ഡേറ്റാ സെന്ററുകൾ ഉയർത്തുന്ന ഭീഷണി: ബദൽ മാർഗങ്ങളുണ്ടോ? അവ സുരക്ഷിതമോ?

#എം ബഷീര്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഡേറ്റാ സെന്ററുകൾ ഭാവിലോകത്തിന് ഒഴിച്ചുകൂടാനാകാത്തതായി കണക്കാക്കുമ്പോൾത്തന്നെ ജനകീയ പ്രശ്‌നങ്ങൾക്കുനേരേ മുഖംതിരിക്കാനും ഭരണകൂടങ്ങൾക്കു കഴിയില്ല. ബദൽവഴികൾ വികസിപ്പിച്ചുമാത്രമേ പ്രശ്‌ന പരിഹാരമുണ്ടാക്കാനാകൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

വൻകിട ഡേറ്റാ സെന്ററുകളെന്നത് അനിവാര്യമാണെന്നതിനാൽത്തന്നെ പ്രതിസന്ധികളെ മറികടക്കാനുള്ള ആശയങ്ങളാണ് ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വെള്ളവും വൈദ്യുതിയുംവേണ്ടാത്ത, നിലവിലുള്ളവയെക്കാൾ ശക്തമായ സംവിധാനമൊരുക്കാനുള്ള ആലോചനകളാണ് അവരെ കടലിനെക്കുറിച്ചും ആകാശത്തെപ്പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഈ ബദൽമാർഗങ്ങളൊരുക്കാനുള്ള തുടക്കമെന്നനിലയിൽ സ്വകാര്യകമ്പനികൾ ഉൾപ്പെടെ പരീക്ഷണങ്ങൾ ആരംഭിക്കുകയുംചെയ്തു. മൈക്രോസോഫ്റ്റിന്റെ പ്രോജക്ട് നാറ്റിക്, ഗൂഗിളിന്റെ പ്രോജക്ട് സൺകാച്ചർ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

സമുദ്രത്തിനടിയിലെ ഡേറ്റാ സെന്ററുകൾ

സമുദ്രത്തിനടിയിൽ ഡേറ്റാ സെന്ററുകൾ സ്ഥാപിച്ചാൽ അവ തണുപ്പിക്കാൻ കടൽവെള്ളം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. അലകളുടെ ഉയർച്ചതാഴ്ചകൾകൊണ്ട് ടർബൈൻ പ്രവർത്തിപ്പിച്ച് വൈദ്യുതോത്പാദനവും സാധ്യമാകും. സമുദ്രത്തിലെ ഡേറ്റാ സെന്ററുകളെ ഉപഗ്രഹങ്ങളുമായി ബന്ധിച്ച്, നിർമിതബുദ്ധി അടിസ്ഥാനമാക്കി ഇവയുടെ പ്രവർത്തനം സാധ്യമാക്കാമെന്നതുസംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുന്നു. സെർവറുകൾ തണുപ്പിക്കാൻ ആവശ്യമായ ചെലവ് 30-40 ശതമാനംവരെ കുറയ്ക്കാനാകുമെന്നും പഠനങ്ങൾ പറയുന്നു.

മൈക്രോസോഫ്റ്റിന്റെ 'പ്രോജക്ട് നാറ്റിക്' സ്‌കോട്ട്ലൻഡ് തീരത്ത് കടലിനടിയിൽ ഡേറ്റാ സെന്റർ സംവിധാനമൊരുക്കി നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. സെർവറുകൾ കേടാകുന്നതുപോലും കരയിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കിലാണെന്നും അവർ കണ്ടെത്തി. ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കടലിനടിയിൽ വലിയ ഡേറ്റാ സെന്റർ ശൃംഖലകൾ സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നുണ്ട്. സബ്സീ പോലുള്ള കമ്പനികളും ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നു. കടലിനടിയിൽ ഇത്തരത്തിൽ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നത് ഊർജപ്രതിസന്ധിയും ജലദൗർലഭ്യവും ഒഴിവാക്കാനുള്ള ബദൽമാർഗമായി അംഗീകരിക്കപ്പെടുന്നുണ്ട്.

