മസ്കിന്റെ ന്യൂറാലിങ്കിനൊരു എതിരാളി! മനുഷ്യമസ്തിഷ്കത്തില്‍ ഉപകരണം സ്ഥാപിച്ച് പാരാഡ്രോമിക്സ്

ടെക്സസിലെ ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോടെക് സ്റ്റാര്‍ട്ടപ്പായ പാരാഡ്രോമിക്സ് മനുഷ്യമസ്തിഷ്കത്തില്‍ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് (ബിസിഐ) ഉപകരണം വിജയകരമായി സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് അവര്‍ വികസിപ്പിച്ച ഉപകരണം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചത്. ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്കിന്റെ എതിരാളിയാണ് പാരാഡ്രോമിക്സ്
ന്യൂറാലിങ്ക് ഇതിനോടകം അവരുടെ ബിസിഐ ഉപകരണം ഒന്നിലധികം രോഗികളില്‍ സ്ഥാപിച്ച്, കംപ്യൂട്ടര്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതടക്കമുള്ള പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍, പാരാഡ്രോമിക്സിന്റെ കണെക്സസ് എന്ന ഉപകരണം മനുഷ്യ മസ്തിഷ്കത്തില്‍ സ്ഥാപിച്ചെങ്കിലും 10 മിനിറ്റിനുശേഷം അത് നീക്കംചെയ്തു. മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോ. മാത്യു വില്‍സിയുടെയും ഡോ. ഒറെന്‍ സാഗറിന്റെയും നേതൃത്വത്തിലുള്ള ടീമാണ് കണെക്സസ് വികസിപ്പിച്ചത്. 2025 മേയ് 14-നാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
2015-ല്‍ സിഇഒ മാറ്റ് ആംഗിള്‍ സ്ഥാപിച്ച പാരാഡ്രോമിക്സിന് ഈ നേട്ടം ഒരു നാഴികക്കല്ലാണ്. നട്ടെല്ലിന് ക്ഷതമേറ്റവര്‍, സ്ട്രോക്ക് ബാധിച്ചവര്‍, മറ്റ് രോഗങ്ങളാല്‍ ശരീരം തളര്ന്നവര് എന്നിവര്‍ക്ക് പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഉപകരണം നിര്‍മിക്കുകയാണ് പാരാഡ്രോമിക്സിന്റെ ലക്ഷ്യം. ന്യൂറല്‍ സിഗ്നലുകളെ സംസാരമായും ടെക്സ്റ്റായും കഴ്സര്‍ നിയന്ത്രണത്തിനായും പരിവര്‍ത്തനം ചെയ്യുന്നതിനാണ് ഈ ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Content Highlights: Austin-based Paradromics successfully implanted a brain-computer interface (BCI) in a human