മനുഷ്യ ചര്‍മ്മം കൃത്രിമമായി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍; ചര്‍മരോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണായകം

മനുഷ്യ ചര്‍മ്മം ലബോറട്ടറിയില്‍ കൃത്രിമമായി വികസിപ്പിച്ചെടുത്ത് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ സംഘം. രക്തയോട്ടമുള്ളതും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമവുമാണ് ഈ കൃത്രിമ മനുഷ്യചര്‍മ്മം. ഈ മുന്നേറ്റം ചര്‍മ്മരോഗങ്ങള്‍, പൊള്ളല്‍ തുടങ്ങിയവയ്ക്കുള്ള മികച്ച ചികിത്സയ്ക്ക് വഴിയൊരുക്കിയേക്കുന്നതാണ് പുതിയ കണ്ടെത്തല്‍. വിത്തുകോശങ്ങൾ (സ്റ്റെം സെല്ലുകള്‍) ഉപയോഗിച്ചാണ് രക്തക്കുഴലുകള്‍, രോമകൂപങ്ങള്‍, ഞരമ്പുകള്‍, രോഗപ്രതിരോധ കോശങ്ങള്‍ എന്നിവയോടുകൂടിയ മനുഷ്യ ചര്‍മ്മത്തിന്റെ ഒരു പകര്‍പ്പ് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ സംഘം സൃഷ്ടിച്ചത്.
'ലോകത്ത് എവിടെയും വികസിപ്പിച്ചെടുത്തതില്‍വെച്ച് ജീവനുള്ള ചര്‍മ്മത്തോട് ഏറ്റവും സാമ്യമുള്ള മാതൃകയാണിതെന്ന് ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടിഷ്യു എഞ്ചിനീയറിംഗ് -റീജനറേറ്റീവ് മെഡിസിന്‍ വിഭാഗത്തിലെ ശാസ്ത്രജ്ഞനും മുഖ്യ ഗവേഷകനുമായ അബ്ബാസ് ഷാഫി പറയുന്നു. രോഗങ്ങളെക്കുറിച്ച് പഠിക്കാനും ചികിത്സാരീതികള്‍ കൂടുതല്‍ കൃത്യമായി പരീക്ഷിക്കാനും ഇത് സഹായകമാകും.
ചര്‍മ്മരോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്ന പരിമിതികള്‍ ഒരു പരിധിവരെ മറികടക്കാനാകും. ചര്‍മ്മരോഗങ്ങള്‍ പലതും ചികിത്സിക്കാന്‍ പ്രയാസമാണെന്നിരിക്കെ വിട്ടുമാറാത്ത രോഗങ്ങളുമായി ജീവിക്കുന്ന ആളുകള്‍ക്ക് പ്രത്യാശ നല്‍കുന്ന മുന്നേറ്റമാണിതെന്ന് ഗവേഷകര്‍ പറയുന്നു.
Content Highlights: Scientists grow first fully functional lab-made human skin with blood supply