അഭിമാനതാരകം! എക്സ്പെഡിഷൻ 74 ന്റെ ഭാഗമായി അനിൽ മേനോൻ ബഹിരാകാശ നിലയത്തിൽ

വാഷിങ്ടൺ: മലയാളിയുടെ ആകാശസ്വപ്നങ്ങൾക്ക് പുതുചിറകേകി, പാലക്കാട് കുടുംബവേരുകളുള്ള നാസാശാസ്ത്രജ്ഞനായ ഡോ. അനിൽമേനോൻ ബഹിരാകാശത്ത്. ബഹിരാകാശം കീഴടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടവുമായാണ് ഈ സ്വപ്നസഞ്ചാരം.
വെള്ള സ്പെയ്സ് സ്യൂട്ടണിഞ്ഞ് സഹയാത്രികർക്കൊപ്പം കോസ്‍മോഡ്രോമിൽനിന്ന് ബഹിരാകാശപേടകത്തിലേറുമ്പോൾ മൂന്നരക്കോടി മലയാളികളുടെ അഭിമാനം വാനോളമുയർന്നു. ഭാര്യ അന്നയുൾപ്പെടെ ചുറ്റുമുള്ളവരോട് അനിൽ കൈവീശി യാത്രപറഞ്ഞു. അത് സ്ക്രീനിൽക്കണ്ട ലോകമെമ്പാടുമുള്ള മലയാളികളും തിരിച്ച് മനസ്സിലെങ്കിലും ആശംസകൾ നേർന്നു. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശനിലയത്തിൽനിന്ന് ഇന്ത്യൻസമയം ചൊവ്വാഴ്ച രാത്രി 8.17-നാണ് അനിലും സംഘവും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) തിരിച്ചത്.
മുൻപ് ബഹിരാകാശത്തുപോയ പരിചയമുള്ള പ്യോത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും ഒപ്പമുണ്ട്. ദുബ്രോവാണ് മിഷൻ കമാൻഡർ. മൂന്നുമണിക്കൂർ യാത്രയ്ക്കുശേഷം രാത്രി 11.25-ഒാടെ ഐ.എസ്.എസിലെ പ്രിചാൽ മോഡ്യൂളുമായി ഡോക്കിങ്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ വാതിൽതുറന്ന് ഐ.എസ്.എസിലേക്കു പ്രവേശനം.
എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായുള്ള ഗവേഷണങ്ങൾക്കായി എട്ടുമാസം ഐ.എസ്.എസിൽ ചെലവിട്ടശേഷം 2027 ഏപ്രിലിൽ സംഘം ഭൂമിയിലേക്കുമടങ്ങും. ദീർഘകാല ബഹിരാകാശയാത്ര മനുഷ്യരിലുണ്ടാക്കുന്ന ശാരീരികമാറ്റങ്ങളെ സംബന്ധിച്ച ഗവേഷണങ്ങൾക്ക് 49-കാരനായ അനിൽ നേതൃത്വംനൽകും. അമേരിക്കയിലെ മിനിയാപോളിസിലാണ് അനിലിന്റെ ജനനം. അച്ഛൻ ശങ്കരൻമേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശി. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ. ഭാര്യ അന്നാ മേനോൻ സ്‌പെയ്സ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തു പോയിട്ടുണ്ട്. ജെയിംസ്, ഗ്രേസ് എന്നിവർ മക്കൾ.
എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറും എൻജിനിയറുമായ അനിൽ നാസയിലും സ്പേസ് എക്സിലും ഫ്ളൈറ്റ് സർജനായിരുന്നു. എയ്റോസ്പെയ്സ് മെഡിസിനിലെ അനുഭവപരിചയമാണ് ബഹിരാകാശത്തോളമുയരാൻ അനിലിന് കരുത്തായത്.
Content Highlights: Indian-origin NASA flight surgeon Dr. Anil Menon, who has family roots in Palakkad, Kerala, has created history by becoming the first Malayali to travel into space as part of the Expedition 74 mission to the International Space Station.