പോർട്ട്ലൻഡ് കേന്ദ്രമായുള്ള പാന്തലാസ്സ എന്ന സ്റ്റാർട്ടപ്പ് കടലിലെ ഡേറ്റാ സെന്ററിന്റെ പരീക്ഷണത്തിലാണ്. 140 ദശലക്ഷം ഡോളറാണ് അവർ ഇതിനായി നിക്ഷേപിക്കുന്നത്. അവരുടെ ഡേറ്റാ സെന്റർ മൊഡ്യൂളിന്റെ നീളം 85 മീറ്ററാണ്. ഇതിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലുമാണ്. അതുകൊണ്ടുതന്നെ ഇതിലെ ശീതീകരണമെന്നത് സ്വാഭാകമായും കടൽവെള്ളത്തെ ആശ്രയിച്ചുതന്നെ. തിരയിളക്കത്തിന് അനുസൃതമായി നിർമിതിയും ചലിക്കുമെന്നതിനാൽ അതിലെ ടർബൈൻ പ്രവർത്തിച്ച് എ.ഐ. ചിപ്പുകൾക്ക് ആവശ്യമായ വൈദ്യുതിയും ലഭ്യമാക്കുന്നു.

കടൽ ശാന്തമായാലും ക്ഷോഭത്തിലായാലും ആ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാനാകുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പനയും. ഡേറ്റാ സെന്റർ കടലിൽനിന്ന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. കടൽവെള്ളം പരിമിതിയില്ലാത്ത കൂളിങ് ലഭ്യമാക്കുമ്പോൾ തിരമാലകൾ പരിധിയില്ലാത്ത വൈദ്യുതിയും ലഭ്യമാക്കുന്നു.

ചൈനയാകട്ടെ, ഷങ്ഹായിൽ സബ്മറീൻ ഗ്രേഡ് കാപ്സൂളിൽ രണ്ടായിരത്തോളം സെർവറുകൾ 35 മീറ്റർ ആഴത്തിൽ കടലിൽ നിക്ഷേപിച്ചു. ചൈനാ ടെലികോമിന്റെ എ.ഐ. ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ഡേറ്റാ സെന്ററുകളുടെ തണുപ്പിക്കലിന് ആവശ്യമായ തുകയുടെ 80 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആകാശവും അതിരല്ല

ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂമിയുടെ ലഭ്യതക്കുറവും അമിത വൈദ്യുതി, ശുദ്ധജല ഉപഭോഗം എന്നിവയും വിലങ്ങുതടിയാകുമ്പോൾ ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ബഹിരാകാശത്തുതന്നെ ഡേറ്റാ സെന്ററുകൾ സ്ഥാപിച്ചേക്കും. ഇതിന്റെ ആദ്യപടിയായുള്ള പരീക്ഷണങ്ങൾ അടുത്തവർഷംതന്നെ ആരംഭിക്കുമെന്നാണ് ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ വ്യക്തമാക്കിയിരിക്കുന്നത്. മെഷീനുകളുടെ ചെറിയ റാക്കുകൾ ബഹിരാകാശത്ത് എത്തിക്കുന്ന നടപടികൾക്കാകും തുടക്കമിടുക.

ഭൂമിയിൽ ലഭ്യമാകുന്നതിനെക്കാൾ 100 ലക്ഷം കോടി മടങ്ങ് ഊർജം ബഹിരാകാശത്ത് സൂര്യപ്രകാശത്തിൽനിന്ന് ലഭ്യമാകുമെന്നിരിക്കേ ആ സാധ്യത പ്രയോജനപ്പെടുത്താനാണ് വൻകിട കമ്പനികൾ ശ്രമിക്കുന്നത്. അടുത്തവർഷം പരീക്ഷണങ്ങൾക്ക് തുടക്കമിട്ടാൽത്തന്നെ ഒരു പത്തുവർഷത്തിനുള്ളിൽ ബഹിരാകാശത്തെ ഡേറ്റാ സെന്റർ എന്നത് സാധ്യമാകുമെന്നാണ് സുന്ദർ പിച്ചൈയുടെ പ്രതീക്ഷ.

