പഞ്ചഗുസ്തിയും ലളിതഗാനവും പരിമിതികൾ മറികടന്ന് കൃഷ്ണാഞ്ജന

തൃശ്ശൂർ: കൃഷ്ണാഞ്ജനയുടെ കൈയിന്റെ കരുത്ത് തിരിച്ചറിഞ്ഞ് പഞ്ചഗുസ്തി പരിശീലനത്തിനയയ്ക്കുന്നത് അച്ഛൻ വാലിപ്പറമ്പിൽ ദിലീപ് ആണ്. അച്ഛന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ 17-കാരി. തിങ്കളാഴ്ച മുതൽ നവംബർ ഏഴുവരെ ന്യൂഡൽഹിയിൽ നടക്കുന്ന ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിലും പാരാ-ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിലും ഈ തൃശ്ശൂർക്കാരി ഇന്ത്യയെ പ്രതിനിധീകരിക്കും. ജൂനിയർ വിഭാഗത്തിലാണ് കഴിമ്പ്രം സ്വദേശിയായ കൃഷ്ണാഞ്ജന ദിലീപ് പങ്കെടുക്കുന്നത്. കാഴ്ചപരിമിതിയെയും മറികടന്ന ജൈത്രയാത്രയാണ് ഈ പെൺകുട്ടിയുടേത്. ഇതോടൊപ്പം സംഗീതത്തിലും തിളങ്ങുന്നു.
13-ാം വയസ്സിലാണ് പഞ്ചഗുസ്തി പരിശീലനം കൃഷ്ണാഞ്ജന ആരംഭിക്കുന്നത്. കാഴ്ചപരിമിതരായ പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച് മൂന്നുതവണയാണ് സംസ്ഥാന ചാമ്പ്യനായത്. 2023 മുതൽ ദേശീയതലത്തിൽ തുടർച്ചയായി മത്സരിച്ച് വെള്ളി, വെങ്കല മെഡലുകളും സ്വന്തമാക്കി. ലോക പാരാ-ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണാഞ്ജന. ‘സ്വർണമെഡലുംകൊണ്ട് തിരിച്ചുവരണമെന്നാണ്. ഞാൻ ദിവസവും മൂന്ന് മണിക്കൂർ പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. പക്ഷേ അതുമാത്രം പോരല്ലോ? നിങ്ങളും പ്രാർഥിക്കണം.’- കൃഷ്ണാഞ്ജന പറയുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണാഞ്ജനയ്ക്ക് അപൂർവമായ ആരോഗ്യാവസ്ഥയായ ക്രൂസോൺ സിൻഡ്രം ഉണ്ടെന്ന് കണ്ടെത്തുന്നത്.
ജന്മനാ നേരിടേണ്ടിവന്ന ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 17 വർഷത്തിനിടെ പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയയായി. ഒരു കണ്ണിന് ഭാഗികമായി കാഴ്ചയുണ്ടെങ്കിലും മറ്റേ കണ്ണിന് പൂർണമായും കാഴ്ചയില്ല. ശസ്ത്രക്രിയയ്ക്കുശേഷം അമിതമായ ഊർജസ്വലത പ്രകടിപ്പിച്ച കൃഷ്ണാഞ്ജനയെ പഠനത്തിനപ്പുറം മറ്റ് പ്രവർത്തനങ്ങളിലേക്കും നയിക്കണമെന്ന മാതാപിതാക്കളുടെ തീരുമാനമാണ് കലാ-കായികരംഗങ്ങളിലേക്കുള്ള വഴിതുറന്നത്.
ആശുപത്രിവാസക്കാലത്താണ് കൃഷ്ണാഞ്ജനയുടെ സംഗീതത്തോടുള്ള ഇഷ്ടവും തിരിച്ചറിയുന്നത്. നവംബറിൽ നടക്കുന്ന സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ ലളിതഗാന മത്സരത്തിനും ഒരുങ്ങുകയാണ്. കൂടാതെ കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാലുവർഷം ലളിതഗാനത്തിലും കഴിഞ്ഞ രണ്ടുവർഷമായി ശാസ്ത്രീയസംഗീതത്തിലും എ ഗ്രേഡ് നേടിയാണ് സംഗീതത്തിലും ചുവടുറപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് ഗ്രേഡുകൾ സ്വന്തമാക്കുന്നുണ്ട്. കഴിമ്പ്രം ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. സ്കൂൾ അധ്യാപിക സുമിതയാണ് അമ്മ. ബി.ഡി.എസ്. അവസാനവർഷ വിദ്യാർഥിനിയായ ഗീതാഞ്ജലിയാണ് സഹോദരി.