ഹാരപ്പയേക്കാൾ പഴക്കം, 5000 വർഷം പഴക്കമുള്ള മനുഷ്യനിർമിത ദ്വീപ് കണ്ടെത്തി

സ്കോട്ട്ലൻഡിലെ ഒരു തടാകത്തിൽ 5000 വർഷം പഴക്കമുള്ള ഒരു കൃത്രിമ ദ്വീപിന്റെ തടികൊണ്ടുള്ള അടിത്തറ കണ്ടെത്തി. ചരിത്രാതീത കാലത്തെ മനുഷ്യരുടെ നിർമാണ വൈദഗ്ധ്യമാണ് ഈ കണ്ടെത്തലിലൂടെ വെളിപ്പെടുന്നത്.
ഒറ്റ നോട്ടത്തിൽ ഇത് തടാകത്തിനടിയിൽ കുറേ കല്ലുകൾ കൂട്ടിയിട്ടതായാണ് തോന്നുക. എന്നാൽ ഇതിൽ കൂടുതൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സതാംപ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അമ്പരപ്പിക്കുന്ന രഹസ്യങ്ങൾ കണ്ടെത്തിയത്.
ഈ കല്ലുകൾക്കടിയിൽ വലിയ വൃത്തത്തിലുള്ള മരത്തിൽ നിർമിച്ച ഒരു തട്ടുണ്ടായിരുന്നു. 75 അടി വീതിയുണ്ട് ഇതിന്. ചരിത്രാതീത കാലത്തെ മനുഷ്യർ അതീവ ശ്രദ്ധയോടെയാണ് ഈ മരത്തടികൾ നിരത്തിവെച്ചത്. അതിന് മുകളിലായി ചെറിയ ചുള്ളിക്കമ്പുകളും മറ്റും നിരത്തി ശക്തമായ അടിത്തറ ഒരുക്കി.
ഏകദേശം 5,000 വർഷങ്ങൾക്ക് മുൻപ് ശിലായുഗത്തിന്റെ (Neolithic period) അവസാന ഘട്ടത്തിലാണ് അവർ ഇത് നിർമിച്ചത്. അതിനുശേഷം ഏകദേശം 2,000 വർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യർ കൂടുതൽ പാളികൾ കൂട്ടിച്ചേർക്കുകയും കല്ലുകൾകൊണ്ട് അത് മൂടുകയും ചെയ്തു. ഈ ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് പണ്ട് തീരത്തുനിന്ന് ഒരു കൽപ്പാത ഈ ദ്വീപിലേക്കുണ്ടായിരുന്നുവെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്.
ഈ കൃത്രിമ ദ്വീപുകൾ 'ക്രാനോഗുകൾ' (crannogs) എന്നാണ് അറിയപ്പെടുന്നത്. സ്കോട്ട്ലൻഡിലുടനീളം ഇത്തരം നൂറുക്കണക്കിന് ദ്വീപുകൾ നിലവിലുണ്ടെങ്കിലും, അവയ്ക്കൊന്നും ഇപ്പോൾ കണ്ടെത്തിയ ദ്വീപിനോളം പഴക്കമില്ല. അതായത് ഇത്തരം ദ്വീപുകൾ ബി.സി.ഇ. 3800-നും 3300-നും ഇടയിൽ തന്നെ നിർമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഈ പുതിയ തെളിവ് സാക്ഷ്യപ്പെടുത്തുന്നത്.
വർഷങ്ങളായി, കല്ലുകൾ നിറഞ്ഞ ഈ ദ്വീപിനെക്കുറിച്ചും ചുറ്റുമുള്ള വെള്ളത്തിൽനിന്ന് കണ്ടെത്തിയ പുരാതന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളെക്കുറിച്ചും ആളുകൾക്ക് അറിവുണ്ടായിരുന്നു. പൊട്ടിയ ഈ പാത്രങ്ങളും ഭരണികളും വളരെക്കാലം മുൻപുള്ള മനുഷ്യസാന്നിധ്യത്തിന്റെ സൂചനകൾ നൽകിയെങ്കിലും, ഘടനയുടെ ഭൂരിഭാഗവും ആഴം കുറഞ്ഞതും ചെളിനിറഞ്ഞതുമായ വെള്ളത്തിനടിയിൽ കിടന്നിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക പ്രയാസകരമായിരുന്നു.
ഇതിനായി ഒരു മുങ്ങൽ വിദഗ്ധന്റെ സഹായത്തോടെ പ്രത്യേകം ക്യാമറകൾ ഉപയോഗിച്ച് വെള്ളത്തിന്റെ അടിത്തട്ടിന്റെ ത്രിഡി മാതൃകകൾ നിർമിച്ചു. വെള്ളത്തിനടിയിൽ കൃത്യമായി ഖനനങ്ങൾ നടത്താൻ ഇത് പര്യവേക്ഷണ സംഘത്തെ സഹായിച്ചു. കൂടാതെ, റേഡിയോകാർബൺ പരിശോധനയിലൂടെ മരത്തടികളുടെ പഴക്കം ഉറപ്പാക്കി.
പ്രധാനപ്പെട്ട എന്തോ കാര്യത്തിനാണ് ഈ ക്രാനോഗ് നിർമിച്ചതെന്നാണ് കരുതുന്നത്. എങ്കിലും യഥാർത്ഥ ലക്ഷ്യം വ്യക്തമല്ല.
ഈ ക്രാനോഗ് മിക്കവാറും ഇത് നിർമിച്ച ആളുകൾക്ക് ഒരു പ്രധാന സ്ഥലമായിരുന്നിരിക്കാം. ഇത് നൂറ്റാണ്ടുകളോളം ഒത്തുചേരലുകൾക്കോ സദ്യകൾക്കോ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾക്കോ വേണ്ടി ഉപയോഗിച്ചിട്ടുണ്ടാവാം എന്നാണ് ചിതറിക്കിടക്കുന്ന മൺപാത്രങ്ങൾ സൂചിപ്പിക്കുന്നത്. വളരെ കാലം ഈ ദ്വീപ് മനുഷ്യസമൂഹം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വിദഗ്ധർ വിശ്വസിക്കുന്നു.
Content Highlights: Discovery of a 5000-year-old wooden foundation for an artificial island in Scotland., Identified as a 'crannog' dating back to the late Neolithic period (3800-3300 BCE)., Utilized advanced 3D underwater modeling and radiocarbon dating for confirmation., Evidence of long-term human activity including pottery remnants and ritual gatherings., Challenges previous timelines regarding the construction of prehistoric island structures.