ഓർബിറ്റൽ കംപ്യൂട്ടിങ്

ബഹിരാകാശത്ത് സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സ്റ്റാർ ക്ലൗഡ് കഴിഞ്ഞവർഷം അവസാനം ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. ഏറ്റവും ശക്തിയേറിയ പ്രോസസറുകളിലൊന്നായ എൻവിഡിയ എച്ച്.100 ചിപ്പാണ് ആ ഉപഗ്രത്തിലുൾപ്പെടുത്തിയത്. ഇത് സ്റ്റാർക്ലൗഡ് ഭ്രമണപഥത്തിലെത്തിച്ച ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ചിപ്പുകൾ ബഹിരാകാശത്തെത്തിച്ച് അവയെ കൂട്ടിയോജിപ്പിച്ച് വൻകിട കംപ്യൂട്ടിങ് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭൂമിയിൽനിന്നുള്ള പ്രോംപ്റ്റുകൾ ലേസർ ലിങ്കുകൾ വഴി ബീം ചെയ്ത്, ഉപഗ്രഹങ്ങൾക്കുള്ളിലുള്ള എ.ഐ. ചിപ്പുകൾ വഴി പ്രോസസ് ചെയ്യും. 'ഓർബിറ്റൽ കംപ്യൂട്ടിങ്' എന്ന് ഇതിനെ വിളിക്കാവുന്നതുമാണ്. ഇതിനായി ഊർജംപകരുന്നത് സൗരോർജ പാനലുകളുടെ വിപുലമായ ശൃംഖലയാകും. ഉപഗ്രഹങ്ങൾ ഒരുമിച്ചുചേർന്ന് ഒരു ലിങ്ക്ഡ് നെറ്റ്വർക്ക് സാധ്യമാക്കുകയാവും ചെയ്യുക.

അന്തരീക്ഷമില്ലാത്ത ബഹിരാകാശത്ത് ഉപഗ്രഹങ്ങൾക്ക് മേഘങ്ങളോ രാത്രിയോ തടസ്സമാകാതെ മുഴുവൻ സമയവും സൂര്യപ്രകാശത്തിൽനിന്ന് ആവശ്യത്തിന് വൈദ്യുതി നിർമിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കൂടാതെ, സ്റ്റാർഷിപ്പ് പോലുള്ള വലിയ പുനരുപയോഗ റോക്കറ്റുകൾ വന്നതോടെ കംപ്യൂട്ടർ സെർവറുകൾ ഭ്രമണപഥത്തിലെത്തിക്കുന്നത് എളുപ്പവുമായി.

ഈ രംഗത്ത് ഐ.എസ്.ആർ.ഒ.യുടെ പുനരുപയോഗ റോക്കറ്റ് പദ്ധതിക്കും വലിയ സാധ്യത കല്പിക്കപ്പെടുന്നു. ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിയിലേക്ക് അയച്ച് പ്രോസസ് ചെയ്യുന്നതിനുപകരം ബഹിരാകാശത്തുവെച്ചുതന്നെ നിർമിതബുദ്ധി ഉപയോഗിച്ച് വിശകലനംചെയ്യാനും ഇതിലൂടെ കഴിയും. ഇത്തരം നീക്കങ്ങൾ ഭൂമിയിൽ സ്ഥാപിക്കുന്ന ഡേറ്റാസെന്ററുമായി ബന്ധപ്പെട്ട് മനുഷ്യൻ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുമെന്നാണു കരുതുന്നത്.

