മഴയെത്തിയില്ലെങ്കിൽ നെൽകൃഷി നശിക്കും

എരുമപ്പെട്ടി : എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ നടീൽ കഴിഞ്ഞ് മതിയായ വെള്ളം ലഭിക്കാതെ കർഷകർ ദുരിതത്തിൽ. തോന്നല്ലൂർ, കരിയന്നൂർ, പാഴിയോട്ടുമുറി, പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടക്കുന്നത്. മുപ്പതുദിവസം വരെ പ്രായമായ നെൽച്ചെടികൾക്ക് മതിയായ വെള്ളം ലഭിക്കാതെ ഉണക്കുഭീഷണിയിലാണ്. ചൂടുകൂടിയതോടെ പാടത്തെ വെള്ളം വലിയ തോതിൽ വറ്റുന്നതാണ് വലയ്ക്കുന്നത്. സമീപത്തെ കുളങ്ങൾ, തോടുകൾ, കിണറുകൾ എന്നിവിടങ്ങളിൽനിന്ന് വെള്ളം പമ്പു ചെയ്ത് കണ്ടങ്ങളിൽ എത്തിച്ചാണ് ഉണങ്ങാതെ സംരക്ഷിക്കുന്നത്.

ഉടൻ മഴയെത്തിയില്ലെങ്കിൽ വെള്ളമില്ലാതെ നെൽച്ചെടികൾ ഉണങ്ങിപ്പോകാനിടയുണ്ട്.

ഇത്തവണ വരൾച്ച മുന്നിൽക്കണ്ട് ഭൂരിഭാഗം കർഷകരും നേരത്തേ കൃഷിയിറക്കാൻ ശ്രമം തുടങ്ങി. എന്നാൽ, കാട്ടുപന്നികൾ ഞാറ്റടികൾ നശിപ്പിച്ചതോടെ നടീൽ വൈകി. കൂടാതെ ചെലവുകൾ വർധിച്ചതും കർഷകരെ ദുരിതത്തിലാക്കി. പുഴയിലും തോടുകളിലും സാധാരണയുള്ളതിനേക്കാൾ പകുതിപോലും വെള്ളമില്ല.

വാഴാനി ഡാമിൽനിന്നു വെള്ളമെത്താനുള്ള സാധ്യതയും കുറവാണ്. വെള്ളമെത്തിയാലും മുട്ടിക്കൽ ചിറയിൽ പൂർണതോതിൽ വെള്ളം സംഭരിക്കാൻ കഴിയാത്തതിനാൽ എരുമപ്പെട്ടി പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിക്കും എത്തിക്കാനും സാധിക്കില്ല.