ദശാബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്ന് ഞായറാഴ്ച രാത്രി; എങ്ങനെ കാണാം?

പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തി സെപ്റ്റംബര്‍ 7-8 തീയതികളിലെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ കൃത്യമായി വരുകയും ചന്ദ്രന്റെ ഉപരിതലത്തില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് അപൂര്‍വമായ ആകാശവിസ്മയം സംഭവിക്കുന്നത്.  ഇത് ചന്ദ്രന് ചുവപ്പും ഓറഞ്ചും കലര്‍ന്ന ആകര്‍ഷകമായ ഒരു തിളക്കം നല്‍കും. ബ്ലഡ് മൂണ്‍ പ്രഭാവം എന്നറിയപ്പെടുന്ന ഈ ചുവപ്പ് നിറത്തിന് കാരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മിയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വെളിച്ചം ചിതറിപ്പോകുകയും, തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പ് രശ്മികള്‍ ചന്ദ്രനിലേക്ക് വളയുകയും ചെയ്യുന്നതാണ്.

ഗ്രഹണത്തിന്റെ പൂര്‍ണ്ണദശാഘട്ടം 82 മിനിറ്റ് നീണ്ടുനില്‍ക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നായി മാറും. സമീപ വര്‍ഷങ്ങളില്‍ ഉണ്ടായതില്‍വെച്ച് ഏറ്റവും വ്യാപകമായി കാണാന്‍ കഴിയുന്ന ഗ്രഹണങ്ങളില്‍ ഒന്നാണിത്. തെളിഞ്ഞ ആകാശമുള്ള എവിടെ നിന്നും ഇത് ദൃശ്യമാകും. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് ദൃശ്യമാകില്ല, എന്നാല്‍ ലോകജനസംഖ്യയുടെ ഏകദേശം 85% പേര്‍ക്ക് ഇതിന്റെ ഒരു ഭാഗമെങ്കിലും കാണാന്‍ കഴിയും. ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും നിരവധി രാജ്യങ്ങളില്‍ ഈ ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഒരു ഭാഗം ദൃശ്യമാകും.

ഇന്ത്യയില്‍ എവിടെയെല്ലാം കാണാം

  • ദക്ഷിണേന്ത്യ: ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി
  • ഉത്തരേന്ത്യ: ഡല്‍ഹി, ചണ്ഡീഗഡ്, ജയ്പൂര്‍, ലഖ്നൗ
  • പടിഞ്ഞാറന്‍ ഇന്ത്യ: മുംബൈ, അഹമ്മദാബാദ്, പൂനെ
  • കിഴക്കന്‍ ഇന്ത്യ: കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി
  • മധ്യ ഇന്ത്യ: ഭോപ്പാല്‍, നാഗ്പൂര്‍, റായ്പൂര്‍

നഗരത്തിലെ വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളില്‍നിന്ന് അകലെയുള്ള മേല്‍ക്കൂരകള്‍, ടെറസുകള്‍, വയലുകള്‍, പാര്‍ക്കുകള്‍ എന്നിവയാണ് കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍. 

ഇന്ത്യയിലെ പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയം:

  • ഗ്രഹണത്തിന്റെ പൂര്‍ണ്ണദശാഘട്ടം 82 മിനിറ്റ് നീണ്ടുനില്‍ക്കും.
  • ഗ്രഹണം ആരംഭിക്കുന്നത്: രാത്രി 8:58 (IST) (സെപ്റ്റംബര്‍ 7)
  • പൂര്‍ണ്ണദശ (ബ്ലഡ് മൂണ്‍ ഘട്ടം): രാത്രി 11:00 (IST) മുതല്‍ പുലര്‍ച്ചെ 12:22 (IST) വരെ
  • ഗ്രഹണം അവസാനിക്കുന്നത്: പുലര്‍ച്ചെ 2:25 (IST) (സെപ്റ്റംബര്‍ 8)

സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി ഇത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണുന്നത് തീര്‍ത്തും സുരക്ഷിതമാണ്. സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമില്ല. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍, ചുവപ്പ് നിറത്തിന്റെ വ്യതിയാനങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കാണാന്‍ ബൈനോക്കുലറുകളോ ടെലിസ്‌കോപ്പോ ഉപയോഗിക്കാം.
 

Content Highlights: Witness the spectacular Blood Moon on Sep 7-8, 2025