ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു, 24 പരീക്ഷണങ്ങൾ- ദൗത്യം പൂർത്തിയാക്കി പോയെം-4 തിരിച്ചെത്തി

ബെംഗളൂരു: സ്‌പെയ്ഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പോയെം-4 (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂള്‍) ഭൂമിയില്‍ പതിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.33-ന് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പേടകഭാഗം പതിച്ചത്. ബഹിരാകാശമാലിന്യം കുറയ്ക്കുന്നതില്‍ ഐഎസ്ആര്‍ഒയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് പോയെം-4-ന്റെ സുരക്ഷിതമായ തിരിച്ചിറക്കല്‍.ഉപയോഗ ശൂന്യമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ബഹിരാകാശ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനായുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗംകൂടിയാണ് ഈ പ്രക്രിയ.
മൂന്നുമാസംകൊണ്ട് പോയെം-4 ആയിരത്തിലേറെത്തവണയാണ് പേടകം ഭൂമിയെ ഭ്രമണം ചെയ്തത്. ഡിസംബര്‍ 30-ന് സ്‌പെയ്സ് ഡോക്കിങ് പരീക്ഷണത്തിനുള്ള രണ്ട് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി-സി 60 വിക്ഷേപണവാഹനത്തിന്റെ മുകള്‍ഭാഗമാണ് പോയെം-4.
ഉപഗ്രഹങ്ങളെ 475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചശേഷം പോയെം, താഴ്ന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റിവരുകയായിരുന്നു. പോയെമിലെ 24 പേലോഡുകളും ഉദ്ദേശിച്ച പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഐഎസ്ആര്‍ഒയുടെ 14 പേലോഡുകളും വിവിധ സ്ഥാപനങ്ങളുടെ 10 പേലോഡുകളുമാണ് ഉണ്ടായിരുന്നത്. ഗുരുത്വാകര്‍ഷണബലമില്ലാത്ത ബഹിരാകാശത്ത് പയര്‍വിത്തുകള്‍ മുളപ്പിച്ചതാണ് പ്രധാന നേട്ടങ്ങളിലൊന്ന്.
തിരിച്ചിറക്കം ഇങ്ങനെ
ഐഎസ്ആര്‍ഒയുടെ റഡാര്‍ സംവിധാനങ്ങളും യുണൈറ്റഡ് സ്‌പെയ്‌സ് കമാന്‍ഡ് സംവിധാനങ്ങളും പോയെമിനെ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചുകൊണ്ടുവരാന്‍ ഈ സംവിധാനങ്ങള്‍ സഹായകമായി പോയെം തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ശേഷിക്കുന്ന ഇന്ധനം നിര്‍ജീവമാക്കി. ക്രമേണ 174 കിമീ അകലെയുള്ള ഭ്രമണപഥത്തിലായി ഏപ്രില്‍ നാലിന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കടലില്‍ പതിപ്പിക്കുകയായിരുന്നു. 17 വര്‍ഷം മുമ്പ് വിക്ഷേപിച്ച വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ തിരിച്ചെത്തിച്ചിരുന്നു.
Content Highlights: ISRO`s POEM-4, launched with the SpaceX mission, successfully re-entered Earth