അക്കിക്കാവ്-കേച്ചേരി ബൈപാസിൽ വീണ്ടും അപകടം

പന്നിത്തടം : അക്കിക്കാവ്-കേച്ചേരി ബൈപാസിലെ ചിറമനേങ്ങാട് നോങ്ങല്ലൂർ റോഡിന് സമീപം ആഡംബരക്കാർ എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചു. കാറുകൾ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.30-നാണ് അപകടം.
ആഡംബരക്കാറിലെ യാത്രക്കാർക്ക് നിസ്സാരപരിക്കുണ്ട്. അക്കിക്കാവ് ഭാഗത്തുനിന്ന് കേച്ചേരി ഭാഗത്തേക്കാണ് കാർ സഞ്ചരിച്ചിരുന്നത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പന്നിത്തടം കവലയിൽ രാത്രിയിൽ സ്ഥിരമായി അപകടമുണ്ടാകുന്നതിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. വാഹനങ്ങളുടെ വേഗം അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ റോഡ് സുരക്ഷാവിഭാഗം പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.