണ്ട് അഞ്ജനവർമ പരാതി കേട്ടു. പ്രദേശവാസിയും എം.ഇ.എസ്. അസ്മാബി കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയുമായ അനന്യ ബാബുട്ടൻ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഉ​േദ്യാഗസ്ഥർക്ക് മുന്നിൽ വിവരിച്ചു. തുടർന്ന് ആർ.ഡി.ഒ. ഷിബുവുമായി ഫോണിൽ സംസാരിച്ചു. വ്യാഴാഴ്ച യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, കെ.എം. സാദത്ത്, വി.എ. സുഹൈയിൽ, ഇ.വി. വേണു, വി.ആർ. റെനിഡ്, കെ.എസ്. സതീശൻ, പി.ജെ. അബ്ദുൾഹബീബ്, കെ.ജി. സനീഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.