ലുഡോ ഇനി ആറുപേര്‍ക്ക് ഓണ്‍ലൈനായി കളിക്കാം; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ലുഡോ കിങ്

Photo: Ludo King
Photo: Ludo King

ലുഡോ ബോര്‍ഡ് ഇനി നാല് പേര്‍ മാത്രമിരുന്ന് കളിക്കുന്ന കളിയല്ല. ജനപ്രിയമായ ലുഡോ ബോര്‍ഡ് ഗെയിം ആപ്ലിക്കേഷനായ ലുഡോ കിങില്‍ പുതിയ മോഡുകള്‍ അവതരിപ്പിച്ചു. ക്വിക്ക് ലുഡോ, ഫൈ റ്റു സിക്‌സ് പ്ലെയര്‍ ലുഡോ എന്നീ മോഡുകളാണ് അവതരിപ്പിച്ചത്.

പബ്ജി ഗെയിമിന് സമാനമായ രീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ കൂടെ ലുഡോ കളിക്കാന്‍ ഇതില്‍ സാധിക്കും. ഗെയിമിനൊപ്പം ഒരു സുഹൃദ് വലയം കെട്ടിപ്പടുക്കാന്‍ ഈ രീതി സഹായിക്കുന്നു.

ഉപയോക്താക്കള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളാണ് ഇവയെന്ന് ലുഡോ കിങ് പറയുന്നു. കളിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേരുമായി ബന്ധമുണ്ടാക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഒപ്പം കൂടുതല്‍ ആളുകള്‍ ആപ്പിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. ഈ കളിക്കാര്‍ക്ക് പരസ്പരം വോയ്‌സ് ചാറ്റ് ചെയ്യാനും സൗകര്യമുണ്ട്. 

2020 ലെ ലോക്ക്ഡൗണ്‍ കാലത്ത് ഏറെ ജനപ്രിയമായ ഗെയിമുകളില്‍ ഒന്നാണ് ലുഡോ കിങ്. ഡിസംബറോടെ ആഗോളതലത്തില്‍ 50 കോടിയിലേറെ പേര്‍ ലുഡോ കിങ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. 

സാധാരണ ലുഡോ ഗെയിം കളിക്കാന്‍ 15 മുതല്‍ 40 മിനിറ്റ് വരെയാണ് സമയം വേണ്ടിവരിക. എന്നാല്‍ ക്വിക്ക് ലുഡോ മോഡില്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഒരു കളി കളിക്കാന്‍ സാധിക്കും. 

ഫൈവ് റ്റു സിക്‌സ് പ്ലെയര്‍ മോഡില്‍ ആറ് കളിക്കാരെ വരെ ഒരു കളിയില്‍ ഉള്‍പ്പെടുത്താം. സാധാരണ ലുഡോയില്‍ നാല് പേരെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. നേരത്തെ സിക്‌സ് പ്ലെയര്‍ മോഡ് ഓഫ് ലൈന്‍ മള്‍ടി പ്ലെയര്‍ മോഡില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ മോഡില്‍ ഓണ്‍ലൈന്‍ മള്‍ടിപ്ലെയര്‍ ഗെയിം കളിക്കാന്‍ സാധിക്കും. 

Content Highlights: Ludo King new mode let six people play ludo together online

Content Highlights: