രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താം; കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ച് BRIC-RJCB ഗവേഷകര്‍

തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗകോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ബ്രിക്-ആര്‍ജിസിബി) ഗവേഷകര്‍.
അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിര്‍ണയത്തിനും ഇതു സഹായിക്കും. കാന്‍സര്‍ മരുന്ന് നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാമെന്നും നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിക്-ആര്‍ജിസിബി ഫാക്കല്‍റ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആര്‍. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിപിപോര്‍എ എന്ന കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ വികസിപ്പിച്ചത്.
സിന്തറ്റിക് പെപ്റ്റൈഡുകളില്‍ നിന്നാണ് ശരീരകോശങ്ങളിലെ സ്തരങ്ങളില്‍ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകള്‍ നിര്‍മിച്ചത്.
ഈ സിന്തറ്റിക് പെപ്റ്റൈഡുകള്‍ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷകര്‍ പഠനവിധേയമാക്കി. കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ കാന്‍സര്‍കോശങ്ങളെ തിരഞ്ഞെടുത്തു നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. അതിനാല്‍ത്തന്നെ സിന്തറ്റിക് സുഷിരങ്ങളെ കാന്‍സര്‍ ചികിത്സാമാര്‍ഗമായി വികസിപ്പിക്കാന്‍ കഴിയും.
നൂതന കൃത്രിമ മിറര്‍-ഇമേജ് നാനോപോറുകള്‍ ഉപയോഗിച്ച് ശരീരത്തിലെ ചെറിയ ഗ്ലൂക്കോസ് തന്‍മാത്രകള്‍മുതല്‍ വലിയ പ്രോട്ടീനുകള്‍ വരെയുള്ളവ കണ്ടെത്താന്‍ കഴിയുമെന്ന് ഡോ. കെ.ആര്‍. മഹേന്ദ്രന്‍ പറഞ്ഞു. കാന്‍സര്‍, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി പഠനഫലങ്ങള്‍ വികസിപ്പിക്കാനാകും. സിന്തറ്റിക് നാനോടെക്നോളജി, കാന്‍സര്‍ ബയോളജി എന്നിവ സംയോജിപ്പിച്ച് രോഗനിര്‍ണയം സാധ്യമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Rajiv Gandhi Centre for Biotechnology develops mirror-image nanopores to detect disease molecules and destroy cancer cells, aiding early diagnosis of Alzheimer`s, Parkinson`s