തിരുവല്ലം ഇടയാറിലെ ഇരുമ്പുപാലം നവീകരിക്കുന്നു

തിരുവല്ലം: തിരുവല്ലം ഇടയാറിലുള്ള 350 കുടുംബങ്ങളുടെ യാത്രാദുരിതത്തിന് സ്ഥിരം പരിഹാരം കാണുന്നതിന് കോർപ്പറേഷൻ ഇടപെടുന്നു. ബലക്ഷയം പരിഹരിച്ച് ആവശ്യമായ നവീകരണം നടത്തി പാലത്തിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നതിനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്.
ബലക്ഷയം വന്ന പാലം പരിശോധിക്കാൻ ചുമതലപ്പെടുത്തിയിട്ടുളള ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ശനിയാഴ്ച ഇടയാറിലെത്തി പരിശോധന നടത്തി. ഏതെല്ലാം തൂണുകൾക്കാണ് ബലക്ഷയം ഉണ്ടായതെന്നുള്ള പരിശോധനയാണ് പൂർത്തിയാക്കിയത്. പാലം കുലുങ്ങുന്ന സാഹചര്യമുള്ളതിനാൽ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ യാത്രയും നിരോധിച്ചിട്ടുണ്ട്. പാലത്തിന്റെ മുകളിൽ പാകിയിട്ടുള്ള മൂന്നു ഇഞ്ചോളം കനമുള്ള ഇരുമ്പ് ഷീറ്റും പലയിടത്തും തുരുമ്പിച്ചിട്ടുണ്ട്. ഇതിന്റെ ശേഷിയും പരിശോധിക്കും. ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ സിവിൽ വിഭാഗം അസി.പ്രൊഫ. സി.ജെ.കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നവീകരണം നടത്തുകയെന്ന് കോർപ്പറേഷൻ എക്സിക്യുട്ടീവ് എൻജിനിയർ സാം വിദ്യാനാഥ് മാതൃഭൂമിയോട് പറഞ്ഞു.
നവീകരണം മാതൃഭൂമി വാർത്തയെ തുടർന്ന്
പൂന്തുറ-മൂന്നാറ്റുമുക്കിലെ പ്രധാന റോഡിൽനിന്ന് ഇടയാറിലേക്ക് കടക്കുന്നതിനാണ് സംസ്ഥാന ജലപാത കടന്നുപോകുന്ന പാർവതീ പുത്തനാറിന് കുറുകെ ഇരുമ്പുപാലം നിർമിച്ചിട്ടുള്ളത്. ഇടയാറിനെ വലയംചെയ്ത് പാർവതീ പുത്തനാറും രണ്ട് നദികളും അറബിക്കടലുമുണ്ട്. ദ്വീപിന് സമാനമായ ഇവിടെ 350 കുടുംബങ്ങളാണ് താമസിക്കുന്നത്. നാട്ടുകാർക്ക് നടന്നുപോകുന്നതിന് ഇരുവശവും പടിക്കെട്ടുള്ള ചെറിയ പാലമാണ് നിർമിച്ചിരുന്നത്.
മിക്കവരും വാഹനങ്ങൾ വാങ്ങിയതോടെയാണ് പുതിയ പാലമെന്ന ആവശ്യമുയർന്നത്. തുടർന്ന് അരക്കോടിയോളം രൂപ മുടക്കിയായിരുന്നു ഇരുമ്പിലുള്ള പാലം നിർമിച്ചത്. കടൽക്കാറ്റിന്റെ സാന്നിധ്യവും സമയബന്ധിതമായുള്ള അറ്റകുറ്റപ്പണി നടത്താത്തതും കാരണം പാലം തുരുമ്പിച്ച് ബലക്ഷയത്തിലായി. നാട്ടുകാർ ജനപ്രതിനിധികൾക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്ന് 2024 ഏപ്രിൽ 26- ന് ‘ഇടയാറിൽ തുരുമ്പിച്ച പാലം കുലുങ്ങുന്നു’ എന്ന തലക്കെട്ടിൽ മാതൃഭൂമി നൽകിയ വാർത്തയെ തുടർന്ന് മുൻമേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർ സലീം, കോർപ്പറേഷന്റെ സാങ്കേതികസംഘം എന്നിവർ പാലം സന്ദർശിച്ചു. എന്നാൽ, നടപടികൾ വൈകിയതോടെ പാലത്തിന്റെ നവീകരണം തടസ്സപ്പെട്ടു. പുതിയ കൗൺസിലർ പാച്ചല്ലൂർ ഗോപകുമാറിന് നാട്ടുകാർ പരാതി നൽകി. തുടർന്നാണ് പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ തീരുമാനിച്ചത്.
വേലിവേണമെന്ന് അധികൃതർ
സംസ്ഥാന ജലപാത കടന്നുപോകുന്ന പാർവതീ പുത്തനാറിന്റെ തിരുവല്ലം ഇടയാർ മുതൽ വർക്കലവരെയുള്ള ഭാഗത്ത് ആറിന്റെ ഇരുവശവും പരമാവധി ഉയരത്തിൽ വേലികെട്ടണമെന്ന് ആവശ്യപ്പെട്ട് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ ബന്ധപ്പെട്ടവർക്ക് കത്തുനൽകിയിട്ടുണ്ട്. ആറിന്റെ ഇരുവശങ്ങളിലുള്ള കടകളും സ്ഥാപനങ്ങളും അറവുശാലകളും നടത്തുന്നവർ കൊണ്ടിടുന്ന മാലിന്യങ്ങളാണ് ആറിനെ മലിനമാക്കുന്നത്. ഇത് തടയുന്നതിനാണ് വേലികെട്ടി തിരിക്കണമെന്ന ആവശ്യവുമായി അധികൃതർ ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയത്. എന്നാൽ ഇതുവരെയും നടപടികളെടുത്തില്ലെന്നും അധികൃതർ പറഞ്ഞു.