സ്റ്റേഷൻ വികസനം യാഥാർഥ്യമായിട്ടും പുതിയ യാത്രാവണ്ടികൾക്ക് സ്റ്റോപ്പില്ല

ചാലക്കുടി : അമൃത് പദ്ധതിയിൽ സ്റ്റേഷൻ നവീകരണം പൂർത്തിയായിട്ടും ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യാത്രാ സൗകര്യങ്ങൾ മാത്രം കൂടുന്നില്ല. കൂടുതൽ വണ്ടികൾക്ക് സ്‌റ്റോപ്പനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. ലിഫ്റ്റ്, എക്‌സലേറ്റർ സൗകര്യങ്ങൾ മാത്രമാണ് ഇനി കിട്ടാനുള്ളത്. എന്നാൽ നവീകരണത്തിൽ മാത്രം കാര്യങ്ങൾ ഒതുങ്ങി. വർഷങ്ങൾക്ക് മുൻപ് സ്റ്റോപ്പനുവദിച്ചിരുന്ന വണ്ടികൾക്ക് മാത്രമേ ഇപ്പോഴും സ്‌റ്റോപ്പുള്ളൂ. കന്യാകുമാരി-പുണെ എക്‌സ്‌പ്രസ് തീവണ്ടിക്ക് രണ്ടു വശത്തേക്കുള്ള യാത്രയിലും സ്റ്റോപ്പുണ്ടായിരുന്നു. പുണെയിൽനിന്ന് വരുമ്പോൾ പുലർച്ചെ ചാലക്കുടിയിൽ സ്റ്റോപ്പുണ്ടായിരുന്നത് കോവിഡ് കാലത്ത് നിർത്തി. അത് ഇനിയും പുനരാരംഭിച്ചിട്ടില്ല. പലതവണ ബെന്നി ബഹനാൻ എം.പി. നൽകിയ കത്തു പരിഗണിച്ച് പാലരുവിക്ക് സ്റ്റോപ്പനുവദിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചതാണ്. എന്നാൽ ഈ വണ്ടി ചാലക്കുടിയിൽ നിർത്തുന്ന കാര്യം അനിശ്ചിതമായി നീണ്ടു പോവുകയാണ്. കാലങ്ങളായുള്ള ആവശ്യമായ മധുര-ഗുരുവായൂർ വണ്ടി പുലർച്ചെ 12.30-ന് നിർത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ജില്ലയിൽ തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സ്റ്റേഷനാണ് ചാലക്കുടി. ഇക്കാര്യത്തിൽ മൂന്നാം സ്ഥാനമുള്ള ഇരിങ്ങാലക്കുടയിൽ ചാലക്കുടിയിലുള്ളതിനേക്കാൾ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പുണ്ട്.