മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഇനി നീക്കം ചെയ്യാനാവില്ല- വിന്‍ഡോസ് ഓഎസിന്റെ ഭാഗമാവും

ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഇനി വിന്‍ഡോസ് കംപ്യൂട്ടറുകളിലെ സ്ഥിരസാന്നിധ്യമാവും. ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയുള്ള പഴയ എഡ്ജ് ലെഗസി പതിപ്പിന് പകരമായാണ് ക്രോമിയം എഡ്ജ് ബ്രൗസര്‍ എത്തുക. അടുത്ത വിന്‍ഡോസ് അപ്ഡേറ്റില്‍ ഈ മാറ്റം നിലവില്‍വരും.
നേരത്തെ പഴയകാല വിന്‍ഡോസ് എക്സ്പ്ലോറര്‍ ബ്രൗസറിന് പകരമെന്നോണമെത്തിയതാണ് എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസര്‍. അതിന് ശേഷമാണ് ക്രോമിയം അടിസ്ഥാനമായുള്ള എഡ്ജ് ബ്രൗസര്‍ അവതരിപ്പിച്ചത്. സാധാരണ ബ്രൗസറുകളെ പോലെ ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും വിധത്തിലുള്ള ആപ്പ് ആണിത്.
പഴയ എഡ്ജ് ഉപയോക്താക്കളെല്ലാം ക്രോമിയം അടിസ്ഥാനമാക്കിയുള്ള ബ്രൗസറിലേക്ക് മാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ അവ സ്ഥിരമാക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.
വിന്‍ഡോസ് എക്സ്പ്ളോററിലാകട്ടെ, എച്ച്ടിഎംഎല്‍ അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസറിലാകട്ടെ പുതിയ കംപ്യൂട്ടര്‍ വാങ്ങിയാല്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു അവ ഉപയോഗിച്ചിരുന്നത്. അതിന് ശേഷം ആ ബ്രൗസറുകളെ മറന്നുകളയുകയാണ് പതിവ്.
എന്നാല്‍ പുതിയ ക്രോമിയം അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസര്‍ ശരിക്കും ഗൂഗിള്‍ ക്രോമിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം ഗൂഗിള്‍ ക്രോമിനെ പോലെതന്നെ ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമായ ഗൂഗിള്‍ ക്രോമിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രൗസര്‍ ആണ് ഇപ്പോള്‍ എഡ്ജ്. ഗൂഗിള്‍ ക്രോം ബ്രൗസറിന് സമാനമായ സൗകര്യങ്ങളെല്ലാം തന്നെ എഡ്ജ് ബ്രൗസറിലുമുണ്ട്. മികച്ച പ്രകടനം, വേഗത, സുരക്ഷ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുമുണ്ട്. മോസില്ല ഫയര്‍ ഫോക്സിനേക്കാള് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പറയാം.
വിന്‍ഡോസില്‍ സിസ്റ്റം അപ്ഡേറ്റിനൊപ്പം സ്ഥിരപ്പെടുത്തുന്ന എഡ്ജ് ബ്രൗസര്‍. പുതിയ കംപ്യൂട്ടറുകളില്‍ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരില്ല. എഡ്ജ് ബ്രൗസറിന് ആന്‍ഡ്രോയിഡ് പതിപ്പുമുണ്ട്.
Content Highlights: microsoft edge browser will be permanent on Windows devices
Content Highlights: