ക്വാണ്ടം കമ്മ്യൂണിക്കേഷനില്‍ നിര്‍ണായക നേട്ടം; ലോകശക്തികളോടൊപ്പം നിൽക്കാൻ ഇന്ത്യ

ഒപ്റ്റിക്കല്‍ ലിങ്ക് ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സുരക്ഷിത ക്വാണ്ടം ആശയവിനിമയം സ്ഥാപിച്ചതിന്റെ ചിത്രം| PIB
ഒപ്റ്റിക്കല്‍ ലിങ്ക് ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സുരക്ഷിത ക്വാണ്ടം ആശയവിനിമയം സ്ഥാപിച്ചതിന്റെ ചിത്രം| PIB

ക്വാണ്ടം കമ്മ്യൂണിക്കേഷനില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആര്‍ഡിഒ) ഐഐടി ഡല്‍ഹിയും ചേര്‍ന്ന് വിജയകരമായി ക്വാണ്ടം കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ പരീക്ഷിച്ചു. ഡിആര്‍ഡിഒയുടെ ഇന്‍ഡസ്ട്രി അക്കാഡമിയ സെന്റര്‍ ഓഫ് എക്‌സലന്‍സും ഐഐടി ഡല്‍ഹിയും ചേര്‍ന്നാണ് ഗവേഷണങ്ങള്‍ നടത്തിയത്. ക്വാണ്ടം സാങ്കേതികവിദ്യയില്‍ രാജ്യത്തിന്റെ കുതിപ്പിന് കാരണമാകുന്ന വിജയമാണ് പരീക്ഷണത്തിലൂടെ ലഭിച്ചത്. 

ഒരു കിലോ മീറ്ററോളം ദൂരത്തിലുള്ള സ്ഥലത്തേക്ക് സെക്കന്‍ഡില്‍ 240 ബിറ്റ്‌സ് എന്ന വേഗതയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്താണ് ഗവേഷകര്‍ വിജയം കൈവരിച്ചത്. പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളതായി വിലയിരുത്തുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടം കമ്മ്യൂണിക്കേഷന്‍. യുഎസ്, ചൈന തുടങ്ങിയ  രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വലിയ ഗവേഷണങ്ങളാണ് നടത്തുന്നത്. ഈ നിരയിലേക്കാണ് പരീക്ഷണവിജയത്തോടെ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുത്തിരിക്കുന്നത്. 

ക്വാണ്ടം എന്‍ടാംഗിള്‍മെന്റ് എന്ന ഭൗതിക പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ ഗവേഷകര്‍ പരീക്ഷിച്ചത്. ഒരു സ്ഥലത്തുനിന്ന് കേബിളുകളോ ഇന്റര്‍നെറ്റോ അല്ലാതെ വിദൂരസ്ഥലത്തേക്ക് ക്വാണ്ടം എന്‍ടാംഗിള്‍മെന്റ് എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കി വിവരം കൈമാറുന്ന രീതിയാണ് ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചത്. 

ഒരു കണികയുടെ ക്വാണ്ടം നിലയെ മറ്റൊരു കണികയുടെ ക്വാണ്ടം നില തല്‍ക്ഷണം സ്വാധീനിക്കത്തക്കവിധം ഒരു ജോഡിയോ ഒരു കൂട്ടമോ കണികകള്‍ സൃഷ്ടിച്ചു അവ തമ്മില്‍ സംവേദനം ചെയ്യുന്ന പ്രതിഭാസമാണ് ക്വാണ്ടം എന്‍ടാംഗിള്‍മെന്റ്.  ലളിതമായി പറഞ്ഞാല്‍ രണ്ടോ അതിലധികമോ കണങ്ങള്‍ പരസ്പരം എത്ര ദൂരത്തിലായിരുന്നാലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു കണത്തിന്റെ സ്വഭാവം നിശ്ചയിക്കപ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട മറ്റ് കണങ്ങളുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാനാകും. 

ഇവിടെ രണ്ട് കണികകള്‍ മൈലുകള്‍ അകലെയാണെങ്കിലും, ഒന്നിന് സംഭവിക്കുന്നത് മറ്റൊന്നിനെ തല്‍ക്ഷണം ബാധിക്കുന്ന തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് ഒന്നിന്റെ സ്വഭാവം മാറ്റുന്നതനുസരിച്ച് മറ്റൊന്നിന്റെ സ്വഭാവവും മാറും. ഈ രീതി ഉപയോഗിച്ചുള്ള ആശയവിനിമയമാണ് ക്വാണ്ടം കമ്മ്യൂണിക്കേഷന്‍. ക്വാണ്ടം നെറ്റ്‌വര്‍ക്ക്, ക്വാണ്ടം ഇന്റര്‍നെറ്റ്, ക്വാണ്ടം സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലെ വികസനത്തിന് പരീക്ഷണവിജയം വഴിതെളിയിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  പരീക്ഷണവിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഗവേഷകരെ അഭിനന്ദിച്ചു. ഭാവിയിലെ യുദ്ധരീതികളെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തമാണ് ഗവേഷകര്‍ നടത്തിയതെന്ന് അദ്ദേഹം കുറിച്ചു. 

നിലവിലെ ഹാക്കിങ് രീതികള്‍ക്ക് ക്വാണ്ടം കമ്മ്യൂണിക്കേഷനിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല. അതിനാല്‍ എന്‍ക്രിപ്റ്റഡ് ഡാറ്റാ കൈമാറ്റം സുരക്ഷിതമായി നടത്താനാകും. പ്രതിരോധം, ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ രംഗത്തെ ഭാവി ആശയവിനിമയ രീതിയായാണ് ഇതിനെ വിലയിരുത്തുന്നത്. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് കൂടുതല്‍ സുരക്ഷിതമായി മാറും. ആശയവിനിമയത്തിന് കേബിളുകളും വലിയ അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന രീതി അപ്രസക്തമാകും. ആശയവിനിമയം കൂടുതല്‍ ചെലവുകുറഞ്ഞതായി മാറും. ഏത് ദുര്‍ഘടമായ സ്ഥലത്തും തടസമില്ലാതെ വിവര കൈമാറ്റം സാധ്യമാകും. 

Content Highlights: India`s DRDO & IIT Delhi successfully tested quantum communication technology,