ആദിവാസിമേഖലയിലെ റോഡ് നിർമാണം ഇഴയുന്നു; യാത്രാദുരിതത്തിന് അറുതിയില്ല

ചാക്കപ്പാറ-പുരവിമല-തെന്മല റോഡിൽ നിർമാണം പൂർത്തിയാക്കിയ കലുങ്ക്
ചാക്കപ്പാറ-പുരവിമല-തെന്മല റോഡിൽ നിർമാണം പൂർത്തിയാക്കിയ കലുങ്ക്

അമ്പൂരി: അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ തൊടുമല വാർഡിലെ ആദിവാസി സെറ്റിൽമെന്റുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണജോലികൾ ഇഴയുന്നു. ഒരു റോഡിന്റെ പണി തുടങ്ങിയെങ്കിലും ഫണ്ട് അനുവദിച്ച മറ്റ് റോഡുകളുടെ നിർമാണജോലികൾ ഇതേവരെ തുടങ്ങിയില്ല. സെറ്റിൽമെന്റ് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഈ റോഡുകളുടെ നിർമാണം.

ഏറെ ശോച്യാവസ്ഥയിലായിരുന്ന ചാക്കപ്പാറയിൽനിന്നു കാരികുഴി-പുരവിമല വഴി തെന്മലയിലേക്ക് നീളുന്ന എട്ടു കിലോമീറ്ററോളം ദൂരം വരുന്ന റോഡിന്റെ നിർമാണമാണ് മാസങ്ങൾക്കുമുമ്പ് ആരംഭിച്ചത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരം നാലു കോടിയോളം രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ചെറുതും വലുതുമായ കലുങ്കുകളും റോഡുനവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. ആറ് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഇതിൽ മൂന്നരയടി വീതിയിലാണ് ടാറിങ് നടത്തുക. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും പണിയുന്നുണ്ട്.

കലുങ്കുകളുടെ നിർമാണം പൂർത്തിയായി

റോഡിലൂടനീളമുള്ള ചെറുതും വലുതുമായ 12 പുതിയതും മൂന്ന് പഴയതുമുൾപ്പെടെ 15 കലുങ്കുകളും റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ തീണ്ടാരിക്കടവിലെ കലുങ്ക് ചെറിയ പാലത്തിന് സമാനമാണ്. എല്ലാ കലുങ്കുകളുടെ നിർമാണവും പൂർത്തിയായെങ്കിലും ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നത് ഇഴഞ്ഞുനീങ്ങുകയാണ്. ഇനി റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകളും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതിബോർഡിന് തുകയടച്ചെങ്കിലും പണികൾ വൈകുകയാണെന്ന് നാട്ടുകാർ പറയുന്നു. ഓടയുടെ പണികളും പൂർണമായിട്ടില്ല. ചില ഭാഗത്തുള്ള

ഓടനിർമാണം ഇതേവരെ തുടങ്ങിയിട്ടില്ല. ഏറെ അപകടസാധ്യതയുള്ള ഭാഗത്ത് സുരക്ഷാത്തൂണുകൾ സ്ഥാപിച്ചുതുടങ്ങിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. ഈ പണികളെല്ലാം പൂർത്തിയായാൽ മാത്രമേ ടാറിടൽ ആരംഭിക്കാൻ കഴിയുകയുള്ളൂ.

നാലു റോഡുകളുടെ പണി തുടങ്ങിയിട്ടില്ല

ചാക്കപ്പാറ, കാരിക്കുഴി, കുന്നത്തുമല, കന്നുമാമൂട്, ശംഖിൻകോണം, പുരവിമല, കള്ളുക്കാട്, തെൻമല, കയ്പൻപ്ലാവിള, അയ്യവിളാകം, കൊമ്പയിൽ എന്നീ 11 സെറ്റിൽമെന്റ് കോളനികളിലേക്കും വാഹനമെത്തണമെങ്കിൽ എല്ലാ റോഡുകളുടെയും നിർമാണം നടക്കേണ്ടതുണ്ട്. ഇവിടെ 800-ലധികം കുടുംബങ്ങളുണ്ട്. ഈ വാർഡിലെ വിവിധ സെറ്റിൽമെൻറുകളിലെത്താനും പ്രധാന റോഡിലെത്താനുമായി ഇടറോഡുകൾക്ക് 22 കിലോമീറ്ററോളം ദൂരമുണ്ട്.

സെറ്റിൽമെൻറിലെ പ്രധാനറോഡായ അണുമുഖത്തുനിന്ന് ആരംഭിക്കുന്ന ചാക്കപ്പാറ-കാരക്കുഴി, പുരവിമല-തെന്മല റോഡിന്റെ നിർമാണജോലികളാണ് ആറ് മാസങ്ങൾക്കുമുമ്പ് തുടങ്ങിയത്.

അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി സെറ്റിൽമെന്റിനുള്ളിലെ മറ്റ് റോഡുകളുടെ നവീകരണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാരിക്കുഴി, ശംഖിൻകോണം, കുന്നത്തുമല, കന്നുമാമൂട്, അയ്യവിളാകം, കയ്പൻപ്ലാവിള, പുരവിമല എന്നീ സെറ്റിൽമെന്റുകളിലെ റോഡുകളുടെ നവീകരണത്തിനായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിലൊന്നിന്റെയും പണികൾ ഇതേവരെ തുടങ്ങിയിട്ടില്ല.