മുടികൊഴിച്ചിലിന് ഫലപ്രദമായ ചികിത്സ കണ്ടെത്തി ഗവേഷകര്‍, എലികളില്‍ പരീക്ഷണം വിജയം

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

അസാധാരണമായ മുടികൊഴിച്ചില്‍ ചിലരെയെങ്കിലും വല്ലാതെ പ്രയാസപ്പെടുത്താറുണ്ട്. മുടികൊഴിച്ചില്‍ തടയാന്‍ എന്താണ് ഫലപ്രദമായ മാര്‍ഗം എന്നചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഒറ്റമൂലികളടക്കം ഫലിക്കാതെ വരുന്നതോടെ പലരും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് അടക്കമുള്ളവയെയാണ് ആശ്രയിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് സ്‌പെയിനിലെ മാഡ്രിഡില്‍നിന്ന് വരുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും സാധാരണയായി കണ്ടുവരുന്ന ആന്‍ഡ്രോജെനെറ്റിക് അലോപേഷ്യ എന്ന മുടികൊഴിച്ചിലിന് ഫലപ്രദമായ പുതിയ ചികിത്സ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

മാഡ്രിഡിലെ സാന്‍ കാര്‍ലോസ് ക്ലിനിക്കല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് കൊഴുപ്പില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്റ്റെം സെല്ലുകളും ഊര്‍ജ തന്മാത്രയായ അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റും (എടിപി) ചേര്‍ത്തുള്ള ചികിത്സാരീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചികിത്സയ്ക്കുശേഷം എലികളില്‍ ശ്രദ്ധേയമായ രീതിയില്‍ മുടി വളര്‍ന്നതായി സ്റ്റെം സെല്‍ റിസര്‍ച്ച് ആന്‍ഡ് തെറാപ്പിയില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. ചികിത്സയ്ക്ക് വിധേയരായ എല്ലാ ആണ്‍ എലികള്‍ക്കും മുടി തിരികെ വളര്‍ന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. പകുതിയോളം എലികളില്‍ പൂര്‍ണ്ണമായ വളര്‍ച്ചയും ബാക്കിയുള്ളവയില്‍ കാര്യമായ വളര്‍ച്ചയും ഉണ്ടായി. പെണ്‍ എലികളില്‍, 90 ശതമാനം എലികളില്‍ കാര്യമായതോ പൂര്‍ണ്ണമായതോ ആയ മുടിവളര്‍ച്ച ഉണ്ടായി.

സ്റ്റെം സെല്ലുകളുടെ പുനരുജ്ജീവന ശേഷിയെ എടിപി നല്‍കുന്ന ഊര്‍ജ്ജവുമായി സംയോജിപ്പിച്ച് രോമകൂപങ്ങളുടെ വീണ്ടെടുപ്പിനെ സഹായിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് രീതി. ഇത് മുടി വളര്‍ച്ച ഉത്തേജിപ്പിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എഡ്വാര്‍ഡോ ലോപ്പസ് ബ്രാന്‍ വിശദീകരിക്കുന്നു. ഈ കണ്ടെത്തലുകള്‍ മനുഷ്യരിലെ പരീക്ഷണങ്ങളില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. എങ്കിലും മുടികൊഴിച്ചിലിനെതിരായ പോരാട്ടത്തില്‍ ഈ പഠനം ഒരു വഴി തുറക്കുന്നു. ഭാവിയില്‍ മുടികൊഴിച്ചില്‍ അനുഭവിക്കുന്നവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും അവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന പുതിയ ചികിത്സ നമുക്ക് നല്‍കാന്‍ കഴിയും -ബ്രാന്‍ ദി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

ഇതൊരു ആവേശകരമായ മുന്നേറ്റമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും കൃത്യമായ ഫലം നേടാന്‍ നിരവധി നടപടിക്രമങ്ങള്‍ ആവശ്യമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ശസ്ത്രക്രിയ നടത്തി പരിചയമില്ലാത്ത
ഒരു ഡോക്ടറുടെ അടുത്ത് പോയി ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ആശങ്കാജനകമായ പ്രവണതപോലും കണ്ടുവരുന്നുണ്ടെന്ന് ടെക്‌സസിലെ ഫേഷ്യല്‍ പ്ലാസ്റ്റിക് സര്‍ജനും ഹെയര്‍ റീസ്റ്റോറേഷന്‍ വിദഗ്ദ്ധനുമായ ഡോ. സാമുവല്‍ ലാം പറയുന്നു. ഇത്തരം രീതികള്‍ തുര്‍ക്കിയില്‍ വ്യാപകമാണ്. അവിടെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയുടെ ചെലവ് താരതമ്യേന കുറവായതിനാല്‍ ഇത്തരം തെറ്റായ പ്രവണതകള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. യുഎസിലും ഇത്തരം രീതികള്‍ വ്യാപകമാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: researchers found treatment for hair loss, successful in mice