ബദൽ പദ്ധതികൾക്ക് വെല്ലുവിളികളേറെ

കടലിനടിയിൽ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിൽ വലിയ വെല്ലുവിളികളുണ്ട്. ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണി നടത്താനുള്ള ബുദ്ധിമുട്ടും സമുദ്ര ആവാസവ്യവസ്ഥയെ ഡേറ്റാ സെന്ററുകളിൽനിന്നുള്ള ചൂട് ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ബഹിരാകാശത്താകട്ടെ, സെർവറുകളുടെ ചൂട് പുറന്തള്ളാനുള്ള പ്രയാസവും വിദ്യുത്കാന്തിക തരംഗങ്ങളും റോക്കറ്റ് വിക്ഷേപണച്ചെലവും വെല്ലുവിളികളാണ്. ഇത്തരം പദ്ധതികൾക്കുള്ള വൻ ചെലവുകൾ ഇവയുടെ വളർച്ചയ്ക്ക് വലിയ തടസ്സമുണ്ടാക്കിയേക്കും.

ഡേറ്റാ സെന്ററുകൾ എന്നത് ഭാവിലോകത്തിന് ഒഴിച്ചുകൂടാനാകാത്തതായി കണക്കാക്കുമ്പോൾത്തന്നെ ജനകീയപ്രശ്‌നങ്ങൾക്കുനേരേ മുഖംതിരിക്കാനും ഭരണകൂടങ്ങൾക്കു കഴിയില്ല. ജനവാസമേഖലയിൽനിന്ന് അകലെയെങ്കിൽപ്പോലും ഭൂമിയിൽ ഡേറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിൽ വിവിധ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുണ്ട്. ശബ്ദമലിനീകരണവും ജലസ്രോതസ്സുകളുടെ നാശവും വൈദ്യുതിപ്രതിസന്ധിയുമൊക്കെയാണ് പ്രതിഷേധങ്ങൾക്കു വഴിയൊരുക്കുന്നത്. ഇതിനു പ്രതിവിധിയുമായി വൻകിടകമ്പനികൾ രംഗത്തുണ്ടെങ്കിലും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് തടസ്സമുണ്ടായേക്കാമെന്നത് ജനങ്ങളെ പ്രതിഷേധങ്ങളിലേക്കു നയിക്കുകയാണ്. അടിസ്ഥാനപ്രശ്‌നമായ ശുദ്ധജലലഭ്യതക്കുറവ് പരിഹരിക്കാൻ ലിക്വിഡ് ലൂപ്പ് കൂളിങ്, കടലിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കൽ, എയർ കൂളിങ് തുടങ്ങിയവയിലേക്ക് വൻകിടകമ്പനികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

ചൈനയിലെ ഉലാൻക്വാബിൽ 'എൻവിഷൻ' ഡേറ്റാ സെന്ററിൽ ഇൻഡസ്ട്രിയൽ ആൾക്കഹോളാണ് കൂളിങ്ങിനായി ഉപയോഗിക്കുന്നത്. 300 മെഗാവാട്ട് കംപ്യൂട്ടർ പവറിന്റെ ഡേറ്റാ സെന്ററിൽ ഒരു ബാത്ത് ടബിൽ കൊള്ളാനുള്ള വെള്ളം മാത്രമേ കൂളിങ്ങിനായി ഉപയോഗിക്കേണ്ടിവരുന്നുള്ളൂവെന്നാണ് വാദം.

ഭാവിയിലെ ജല, ഊർജ ഉപഭോഗം ദീർഘദർശനംചെയ്യുമ്പോൾ, ബദൽമാർഗങ്ങൾ വികസിപ്പിച്ചുമാത്രമേ പ്രശ്‌നപരിഹാരമുണ്ടാക്കാനാകൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിന് ശാസ്ത്രം വഴികാട്ടാതിരിക്കില്ല.

(അവസാനിച്ചു)

ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാം

Content Highlights: Tech outages highlight the pressing need for alternative data center infrastructures., Underwater data centers utilize ocean water for natural cooling and wave energy for power., Microsoft's Project Natick and startups like Pantalassa are pioneering ocean-based server solutions., Google plans to test space-based data centers to harness abundant solar energy and bypass terrestrial resource limits., Orbital computing aims to process AI workloads in space using laser links and solar-powered satellites.