കൈകളെന്തിനു വേറെ, സ്വപ്നം കൂട്ടായുണ്ടല്ലോ...

#കെ.വി. കല

തൃശ്ശൂർ: നിശ്ചയദാർഢ്യത്തിന്റെ കൊടുമുടി കയറുകയാണ് സനീഷ് മുട്ടുങ്കൽ എന്ന 42 വയസ്സുകാരൻ. ട്രെക്കിങ് പോലും അസാധ്യമെന്നു കരുതിയ ഇന്നലെകളെ തോൽപ്പിച്ചുള്ള ആ യാത്ര എത്തിനിൽക്കുന്നതു യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ എൽബ്രസി(5642 മീറ്റർ ഉയരം)ന്റെ നെറുകയിലാണ്. എവറസ്റ്റെന്ന വലിയ സ്വപ്‌നത്തിന്റെ ആദ്യപടിയാണിതെന്നാണ് കേരള ഗ്രാമീണബാങ്ക് കോലഴി ശാഖയിൽ അസി. മാനേജരായ നടത്തറ ചേരുംകുഴി സ്വദേശി സനീഷ് പറയുന്നത്. ഹിരായാമ എന്ന മോട്ടോർ ന്യൂറോ രോഗബാധിതനായ സനീഷിന്റെ ഇടതുകൈയ്ക്കു ചലനശേഷിയില്ലെന്നറിഞ്ഞതോടെ യാത്രാ ഏജൻസികളൊന്നും ആദ്യം കൂടെക്കൂട്ടാൻ തയ്യാറായിരുന്നില്ല. ‘ഷൂ ലേസുപോലും സ്വന്തമായി കെട്ടാനാകില്ലല്ലോ’ എന്ന അവരുടെ ചോദ്യത്തിന് മുന്നിൽ പക്ഷേ, നിരാശനായില്ല.

ബേസിക് മൗണ്ടനീറിങ് കോഴ്‌സിന് ചേർന്ന് അടിസ്ഥാനകാര്യങ്ങൾ പഠിച്ചെടുത്തു. ഭാരമേറിയ ബാഗുകൾ പുറത്തിട്ട് ഓടിയും വ്യായാമം കടുപ്പിച്ചും ശരീരം ഫിറ്റാക്കി. മാരത്തണുകളുടെ ഭാഗമായും ശാരീരികശേഷി ഉറപ്പുവരുത്തി. കടുത്ത മഞ്ഞിനെ പ്രതിരോധിക്കാനാവുന്ന രീതിയിൽ സ്‌നോ ബൂട്ടടക്കം സ്വന്തമായി അണിയാനും സ്‌നോ ആക്സ് ഉപയോഗിക്കാനുമെല്ലാം ഏറെ പണിപ്പെട്ടാണ് പഠിച്ചെടുത്തത്. ഉത്തരാഖണ്ഡിലെ കുവാരി പാസ് (3825 മീറ്റർ) ആയിരുന്നു തുടക്കം.

ചെറുകൊടുമുടികൾക്കുശേഷം എവറസ്റ്റ് ബേസ് കേമ്പ് (5364 മീറ്റർ) എന്ന സ്വപ്‌നം 2023 ഒക്ടോബറിൽ പൂർത്തിയാക്കി. 2024-ലെ ഒറ്റയാത്രയിൽ ലഡാക്കിലെ കാങ് യാത്സേയും (6250 മീറ്റർ) -ജോ ജോങ്കോങ്ങും (6259 മീറ്റർ) കാൽക്കീഴിലായി. തൊട്ടടുത്ത വർഷം ഹിമാചൽപ്രദേശിലെ യുനംപീക്കും ഡിയോ ടിബ്ബ പീക്കും (6001 മീറ്റർ) പിന്നിട്ടു. ഉയരം താരതമ്യേന കുറവാണെങ്കിലും അതിസാഹസികമായ എൽബ്രസ് മോഹിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ, കാലിനു ചെറിയ പരിക്കുപറ്റി വേദന തുടങ്ങിയിരുന്നു. കടുത്ത തണുപ്പിൽ രോഗാവസ്ഥ വഷളാകുമോയെന്ന ആശങ്കയും.

എൽബ്രസിലേക്ക്‌ യാത്ര പുറപ്പെട്ട ഒൻപതംഗസംഘത്തിൽ പക്ഷേ, മൂന്നുപേർ മാത്രമാണ് അറ്റം തൊട്ടത്. അതിൽ ഒന്നാമനായി എത്തിയത് സനീഷും. അടുത്ത ഒക്ടോബറിൽ നേപ്പാളിലെ 7126 മീറ്ററിലുള്ള ഹിമാലുങ് ഹിമാൽ ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് സനീഷ്. പിന്നാലെ എവറസ്റ്റ് കീഴടക്കുകയെന്ന വലിയ സ്വപ്‌നവും.